X
    Categories: Newsworld

ഇസ്രയേല്‍-യുഎഇ കരാര്‍: ട്രംപിന് സമാധാന നൊബേല്‍ പുരസ്‌കാരത്തിന് ശിപാര്‍ശ

ന്യൂയോര്‍ക്ക്: ഇസ്രയേലും യുഎഇയും തമ്മിലുള്ള നയതന്ത്ര കരാറിന് മധ്യസ്ഥത വഹിച്ച യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തു. നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗമായ ടിബ്രിന്‍ ജെദ്ദൊയാണ് ട്രംപിനെ 2021ലെ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്തത്.

ഇന്ത്യ-പാകിസ്താന്‍ കശ്മീര്‍ തര്‍ക്കത്തിലെ ട്രംപിന്റെ ഇടപെടല്‍ സംബന്ധിച്ചും ടിബ്രിന്‍ നാമനിര്‍ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത മറ്റുള്ള അപേക്ഷകരേക്കാള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനം സൃഷ്ടിക്കാന്‍ ട്രംപ് ശ്രമിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളും യു.എ.ഇയുടെ പാത പിന്തുടരും. യുഎഇ.-ഇസ്രായേല്‍ കരാര്‍ ഒരു വഴിത്തിരിവാകാം. പശ്ചിമേഷ്യയെ അത് സഹകരണത്തിന്റേയും സമൃദ്ധിയുടേയും മേഖലയാക്കി മാറ്റും. ഇന്ത്യ പാകിസ്താന്‍ കശ്മീര്‍ തര്‍ക്കം, ഉത്തര കൊറിയ-ദക്ഷിണ കൊറിയ സംഘര്‍ഷം തുടങ്ങിയ വൈരുദ്ധ്യമുള്ള കക്ഷികള്‍ തമ്മില്‍ സമ്പര്‍ക്കം സുഗമമാക്കുന്നതില്‍ ട്രംപ് സുപ്രധാന പങ്കുവഹിക്കുകയും ചലനാത്മകത സൃഷ്ടിക്കുകയും ചെയ്തു.’- അദ്ദേഹം കുറിച്ചു.

ഓഗസ്റ്റ് 13നാണ് യുഎഇയും ഇസ്രയേലും നയതന്ത്ര കരാറില്‍ ഒപ്പുവച്ചത്. ഈജിപ്തിനും ജോര്‍ദാനും ശേഷം ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന രാഷ്ട്രമാണ് യുഎഇ.

Test User: