വാഷിങ്ടണ്‍: ഇന്ത്യയെ അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ട്രംപ് പറഞ്ഞു. ചൈനയേയും റഷ്യയേയും ഇന്ത്യയേയും നോക്കൂ, അവിടെയെല്ലാം വായു മലിനമാണെന്നാണ് ട്രംപിന്റെ അധിക്ഷേപം. കാലാവസ്ഥ സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറാനുള്ള തന്റെ തീരുമാനത്തെയും ട്രംപ് ന്യായീകരിച്ചു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അവസാന സംവാദത്തിനിടെയാണ് ട്രംപ് ഇന്ത്യക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
യുഎസിന് ട്രില്യണ്‍ ഡോളര്‍ എടുക്കേണ്ടിവന്നു. അതിനാല്‍ പാരീസ് ഉടമ്പടിയില്‍ നിന്ന് പുറത്തുപോയി, തങ്ങളോട് അന്യായമായാണ് ഉടമ്പടിയില്‍ പെരുമാറിയതെന്നും ട്രംപ് കുറ്റപ്പെടുത്തി.
ജയിച്ചാല്‍ ആദ്യം എന്തു ചെയ്യും എന്ന ചോദ്യത്തിന് ചൈന പ്ലേഗ് പരത്തുന്നതിന് മുമ്പ് അമേരിക്കയെ സജ്ജമാക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വോട്ട് ചെയ്യാത്തവര്‍ക്കും ചെയ്തവര്‍ക്കും പ്രതീക്ഷകള്‍ നല്‍കുമെന്നായിരുന്നു ബൈഡന്റെ മറുപടി. കെട്ടുകഥകള്‍ക്ക് മേലെ ശാസ്ത്രചിന്തകള്‍ ഉയര്‍ത്തിപ്പിടിക്കും. കോവിഡ് വ്യാപനം തടയാന്‍ ട്രംപിന് വ്യക്തമായ പദ്ധതിയില്ലെന്നും കറുത്ത തണുപ്പുകാലത്തേക്കാണ് രാജ്യം നീങ്ങുന്നതെന്നും ബൈഡന്‍ ആരോപിച്ചു.