X

വര്‍ഗീയ വിഷം ചീറ്റി വീണ്ടും ട്രംപ്; മുസ്‌ലിം അഭയാര്‍ത്ഥി നിയന്ത്രണ ഉത്തരവില്‍ ഒപ്പുവെച്ചു

വാഷിങ്ടണ്‍: മുസ്‌ലിം രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറ്റം നിയന്ത്രിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യമന്‍ എന്നീ ഏഴു രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കാണ് നിയന്ത്രണം. സിറിയയില്‍ നിന്ന് അഭയാര്‍ത്ഥികള്‍ എത്തുകയാണെങ്കില്‍ ക്രിസ്ത്യാനികള്‍ക്കായും പ്രഥമ പരിഗണനയെന്ന് ട്രംപ് തുറന്നടിച്ചു.
ഇസ്‌ലാമിക ഭീകരരെ രാജ്യത്ത് ആവശ്യമില്ലെന്ന് പറഞ്ഞ ട്രംപ് അമേരിക്കയെ പിന്തുണക്കുന്നവരെയും രാജ്യത്തെ ജനങ്ങളെ അഗാധമായി സ്‌നേഹിക്കുന്നവരെയും മാത്രമാണ് തങ്ങള്‍ക്കാവശ്യമെന്നു പറഞ്ഞു. ‘വേള്‍ഡ് ട്രേഡ് സെന്റ് ആക്രമണ സംഭവത്തില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഞങ്ങള്‍ ഒരിക്കലും മറക്കില്ല. പെന്റഗണില്‍ ജീവന്‍ നഷ്ടമായവരെയും ഞങ്ങള്‍ മറക്കില്ല. വാക്കുകള്‍ കൊണ്ടു മാത്രമല്ല നടപടികള്‍ കൊണ്ടും ഞങ്ങള്‍ ആക്രമണത്തിനിരയായവരോട് ആദരവ് കാണിക്കും. അതാണ് ഇപ്പോള്‍ അമേരിക്കയില്‍ ഞാന്‍ ചെയ്യുന്നത്’- ട്രംപ് പറഞ്ഞു.
പ്രൊട്ടക്ഷന്‍ ഓഫ് ദ നേഷന്‍ ഫ്രം ഫോറിന്‍ ടെററിസ്റ്റ് എന്‍ട്രി ഇന്‍ടു ദ യു.എസ് എന്ന പേരിലാണ് ഉത്തരവ്. ഇതുപ്രകാരം രാജ്യത്തെ അഭയാര്‍ത്ഥികളെ പൂര്‍ണമായും നിയന്ത്രിക്കാനാകുമെന്നാണ് ട്രംപ് വിശ്വസിക്കുന്നത്. എന്നാല്‍ ട്രംപിന്റെ പുതിയ ഉത്തരവിനെ അപലപിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയും മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നു. മുസ്‌ലിം വിഭാഗത്തോടുള്ള കടുത്ത വിവേചനമാണ് ഉത്തരവില്‍ പ്രകടമാകുന്നത്. അഭയാര്‍ത്ഥികളില്‍ ക്രിസ്ത്യാനികള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന ട്രംപിന്റെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

chandrika: