X

മുസ്‌ലിം വിരുദ്ധരെ കുത്തിനിറച്ച് ട്രംപ് ടീം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റാകാന്‍ തയാറെടുക്കുന്ന ഡൊണാള്‍ഡ് ട്രംപ് ഭരണത്തിന്റെ ഉന്നത പദവികളില്‍ മുസ്‌ലിം വിരുദ്ധരെയും വലതുപക്ഷ തീവ്രവാദികളെയും പ്രതിഷ്ഠിച്ച് പുതിയ ടീമിനെ ഒരുക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അദ്ദേഹം നിര്‍ദ്ദേശിച്ച മൈക്കിള്‍ ഫ്‌ളിന്‍ കടുത്ത മുസ്‌ലിം വിമര്‍ശകനാണ്. മുസ്്‌ലിംകളെ ഭയപ്പെടുന്നതില്‍ തെറ്റില്ലെന്നും ഇസ്്‌ലാമിക ആശയങ്ങള്‍ രോഗാതുരമാണെന്നുമുള്ള ഫ്‌ളിന്നിന്റെ പ്രസ്താവനകള്‍ വന്‍ വിവാദമായിരുന്നു. മതത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ സിദ്ധാന്തമെന്നാണ് അദ്ദേഹം ഇസ്‌ലാമിനെ വിശേഷിപ്പിച്ചിരുന്നത്. ഫ്രാന്‍സിലെ നീസിലുണ്ടായ ആക്രമണത്തിനുശേഷം അറബ്, ഗള്‍ഫ് രാഷ്ട്രനേതാക്കളെ ട്വിറ്ററിലൂടെ വെല്ലുവിളിക്കകയും ചെയ്തിരുന്നു.


മുസ്‌ലിംകളെ അമേരിക്കയിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന ട്രംപിന്റെ പ്രസ്താവനയെ ന്യായീകരിച്ച വ്യക്തിയുമാണ് ഫ്‌ളിന്‍. മൂന്ന് ദശകത്തോളം യു.എസ് സേനയില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം 2012 മുതല്‍ 2014 വരെ പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ടറായിരുന്നു. റഷ്യയുമായി ഏറ്റുമുട്ടുന്ന രീതി അവസാനിപ്പിക്കണമെന്ന പക്ഷക്കാരന്‍ കൂടിയാണ് അദ്ദേഹം. റഷ്യയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ റഷ്യ ടുഡേയില്‍ നിരവധി തവണ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഫ്‌ളിന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായി വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ ഇ-മെയില്‍ കേസില്‍ ജയിലിലടക്കണമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
സി.ഐ.എ ഡയറക്ടര്‍ സ്ഥാനത്തേക്ക് ട്രംപ് കണ്ടുവെച്ചിരിക്കുന്ന മൈക് പോംപിയോയും മുസ്‌ലിം വിരോധത്തില്‍ ഒട്ടും പിറകിലല്ല. ഭീകരവാദത്തിനെതിരെ അമേരിക്കയിലെ മുസ്‌ലിം നേതാക്കള്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇറാനുമായുള്ള ആണവ കരാറിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് പോംപിയോ.
അറ്റോണി ജനറലായി ട്രംപ് നാമനിര്‍ദേശം ചെയ്തിരിക്കുന്ന ജെഫ് സെഷന്‍സ് അമേരിക്കയിലേക്കുള്ള മുസ്‌ലിം കുടിയേറ്റം തടയണമെന്ന അഭിപ്രായക്കാരനാണ്. വെള്ളക്കാരുടെ ആധിപത്യത്തിനുവേണ്ടി ശക്തമായി വാദിക്കുന്ന സ്റ്റീഫ് ബാനിനെയാണ് ട്രംപ് നയതന്ത്ര ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നത്. മുസ്‌ലിം വിരുദ്ധ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ചവരെ നിയമിക്കുന്നതില്‍ തങ്ങള്‍ അസ്വസ്ഥരാണെന്ന് അമേരിക്കന്‍ പൗരാവകാശ സംഘടനകളും മുസ്‌ലിം നേതാക്കളും പറഞ്ഞു. അമേരിക്ക ഇസ്‌ലാം മതവുമായി യുദ്ധത്തിലാണന്ന ധാരണ ബലപ്പെടാന്‍ പുതിയ നിയമനങ്ങള്‍ കാരണമാകുമെന്ന് ഇപ്പോഴത്തെയും മുമ്പത്തേയും ഭരണകൂടങ്ങളിലെ പ്രമുഖര്‍ക്കും അഭിപ്രായമുണ്ട്.

chandrika: