X

‘ട്രംപ് പ്രസിഡന്റാകാന്‍ ആഗ്രഹിച്ചിരുന്നില്ല, ജയിച്ചത് അബദ്ധത്തില്‍’; വെളിപ്പെടുത്തലുമായി മൈക്കിള്‍ വൂള്‍ഫ്

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റാകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. യു.എസ് മാധ്യമപ്രവര്‍ത്തകന്‍ മൈക്കിള്‍ വൂള്‍ഫ് എഴുതിയ ഫയര്‍ ആന്റ് ഫ്യൂറി: ഇന്‍സൈഡ് ദി ട്രംപ് വൈറ്റ് ഹൗസ് എന്ന പുസ്തകത്തിലാണ് നിര്‍ണായകമായ വെളിപ്പെടുത്തല്‍. പ്രസിഡന്റാകാന്‍ ട്രംപിനു താല്‍പര്യമില്ലായിരുന്നു.

ലോക പ്രശസ്തനാകുക മാത്രമാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിലൂടെ ട്രംപ് ലക്ഷ്യമിട്ടിരുന്നത്. മത്സരിക്കുന്നതോടെ ലോകത്തെ ഏറ്റവും പ്രശസ്തനായ വ്യക്തിയായി മാറാന്‍ കഴിയുമെന്ന് തന്റെ അനുയായിയായ സാം നണ്‍ബര്‍ഗിനോട് ട്രംപ് ഒരിക്കല്‍ പറഞ്ഞിരുന്നു.

സുഹൃത്തും ഫോക്‌സ് ന്യൂസ് മേധാവിയുമായ റോജര്‍ ഏലിസിന്റെ നിര്‍ദേശപ്രകാരമാണ് പ്രശസ്തിക്കുവേണ്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പെന്ന ആശയം ട്രംപിന്റെ തലയിലുദിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പ്രഥമ വനിത ആനന്ദാശ്രൂവിനു പകരം സങ്കടകണ്ണീരാണ് പൊഴിച്ചതെന്നും പുസ്തകത്തില്‍ പറയുന്നു.

എന്നാല്‍ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്റേഴ്‌സ് നിഷേധിച്ചു. പുസ്തകത്തിലെ വിവരങ്ങള്‍ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് മാഗസിന്‍ ‘ഡൊണാള്‍ഡ് ട്രംപ് ഡിസ് നോട്ട് വാണ്ട് ടു ബി പ്രസിഡന്റ്’ എന്ന തലക്കെട്ടോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാന്റേഴ്‌സ് വിശദീകരണവുമായി രംഗത്തുവന്നത്.

പുസ്തകം എഴുതിയ മാധ്യമപ്രവര്‍ത്തകന്‍ ട്രംപ് അധികാരത്തില്‍ വന്നതിനു ശേഷം ഒരു തവണ മാത്രമാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നും അത് ഏഴു മിനിറ്റു മാത്രമാണ് നീണ്ടുനിന്നതെന്നും സാന്റേഴ്‌സ് പറഞ്ഞു.

എന്നാല്‍ സാന്റേഴ്‌സ് പറയുന്നത് വ്യാജമാണെന്നും തെരഞ്ഞെടുപ്പ് ദിവസം മുതല്‍ കഴിഞ്ഞ ഒക്ടോബര്‍ വരെ പല ദിവസങ്ങളിലായി ട്രംപിനെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും നേരില്‍ കണ്ടാണ് പുസ്തകം തയാറാക്കിയതെന്ന് വൂള്‍ഫിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.

chandrika: