വാഷിംഗ്ടണ്‍: യുഎസിലെ കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഡൊണള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ നടത്തിയ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്യാനൊരുങ്ങുന്നു. തിങ്കളാഴ്ച ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചു. കലാപങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കിയെന്ന് ആരോപിച്ചാണ് നടപടി. സ്ഥാനമൊഴിയില്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ഈ നീക്കം ട്രംപിന് വലിയ തിരിച്ചടിയാണ്. രണ്ടാംതവണയാണ് ട്രംപ് ഇംപീച്ച്‌മെന്റ് നടപടി നേരിടുന്നത്.
അധികാരദുര്‍വിനിയോഗം ആരോപിച്ച് 2019ല്‍ ജനപ്രതിനിധി സഭ പ്രമേയം പാസാക്കിയെങ്കിലും പിന്നീട് സെനറ്റ് തള്ളുകയായിരുന്നു. ട്രംപ് സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുകയാണെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. നേരത്തെ ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് താല്‍കാലികമായി വിലക്കിയിരുന്നു. ഫെയ്‌സ്ബുക്ക് അക്കൗണ്ട് പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നതുവരെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.