അമേരിക്കയില്‍ 19 വയസ്സിന് താഴെയുള്ളവരുടെ ലിംഗമാറ്റം തടയല്‍ ലക്ഷ്യമിട്ടുള്ള എക്‌സിക്യൂട്ടിവ് ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ലിംഗമാറ്റത്തിനെതിരാണ് യു.എസ് നിലപാടെന്നും ഇതിനുള്ള എല്ലാ ധനസഹായവും പ്രോത്സാഹനവും നിരോധിക്കുന്ന നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി. ലിംഗമാറ്റം വിനാശകരമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ഭിന്നലിംഗക്കാരെ പരിഗണിക്കുന്ന ബൈഡന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ തിരുത്തുമെന്ന് സ്ഥാനമേറ്റ വേളയില്‍തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. സൈന്യത്തില്‍നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകളെ നീക്കം ചെയ്യാനും നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനായി, സൈന്യത്തില്‍ ഉപയോഗിച്ചുവരുന്ന ഭിന്നലിംഗ സൗഹൃദ നാമങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവില്‍ ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു.
പ്രതിരോധ സെക്രട്ടറിയായി പീറ്റ് ഹെഗ്‌സെത് ചുമതലയേറ്റതിന് പിന്നാലെയാണ് ട്രംപ് തിങ്കളാഴ്ച ഇതിനുള്ള നടപടി സ്വീകരിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികര്‍ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍പോലും അച്ചടക്കവും സത്യസന്ധതയും പുലര്‍ത്തില്ലെന്നും സൈന്യത്തോട് കൂറ് പുലര്‍ത്തില്ലെന്നും ട്രംപ് ആരോപിച്ചു.