ന്യൂയോര്‍ക്ക്: ടൈം മാഗസിന്റെ 2016-ലെ ‘പേഴ്‌സണ്‍ ഓഫ് ദി ഇയര്‍’ ആയി നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ തെരഞ്ഞെടുത്തു. അതതു വര്‍ഷങ്ങളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വ്യക്തികളെയാണ് ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി ഡിസംബറില്‍ പ്രഖ്യാപിക്കുന്നത്. ഇത്തവണ ഇതിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ നരേന്ദ്ര മോദി മുന്നിലെത്തിയിരുന്നെങ്കിലും വിദഗ്ധ പാനലിന്റെ മുന്നില്‍ തള്ളിപ്പോവുകയായിരുന്നു.
റിയല്‍ എസ്റ്റേറ്റ് ഭീമനായ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനി ആയതിനു ശേഷം ലോകമെങ്ങും ശ്രദ്ധാകേന്ദ്രമായി. ഒടുവില്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തി തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു.
ഓണ്‍ലൈന്‍ പോളില്‍ മുന്നിലെത്തിയെങ്കിലും അന്തിമ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ നരേന്ദ്ര മോദി എത്തിയില്ല. ഹിലരി ക്ലിന്റണ്‍, ഹാക്കര്‍മാര്‍, തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് എര്‍ദോഗന്‍, കാന്‍സര്‍ ചികിത്സാ രംഗത്ത് നിര്‍ണായക സംഭാവന നല്‍കിയ ഇഞകടജഞ ശാസ്ത്രജ്ഞര്‍, പോപ്പ് ഗായിക ബിയോണ്‍സ് എന്നിവരാണ് അന്തിമ തെരഞ്ഞെടുപ്പിന് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടത്.
നേരത്തെ, ഓണ്‍ലൈന്‍ പോളില്‍ നരേന്ദ്ര മോദി മുന്നിലെത്തിയപ്പോള്‍ സംഘ് പരിവാര്‍ അനുകൂലികള്‍ വന്‍ ആഘോഷമാക്കിയിരുന്നു. ടൈം മാഗസിന്‍ മോദിയെ തെരഞ്ഞെടുത്തെന്നും ഇത് രാജ്യത്തിനുള്ള അംഗീകാരമാണെന്നും കേന്ദ്രമന്ത്രി അനന്ത് കുമാര്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയും ചെയ്തു.
എന്നാല്‍, ഓണ്‍ലൈന്‍ പോള്‍ മാത്രം അടിസ്ഥാനമാക്കിയല്ല അന്തിമ തെരഞ്ഞെടുപ്പ് നടത്തുന്നത്. 2014-ല്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ പോളിങില്‍ മുന്നിലെത്തിയിരുന്നു. അന്ന് മോദിയെയാണ് കേജ്രിവാള്‍ പിന്തള്ളിയത്. എന്നാല്‍, എബോളക്കെതിരെ പോരാട്ടം നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് അന്ന് നറുക്കുവീണത്.