വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടത്താന്‍ നിശ്ചയിച്ച കൂടിക്കാഴ്ച മുന്‍തീരുമാനപ്രകാരം ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചരിത്രപ്രധാന കൂടിക്കാഴ്ച റദ്ദാക്കുമെന്ന് ഭീഷണിയുണ്ടെങ്കില്‍ പോലും ഉത്തരകൊറിയ ആണവായുധം ഉപേക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാഷിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ കൂടിക്കാഴ്ചയില്‍നിന്ന് പിന്മാറുന്നതായി ഉത്തരകൊറിയ അമേരിക്കയെ ഔദ്യോഗികമോയി അറിയിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഞങ്ങള്‍ക്ക് അതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടുമില്ല. ഞങ്ങള്‍ ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ അമേരിക്ക ഏകപക്ഷീയമായി സമ്മര്‍ദ്ദം തുടരുകയാണെങ്കില്‍ ഉന്‍-ട്രംപ് കൂടിക്കാഴ്ച റദ്ദാക്കുമെന്ന് ഉത്തരകൊറിയ ഭീഷണി മുഴക്കിയിരുന്നു. അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ ഉത്തരകൊറിയയുടെ ആണവനിരായുധീകരണ നീക്കത്തെ ലിബിയന്‍, ഇറാഖ് ഭരണകൂടങ്ങളുടെ പതനത്തോട് തുലനം ചെയ്ത് സംസാരിച്ചതാണ് ഉത്തരകൊറിയയെ പെട്ടെന്ന് പ്രകോപിപ്പിച്ചത്. 2004ല്‍ ലിബിയയുടെ ആണവ ഭാഗങ്ങള്‍ അമേരിക്കയിലേക്ക് കയറ്റി അയച്ചെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം കേണല്‍ മുഅമ്മര്‍ ഖദ്ദാഫി കൊല്ലപ്പെടുകയായിരുന്നുവെന്ന് ബോള്‍ട്ടന്‍ പറഞ്ഞിരുന്നു. ബോള്‍ട്ടനോട് തങ്ങള്‍ക്കുള്ള അതൃപ്തി മറച്ചുവെക്കുന്നില്ലെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ ഭരണകൂടത്തിനു കീഴില്‍ പ്രവര്‍ത്തിച്ച ബോള്‍ട്ടന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഉത്തരകൊറിയയുടെ നോട്ടപ്പുള്ളിയാണ്. എന്നാല്‍ ട്രംപ്-ഉന്‍ കൂടിക്കാഴ്ച മുന്‍നിശ്ചയപ്രകാരം തന്നെ നടക്കുമെന്ന് വൈറ്റ്ഹൗസ് പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. ഉച്ചകോടിയുമായി മുന്നോട്ടുപോകുമെന്നും ട്രംപ് അതിനുവേണ്ടി തയാറെടുത്തുകൊണ്ടിരിക്കുകയാണെന്നും വൈറ്റ്ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഇത്തരം ഘട്ടങ്ങളില്‍ അസാധാരണമായി ഒന്നും ഉത്തരകൊറിയയുടെ പരാമര്‍ശങ്ങളില്‍ കാണാനാവില്ലെന്നും സാന്‍ഡേഴ്‌സ് വ്യക്തമാക്കി.