വാഷിങ്ടണ്‍: രാജ്യത്ത് ഭരണസ്തംഭനം ഒഴിവാക്കാന്‍ താന്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ നിരസിച്ച പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. താന്‍ സംസാരിക്കുന്നതിന് മുമ്പ് തന്നെ ഡെമോക്രാറ്റുകള്‍ വാഗ്ദാനങ്ങള്‍ തള്ളി. ഇത് തീര്‍ത്തും തെറ്റായ നടപടിയാണ്. ഡെമോക്രാറ്റുകള്‍ക്ക് അവര്‍ ഒരിക്കലും ജയിക്കാത്ത 2020ലെ തെരഞ്ഞെടുപ്പിനെ കുറിച്ച് മാത്രമാണ് ചിന്തയെന്നും ട്രംപ് പറഞ്ഞു.
യു.എസ്-മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില് നിർമിക്കുന്നതിനു പകരം കുടിയേറ്റക്കാർക്ക് ചില ഇളവുകൾ നൽകാമെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം. ഡ്രീമേഴ്സ് എന്നറിയപ്പെടുന്ന വളരെ ചെറുപ്പത്തിലേ മതിയായ രേഖകളില്ലാതെ യു.എസിലെത്തിയ കുടിയേറ്റക്കാരെ മൂന്നു വർഷംകൂടി യു.എസിൽ താമസിക്കാൻ അനുവദിക്കാമെന്നും പകരം മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയാൻ ഫണ്ട് അനുവദിക്കണമെന്നുമായിരുന്നു ട്രംപിന്റെ ആവശ്യം.
മതിൽ നിർമാണത്തിന് 570 കോടി ഡാളറാണ് ട്രംപ് ആവശ്യപ്പെട്ടത്. മതിൽ നിർമിക്കാന്‍ അനുമതി നൽകുന്നതോടെ രാജ്യത്തെ ഭാഗിക ഭരണസ്തംഭനം ഒഴിവാക്കാനാവുമെന്നാണ് ട്രംപ് മുന്നോട്ടുവെക്കുന്ന നിർദേശം. ഏഴു ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരാണ് യു.എസിലുള്ളത്. ഇവര്‍ക്ക് പൗരത്വമില്ലെങ്കിലും യു.എസില്‍ ജോലി ചെയ്യാമെന്നും നാടു കടത്താന്‍ കഴിയില്ലെന്നുമാണ് വ്യവസ്ഥ. ഇത് മൂന്നു വര്‍ഷത്തേക്കുകൂടി നീട്ടാമെന്നതാണ് പുതിയ വ്യവസ്ഥ. യുദ്ധക്കെടുതികള്കൊണ്ട് നാടുവിട്ട് വരുന്നവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് വിസ നീട്ടി നല്‍കാമെന്നും ട്രംപ് പറഞ്ഞു.