വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റെടുക്കാന്‍ ഒരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകര്‍ക്കിടയില്‍ സ്ഥാനമാനങ്ങളെച്ചൊല്ലി തര്‍ക്കം. മന്ത്രിസഭാംഗങ്ങളെ നിശ്ചയിച്ചുകൊണ്ടിരിക്കെ പല പ്രമുഖരെയും ട്രംപ് പുറത്തുനിര്‍ത്തിയത് റിപ്പബ്ലിക്കന്‍ നേതാക്കള്‍ക്കിടയിലും അടുത്ത വൃത്തങ്ങള്‍ക്കിടയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ന്യൂ ജഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിയാണ് പുറത്തായ ഒരു പ്രമുഖന്‍. ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജെറേദ് കുഷ്‌നറാണ് ക്രിസ്റ്റിയെ മാറ്റിയതിനു പിന്നിലെന്ന് റിപ്പോര്‍ട്ടുണ്ട്.
2004ല്‍ കുഷ്‌നര്‍ നികുതി വെട്ടിപ്പിനും അനധികൃത ഫണ്ട് കൈമാറ്റത്തിനും പിടിയിലായി വിചാരണ ചെയ്യപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തപ്പോള്‍ ക്രിസ്റ്റിയായിരുന്നു ന്യൂ ജഴ്‌സി അറ്റോര്‍ണി ജനറല്‍. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഏതെങ്കിലും പോസ്റ്റില്‍ അദ്ദേഹത്തെ നിയമിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. സി.ഐ.എ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മുന്‍ യു.എസ് കോണ്‍ഗ്രസ് അംഗവും ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന മൈക് റോജേഴ്‌സിനും ട്രംപിന്റെ ടീമില്‍ ഇടം ലഭിക്കില്ല. ഭരണത്തില്‍ താനുണ്ടാവില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞു. ക്രിസ്റ്റിയുമായി ഉറ്റബന്ധമുള്ള വ്യക്തിയാണ് റോജേഴ്‌സ്. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ടീമില്‍നിന്ന് ആഗസ്തില്‍ രാജിവെച്ച മുന്‍ കാംപെയിന്‍ മാനേജര്‍ പോള്‍ മനാഫോര്‍ടിന്റെ ആശ്രിതനായി അറിയപ്പെടുന്ന മാത്യു ഫ്രീഡ്മാനും പുറത്തുനില്‍ക്കേണ്ടിവരുമെന്ന് ന്യൂയോര്‍ക് ടൈംസ് പത്രം പറയുന്നു.
എന്നാല്‍ തന്റെ ടീമില്‍ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് ട്രംപ് തള്ളി. വളരെ വ്യവസ്ഥാപിതവും ആസൂത്രിതവുമായ രൂപത്തിലാണ് കാബിനറ്റ് പദവികളും മറ്റ് സ്ഥാനങ്ങളും നിശ്ചയിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അന്തിമ പട്ടികയില്‍ ആരെല്ലാമുണ്ടാകുമെന്ന് അറിയുന്ന ഏക വ്യക്തി താന്‍ മാത്രമാണെന്ന് ട്രംപ് അറിയിച്ചു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഒരാഴ്ചയായി മാന്‍ഹട്ടനില്‍ തന്റെ പേരിലുള്ള അംബരചുംബിയിലാണ് ട്രംപ് താമസിക്കുന്നത്. കാബിനറ്റ് അംഗങ്ങളെ തീരുമാനിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ അദ്ദേഹമെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. 2017 ജനുവരി 20ന് ട്രംപ് പ്രസിഡന്റായി ചുമതലയേല്‍ക്കും. അതിനുമുമ്പ് പ്രധാന പോസ്റ്റുകളിലെ നിയമനങ്ങള്‍ നടത്തിയിരിക്കണം.