അശ്റഫ് തൂണേരി
ദോഹ: ഫിഫ ലോക കപ്പ് വിജയകരമായി സംഘടിപ്പിച്ച ഖത്തര്‍ മറ്റൊരു ലോക കായിക മത്സരം കൂടി വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. മധ്യ പൂര്‍വ്വ ഏഷ്യ-വടക്കന്‍ ആഫ്രിക്ക മേഖലകളില്‍ ആദ്യമായി അരങ്ങേറുന്ന ഫിബ ബാസ്‌ക്കറ്റ്ബോള്‍ ലോകകപ്പ് മത്സരത്തിന് 2027-ലാണ് ദോഹ ആതിഥേയത്വം വഹിക്കുകയെന്നു സംഘാടകര്‍ അറിയിച്ചു. ഫിലിപ്പിന്‍സ് തലസ്ഥാനമായ മനിലയില്‍ ഇന്റര്‍നാഷണല്‍ ബാസ്‌കറ്റ് ബോള്‍ ഫെഡറേഷനായ ഫിബ (ഫെഡറേഷന്‍ ഇന്റര്‍നാഷണലെ ഡി ബാസ്‌കറ്റ്‌ബോള്‍) നടത്തിയ വേദി പ്രഖ്യാപന ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ ബാസ്‌ക്കറ്റ്ബോള്‍ ഫെഡറേഷനാണ് (ക്യു.ബി.എഫ്) സംഘാടന അനുമതി. മത്സരം നടത്താന്‍ ഒതുക്കമുള്ള ഭൂമിശാസ്ത്രവും ആരാധകര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനുള്ള ടൂര്‍ണമെന്റ് വേദികളും ദോഹയുടെ പ്രത്യേകതയാണെന്ന് ഫിബ ചൂണ്ടിക്കാട്ടി. യാത്രയില്‍ ലോകത്തിലെ ഏറ്റവും മികച്ച ബന്ധിത നഗരങ്ങളില്‍ ഒന്ന് കൂടിയാണ് ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹ.
പങ്കെടുക്കാന്‍ സാധ്യതയുള്ള മിക്ക രാജ്യങ്ങളില്‍ നിന്നും നേരിട്ടുള്ള വിമാനം ഉണ്ട്. മെട്രോ, ബസ്, ട്രാം എന്നീ പൊതുഗതാഗത ശൃംഖലയും എല്ലാ വേദികളെയും ബന്ധിപ്പിക്കുന്നു. എല്ലാ ടീമുകളും ഒരേ നഗരത്തില്‍ കളിക്കുന്നതിനാല്‍ കളി കാണാന്‍ എത്തുന്ന ആരാധകര്‍ക്ക് എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ കഴിയും. മാത്രമല്ല എല്ലാ വേദികളും തമ്മില്‍ 30 മിനിറ്റ് ദൂരമേ ഉള്ളൂവെന്നും ഫിബ അധികൃതര്‍ വിശദീകരിച്ചു. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ (MENA) മേഖലകളിലുടനീളമുള്ള ദശലക്ഷക്കണക്കിന് കായിക ആരാധകരെ ആകര്‍ഷിക്കുന്ന ലോക മത്സരം കൂടിയായി ഇത് മാറും. ഫിബ പ്രസിഡന്റ് ഹമാനെ നിയാങ്, സെക്രട്ടറി ജനറല്‍ ??ആന്‍ഡ്രിയാസ് സാഗ്ലിസ്, ക്യു.ബി.എഫ് പ്രതിനിധികള്‍ എന്നിവര്‍ ബിഡ് പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.