വാഷിങ്ടണ്‍: കാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്ത അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍. കുറ്റക്കാരന്‍ ആണോ എന്ന് വിധിക്കാനുള്ള സെനറ്റ് വിചാരണ ഇന്ത്യന്‍ സമയം ഞായറാഴ്ച രണ്ടര മണിയോടെയാണ് പൂര്‍ത്തിയായത്. പ്രമേയത്തെ 57 പേര്‍ അനുകൂലിച്ചെങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ കുറ്റക്കാരനെന്ന് വിധിക്കാനായില്ല.
ഇത് രണ്ടാം തവണയാണ് സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കുന്നത്. 2019 ഡിസംബറിലും ഈ വര്‍ഷം ജനവരി 13നും ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. ഈ വര്‍ഷം ജനുവരി ആറിന് കാപിറ്റോളിന് നേരെയുണ്ടായ ട്രംപ് അനുകൂലികളുടെ ആക്രമണം അദ്ദേഹത്തിന്റെ പ്രേരണയാലാണെന്ന ആരോപണമാണ് ജനപ്രതിനിധിസഭയുടെ മുന്നിലെത്തിയത്.