X

ദോഹ 100 നാള്‍ ആഘോഷത്തിലേക്ക്

ദോഹ: ഖത്തറില്‍ ആവേശത്തിന്റെ പെരുമ്പറ മുഴങ്ങുകയാണ്. ലോകകപ്പിന് പന്തുരുളാന്‍ ഇനി 100 നടുത്ത ദിവസങ്ങള്‍ മാത്രം. നവംബര്‍ 20 ന് ആരംഭിക്കുന്ന മെഗാ മാമാങ്കത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കാത്തിരിക്കുകയാണ് മണലാരണ്യത്തിലെ കൊച്ചു രാജ്യം. വേദികളെല്ലാം പൂര്‍ണമായും സജ്ജമായ സാഹചര്യത്തില്‍ അവസാന മിനുക്ക് പണി മാത്രം ബാക്കി.

100 ദിവസത്തേക്കുള്ള ക്ലോക്ക് ഉല്‍സവം ഗംഭീരമാക്കാനുള്ള പരിപാടികളിലാണ് ഖത്തര്‍. ഫിഫയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു അറബ് രാജ്യം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഫിഫ ക്ലബ് ലോകകപ്പ് ഉള്‍പ്പെടെ നിരവധി രാജ്യാന്തര ഫുട്‌ബോള്‍ മാമാങ്കങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച കരുത്തുണ്ട് ഖത്തറിന്. സമീപകാലത്തായി ധാരാളം മല്‍സരങ്ങള്‍ ഇവിടെ നടക്കുന്നു. വിവിധ രാജ്യങ്ങളുടെ ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് മല്‍സരങ്ങള്‍ക്കും ദോഹ ആതിഥേയത്വം വഹിച്ചു. മല്‍സര നടത്തിപ്പിന്റെ കാര്യത്തില്‍ ശക്തമായ അനുഭവ സമ്പത്താണ് രാജ്യത്തിന്റെ മുതല്‍ക്കൂട്ട്.

കാലാവസ്ഥയെക്കുറിച്ചുള്ള പരാതികള്‍ അകറ്റാനാണ് നവംബര്‍-ഡിസംബറിലേക്ക് മല്‍സരങ്ങള്‍ മാറ്റിയത്. ശീതീകരിച്ച കളിമുറ്റങ്ങള്‍ ഉള്‍പ്പെടെ ഇത് വരെ ഫുട്‌ബോള്‍ കാണാത്ത മല്‍സര സംവിധാനങ്ങളില്‍ ഫിഫ ഉള്‍പ്പെടെ ഫുട്‌ബോള്‍ ഭരണസമൂഹം ഖത്തറിന് നല്ല മാര്‍ക്ക്് നല്‍കിയിട്ടുണ്ട്. ഫുട്‌ബോള്‍ മൈതാനത്തെ ഇതിഹാസങ്ങളായ കൃസ്റ്റിയാനോ റൊണാള്‍ഡോ, ലിയോ മെസി തുടങ്ങിയവരുടെ അവസാന ലോകകപ്പ് മാമാങ്കമെന്ന പ്രത്യേകതയും ഖത്തര്‍ ലോകകപ്പിനുണ്ട്. രണ്ട് ഇതിഹാസങ്ങള്‍ക്കും ഇത് വരെ ലോകകപ്പില്‍ മുത്തമിടാനായിട്ടില്ല. 2014 ലെ ബ്രസീല്‍ ലോകകപ്പില്‍ മെസി നയിച്ച അര്‍ജന്റീന ഫൈനല്‍ വരെയെത്തിയിരുന്നു. എന്നാല്‍ അന്തിമ അങ്കത്തില്‍ തോല്‍ക്കുകയായിരുന്നു. ഇത്തവണ അര്‍ജന്റീനയും മെസിയും അപാര ഫോമിലാണ്. 37 മല്‍സരങ്ങളില്‍ തോല്‍വിയില്ല. പോര്‍ച്ചുഗലും കരുത്തരാണ്. മികച്ച ടീമാണ് റൊണാള്‍ഡോക്കൊപ്പമുള്ളത്. ഇറ്റലിക്കാര്‍ ഇല്ലാത്തത് മാത്രമാണ് ഖത്തറിന്റെ നഷ്ടം. യൂറോപ്പില്‍ നിന്നും യോഗ്യത നേടാന്‍ ഇറ്റലിക്കായിരുനനില്ല. അഞ്ച് വട്ടം ചാമ്പ്യന്മാരായ ബ്രസീല്‍, കരുത്തരായ ഇംഗ്ലണ്ട്, ജര്‍മനി, സ്‌പെയിന്‍, ആഫ്രിക്കന്‍ പ്രബലരായ സെനഗല്‍ തുടങ്ങിയവര്‍ക്കായെല്ലാം കാത്തിരിക്കയാണ് ഖത്തര്‍.

ഖത്തര്‍ ലോകകപ്പ് ഒരു നാള്‍ നേരത്തെ ആരംഭിക്കാന്‍ വ്യക്തമായ സാധ്യത

സുറിച്ച്: ഖത്തര്‍ ലോകകപ്പ് ഒരു നാള്‍ നേരത്തെ ആരംഭിക്കാന്‍ വ്യക്തമായ സാധ്യത. നിലവിലെ ഫിക്‌സ്ച്ചര്‍ പ്രകാരം നവംബര്‍ 21 ന് ആരംഭിക്കുന്ന വിശ്വ കാല്‍പ്പന്ത് മാമാങ്കം നവംബര്‍ 20 ന് തുടങ്ങാനാണ് നീക്കം. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള മല്‍സരം 20 ന് നടത്താനാണ് പ്ലാന്‍. ലോകകപ്പ് ചരിത്ര പ്രകാരം ഉദ്ഘാടനം പോരാട്ടത്തില്‍ ഒന്നുങ്കില്‍ ആതിഥേയരോ അല്ലെങ്കില്‍ നിലവിലെ ചാമ്പ്യന്മാരോ ആണ് കളത്തിലിറങ്ങാറ്. എന്നാല്‍ ഖത്തര്‍ ലോകകപ്പ് ഫിക്‌സ്ച്ചര്‍ പ്രകാരം സെനഗലും നെതര്‍ലന്‍ഡ്‌സും തമ്മിലാണ് ആദ്യ മല്‍സരം വരുന്നത്. ഖത്തര്‍ അന്ന് തന്നെ മൂന്നാമതായാണ് കളിക്കുന്നത്. ഇതിനെതിരെ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫക്ക് പരാതി നല്‍കിയ പശ്ചാത്തലത്തിലാണ് മല്‍സരം ഒരു നാള്‍ നേരത്തെയാക്കാനുള്ള നീക്കം നടക്കുന്നത്. ഖത്തറുമായും ഇക്വഡോറുമായും ഫിഫ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടവര്‍ ഫിഫ കൗണ്‍സിലാണ്. ആറ് വന്‍കരാ കോണ്‍ഫെഡറേഷനുകളുടെ പ്രസിഡണ്ടുമാരും ഫിഫ തലവന്‍ ജിയോവനി ഇന്‍ഫാന്‍ഡിനോയും ഉള്‍പ്പെടുന്നതാണ് കൗണ്‍സില്‍.ഫിഫ കൗണ്‍സില്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ചാല്‍ ലോകകപ്പിന്റെ ഉദ്ഘാടനം പോരാട്ടം 20ന് ഖത്തറും ഇക്വഡോറും തമ്മിലാവും. സെനഗലും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള മല്‍സരം 21 ന് തന്നെ നടക്കും. നിലവിലെ ഫിക്‌സ്ച്ചറില്‍ നാല് മല്‍സരങ്ങളാണ് 21ന് ഷെഡ്യൂള്‍ ചെയ്തിരുന്നത്. അത് മൂന്നായി മാറും.

Test User: