” ഞങ്ങള്‍ ഇവിടെവന്നിരിക്കുന്നത് പ്രസംഗിക്കാനല്ല. മറ്റുള്ളവര്‍ എങ്ങനെ ജീവിക്കണമെന്നോ, എന്തുചെയ്യണമെന്നോ, എങ്ങനെയാവണമെന്നോ, എങ്ങനെ ആരാധന നടത്തണമെന്നോ പറയാനുമല്ല. പകരം നമ്മുടെ മികച്ചഭാവിക്കുവേണ്ടിയുള്ള സമാനതാല്‍പര്യങ്ങളും മൂല്യങ്ങളും പങ്കുവെക്കുന്നതിനെക്കുറിച്ച് സംസാരിക്കാനാണ്.. ലോകത്തിലെ മഹത്തായ വിശ്വാസങ്ങളിലൊന്നാണ് ഇസ്്‌ലാം.. ഇസ്‌ലാമിക തീവ്രവാദം കൊണ്ടുള്ള പ്രതിസന്ധി ഇല്ലാതാക്കുന്നതിന് മുസ്്‌ലിംലോകം മുന്‍കയ്യെടുക്കണം.’ കഴിഞ്ഞ ജനുവരിയില്‍ അമേരിക്കയുടെ പ്രസിഡണ്ടായി ചുമതലയേറ്റശേഷം നടത്തിയ പ്രഥമവിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി സഊദിഅറേബ്യയിലെത്തിയ ഡൊണാള്‍ഡ് ജോണ്‍ ട്രംപിന്റേതാണ് ഈ വാക്കുകള്‍. അമ്പത് അറബ്-മുസ്്‌ലിം രാഷ്ട്രങ്ങളുടെ നേതാക്കള്‍ സംബന്ധിച്ച സമ്മേളനത്തിലായിരുന്നു സഊദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ട്രംപിന്റെ ചരിത്രപരമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന പ്രസംഗം. ശനിയാഴ്ച റിയാദില്‍ ട്രംപിന് രാജകീയവരവേല്‍പാണ് ലഭിച്ചത്. ഭീകരപ്രവര്‍ത്തകരെ നിങ്ങളുടെ ആരാധനാലയങ്ങളില്‍ നിന്നും സമുദായത്തില്‍ നിന്നും പുറത്താക്കൂ എന്ന ട്രംപിന്റെ വാക്കുകള്‍ ലോകം, പ്രത്യേകിച്ച് പാശ്ചാത്യലോകം ഇന്ന് നേരിടുന്ന തീവ്രവാദഭീഷണിയുടെ തീവ്രത വിളിച്ചോതുന്നതാണെന്ന കാര്യത്തില്‍ ലവലേശം സംശയമില്ല.
അധികാരത്തിലേറിയ ശേഷം സ്വന്തം രാജ്യക്കാരോട് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസംഗവും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം സ്വീകരിച്ച ചില നടപടികളും കൂടി ഈയവസരത്തില്‍ കൂട്ടിവായിക്കുന്നത് നന്നായിരിക്കും. മിതവാദിയായ തന്റെ മുന്‍ഗാമി ബറാക്ഹുസൈന്‍ ഒബാമയെ കണക്കിന് ശകാരിച്ചും പരിഹസിച്ചുമായിരുന്നു ട്രംപിന്റെ പ്രസിഡണ്ട് പദവിയിലേക്കുള്ള തിരഞ്ഞെടുപ്പുപ്രചാരണം. ഇതില്‍ അധികവും അദ്ദേഹം ചെവലഴിച്ചത് മുസ്്‌ലിംകള്‍ക്കെതിരായ വിമര്‍ശനത്തിനായിരുന്നു. ലോകത്തെ ഭീകരവാദവും തീവ്രവാദവും ഇസ്്‌ലാമിന്റെയും അതിന്റെ അനുയായികളുടെയും തലയില്‍ കെട്ടിവെക്കുന്ന പാശ്ചാത്യ-യൂറോപ്യന്‍ രീതിതന്നെയാണ് ട്രംപിന്റേതുമെന്ന് അന്നുതന്നെ ലോകം തിരിച്ചറിഞ്ഞതാണ്. അതിനുള്ള മികച്ചഉദാഹരണമായിരുന്നു അധികാരമേറ്റ് ഒരാഴ്ചക്കകം ഏഴ് മുസ്്‌ലിം രാജ്യങ്ങളില്‍- ഇറാന്‍, ഇറാഖ്, സിറിയ, സുഡാന്‍, ലിബിയ, സോമാലിയ, യമന്‍ – നിന്നുള്ളവര്‍ക്ക് തന്റെ രാജ്യത്തേക്ക് വിസ നിഷേധിച്ചുകൊണ്ടുള്ള ട്രംപിന്റെ കാടന്‍ഉത്തരവ്. വൈകാതെ തന്നെ ആഭ്യന്തരയുദ്ധം കത്തിയാളുന്ന സിറിയയിലും അഫ്ഗാനിസ്ഥാനിലും ബോംബ് വര്‍ഷിച്ച് നിരപരാധികളെ കൂട്ടക്കൊല നടത്താനും ട്രംപ് ഭരണകൂടം തയ്യാറായി.
അറബ് -മുസ്്‌ലിം മേഖലയിലെ അമേരിക്കയുടെ നിക്ഷിപതതാല്‍പര്യങ്ങള്‍ക്ക് പതിറ്റാണ്ടുകളോളം പഴക്കമുണ്ട്. ഭരണകൂടമേതായാലും അറേബ്യയിലെ എണ്ണനിക്ഷേപത്തിലായിരുന്നു യാങ്കികളുടെ എക്കാലത്തെയും കണ്ണ്. എണ്‍പതികളിലെ ഇറാന്‍ -ഇറാഖ് യുദ്ധത്തില്‍ പലതവണയായി ഇരുപക്ഷത്തുമായി പക്ഷംപിടിച്ച അമേരിക്കയാണ് ഒടുവില്‍ കുവൈത്ത് അധിനിവേശത്തിന്റെ പേരില്‍ മെസോപൊട്ടാമിയ എന്ന പുരാതനരാജ്യത്തെ തകര്‍ത്തുതരിപ്പണമാക്കുകയും പ്രസിഡണ്ട് സദ്ദാംഹുസൈനെ തൂക്കിലേറ്റിയതും. ഇറാഖില്‍ രാസായുധമുണ്ടെന്നുപറഞ്ഞായിരുന്നു ആക്രമണമെങ്കില്‍ യുദ്ധം കഴിഞ്ഞപ്പോള്‍ അത് വ്യാജആരോപണമായിരുന്നുവെന്നായിരുന്നു അമേരിക്കയുടെ തന്നെ വെളിപ്പെടുത്തല്‍. തീവ്രവാദക്കൂട്ടമായ താലിബാനെ ചെല്ലും ചെലവും നല്‍കി വളര്‍ത്തിയത് തങ്ങളാണെന്ന് പറഞ്ഞതും മറ്റാരുമല്ല. ഒബാമയുടെ കാലത്ത് താരതമ്യേന മെച്ചപ്പെട്ടബന്ധം ഇറാനുമായി നിലനിര്‍ത്താന്‍ അമേരിക്കക്ക് കഴിഞ്ഞെങ്കിലും കൂടുതല്‍രൂക്ഷമായ രീതിയിലാണിപ്പോള്‍ ട്രംപിന്റെ നീക്കം. അമേരിക്ക- ഇറാന്‍ ആണവകരാര്‍ റദ്ദാക്കുമെന്നുവരെ ട്രംപ്ഭരണകൂടം സൂചിപ്പിച്ചുകഴിഞ്ഞു. ഇതിനിടെതന്നെയാണ് ഇറാന്‍ജനത റൂഹാനിസര്‍ക്കാരിന് രണ്ടാമതും അവസരം നല്‍കിയിരിക്കുന്നത്.
അതേസമയം അറബ്‌മേഖലയിലെ ഭീഷണിയായി നിലകൊള്ളുന്ന ഇറാനെ ഏതുവിധേനയും പാഠം പഠിപ്പിക്കണമെന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന സഊദി അറേബ്യയെ സംബന്ധിച്ചിടത്തോളം ട്രംപ് നല്ലൊരു കൂട്ടുതന്നെ. അന്താരാഷ്ട്രഭീകരവാദത്തിന്റെ കുന്തമുനയാണ് ഇറാനെന്ന സല്‍മാന്‍രാജാവിന്റെ ട്രംപിന്റെ സാന്നിധ്യത്തിലുള്ള പ്രസ്താവന ഇത് വെളിപ്പെടുത്തുന്നുണ്ട്. ഉച്ചകോടിയില്‍ വെച്ച് വിവിധഅറേബ്യന്‍ രാജ്യത്തലവന്മാരുമായി ട്രംപ് പ്രത്യേകം കൂടിക്കാഴ്ചനടത്തുകയുണ്ടായി. മേഖലയിലെ മറ്റൊരുപ്രധാനശക്തിയായ ഈജിപ്തുമായും ബഹറൈന്‍, കുവൈത്ത് തുടങ്ങിയവയുമായും നല്ല സഹകരണത്തിനാണ് ട്രംപ് ശ്രമിക്കുന്നതെന്ന്് ട്രംപിന്റെ സംഭാഷണവിവരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്് . സിറിയയില്‍ ബഷറുല്‍ അസദുമായി ചേര്‍ന്നുകൊണ്ടുള്ള അമേരിക്കന്‍ -സഊദി വിരുദ്ധ ആക്രമണമാണ് ഇറാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സിറിയിയൊഴിച്ചാല്‍ റഷ്യയുമായി ട്രംപ് ഭരണകൂടം സഹകരണമനോഭാവമാണ് പ്രകടിപ്പിക്കുന്നത്. ‘അമേരിക്ക ആദ്യം’ എന്ന ട്രംപിന്റെ പ്രഖ്യാപനമാണ് ഇവിടെ പുലരുന്നതെന്നാണ് നാം തിരിച്ചറിയേണ്ടത്. തങ്ങളുടെ സാമ്പത്തിക-സൈനിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ഏകോന്മുഖതന്ത്രമാണ് അമേരിക്കക്ക് എന്നുമുള്ളത്. മുസ്്‌ലിംകളുടെയും അറേബ്യയുടെയും കാര്യത്തിലും അത് വ്യത്യസ്തമല്ലെന്ന് പലതവണ തെളിയിക്കപ്പെട്ടിട്ടുളളതുമാണ്. റഷ്യയുമായിചേര്‍ന്ന് പ്രസിഡണ്ട് തിരഞ്ഞെടുപ്പുകാലത്ത് ഒബാമഭരണകൂടത്തിന്റെ വിലപ്പെട്ടഫയലുകള്‍ ചോര്‍ത്തിയെന്ന കുറ്റത്തിന് ട്രംപ് അന്വേഷണം നേരിടുകയാണ്. അമേരിക്കകത്തെ ഇത്തരം പുകച്ചുരുളുകളില്‍ നിന്ന് രക്ഷപ്പെടുന്നതിനും ഈ സന്ദര്‍ശനം ട്രംപ് ഉപാധിയാക്കുന്നുണ്ടാവണം.
തീവ്രവാദത്തെയും ഭീകരപ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന കാര്യത്തില്‍ മുസ്്‌ലിംലോകത്തിന് ആരുടെയും പ്രത്യേകശുപാര്‍ശ ആവശ്യമില്ല. ഇസ്്‌ലാമും വിശുദ്ധഖുര്‍ആനും അസമാധാനത്തിനും നിരപരാധികളുടെ കൊലപാതകത്തിനുമെതിരെ മികച്ച താക്കീതുകള്‍ നല്‍കിയിട്ടുണ്ട്. അത് മുസ്്‌ലിംകള്‍ക്ക് മാത്രമല്ല, അമേരിക്കക്കും മനുഷ്യര്‍ക്കാകെയും ബാധകമാണ്. ഐക്യരാഷ്ട്രസഭയില്‍ ഇസ്രാഈലിന് അനുകൂലമായി എത്രതവണയാണ് ആരാജ്യം വീറ്റോ പ്രയോഗിച്ചിട്ടുള്ളത്. ഗ്വാണ്ടനാമോയിലും നിക്കരാഗ്വയിലും വിയറ്റ്‌നാമിലും ജപ്പാനിലുമെന്നുവേണ്ട ലോകത്താകെ ലക്ഷക്കണക്കിന് നിരപരാധികളെ കൂട്ടക്കുരുതി നടത്തിയ ചോരയുടെ ചരിത്രമുള്ള അമേരിക്കന്‍ഭരണകൂടവും ഡൊണാള്‍ഡ്‌ജോണ്‍ട്രംപും റിയാദ് പ്രസംഗത്തിനു ശേഷമെങ്കിലും ഒരാത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും. ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യക്കാരെയും സ്വന്തംപൗരന്മാരായ കറുത്തവര്‍ഗക്കാരെയും വെടിവെച്ചുകൊല്ലുന്ന സ്വന്തം നാട്ടുകാരോട് ട്രംപിന് എന്താണ് പറയാനുള്ളത്. എട്ടുകൊല്ലം മുമ്പ് കൈറോവില്‍ ബറാക്ഒബാമ മുസ്്‌ലിംലോകത്തോടായി നടത്തിയ പ്രഭാഷണത്തില്‍ തന്റെ രാജ്യം നടത്തിയിട്ടുള്ള തെറ്റുകളെക്കുറിച്ചെല്ലാം ഏറ്റുപറഞ്ഞിരുന്നു. അവയും തിരുത്തലുകളും കൂടിയാകുമ്പോഴേ ഈ ഉപദേശം അധരവ്യായാമമല്ലാതാകൂ.