X

ട്രംപിനുമേല്‍ പുതിയ ഇടിത്തീ

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കുരുക്കിലാക്കുന്ന ചില സുപ്രധാന രഹസ്യങ്ങള്‍ റഷ്യയുടെ പക്കലുണ്ടെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞയാഴ്ച ഉന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ട്രംപിനെയും പ്രസിഡന്റ് ബറാക് ഒബാമയെയും ഇക്കാര്യം അറിയിച്ചതായി യു.എസ്, ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപിനെക്കുറിച്ചുള്ള വ്യക്തിപരവും സാമ്പത്തികവുമായ രഹസ്യങ്ങളാണ് റഷ്യയുടെ കൈയിലുള്ളത്. വര്‍ഷങ്ങളായി റഷ്യ ട്രംപിനെ സഹായിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

യു.എസ് കോണ്‍ഗ്രസിലെ എട്ട് ഉന്നത നേതാക്കള്‍ക്കും രണ്ടു പേജുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ട്രംപിനെ പ്രതിരോധത്തിലാക്കുന്ന ചില വിവരങ്ങള്‍ റഷ്യയുടെ കൈയിലുണ്ടെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ബ്രിട്ടീഷ് ഇന്റലിജന്‍സ് ഉ്‌ദ്യോഗസ്ഥനാണ് കണ്ടെത്തിയത്. ഇയാള്‍ നല്‍കുന്ന രഹസ്യവിവരങ്ങള്‍ വിശ്വാസ്യയോഗ്യമാണെന്ന് യു.എസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കരുതുന്നു.

1990കളില്‍ റഷ്യയില്‍ ബ്രിട്ടീഷ് ചാരനായി പ്രവര്‍ത്തിച്ചിട്ടുള്ള ഇയാളിപ്പോള്‍ സ്വന്തമായി ഒരു സ്വകാര്യ ഇന്റലിജന്‍സ് ഏജന്‍സി നടത്തുന്നുണ്ട്. ഭാവിയില്‍ ബ്ലാക് മെയില്‍ ചെയ്യാവുന്ന വിധം റഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ട്രംപിനെ കുരുക്കില്‍ വീഴ്ത്തുകയായിരുന്നു. 2013ല്‍ മോസ്‌കോ സന്ദര്‍ശിക്കുന്നതിനിടെ ലൈംഗിക തൊഴിലാളികളോടൊപ്പമുള്ള ട്രംപിന്റെ ചില വീഡിയോ ദൃശ്യങ്ങള്‍ റഷ്യയുടെ കൈയിലുണ്ടെന്ന് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്ത് ട്രംപിന്റെ പ്രതിനിധികളും റഷ്യന്‍ ഉദ്യോഗസ്ഥരും തമ്മില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇമെയിലുകള്‍ ചോര്‍ത്തുന്നതിനെക്കുറിച്ചും പ്രചാരണത്തിലെ മറ്റു പ്രശ്‌നങ്ങളുമായിരുന്നു അവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാ വിഷയം. ട്രംപ് ടീമിന്റെ പൂര്‍ണ അറിവോടും പിന്തുണയോടെയുമാണ് ഇമെയിലുകള്‍ ചോര്‍ത്തിയതെന്ന് ഒരു റഷ്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. പ്രേഗില്‍ റഷ്യന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മിഷേല്‍ കോഹനായിരുന്നു. റിയല്‍ എസ്‌റ്റേറ്റ് വ്യവസായി എന്ന നിലയില്‍ ട്രംപ് പലവട്ടം മോസ്‌കോ സന്ദര്‍ശിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി റഷ്യന്‍ ഭരണകൂടം ട്രംപിനെ പിന്തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

chandrika: