ലക്‌നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തെരുവ് നായ് ശല്ല്യം. ഹാര്‍ദേവ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ജനറല്‍ വാര്‍ഡാണ് തെരുവ് നായ്ക്കള്‍ കൈയടക്കിയത്. നായ്ക്കളുടെ സാന്നിധ്യത്തില്‍ ഭയപ്പെട്ട വാര്‍ഡിലെ രോഗികളും കുത്തിയിരിപ്പുകാരും ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നായ്ക്കളെ നിങ്ങള്‍ ആട്ടിയോടിച്ചാല്‍ അതുപോവുമെന്നായിരുന്നു മറുപടി.
വാര്‍ഡിലെ നായ്ക്കളുടെ സാന്നിധ്യം ഞങ്ങള്‍ക്ക് ഭയമാണ്. കുട്ടികള്‍ അടക്കമുള്ള രോഗികളാണ് ഈ വാര്‍ഡിലുള്ളത്. നായ ആക്രമിക്കുമെന്ന പേടിയില്‍ മനസമാധാനമായി ഉറങ്ങാന്‍ പോലും സാധിക്കുന്നില്ല. ഇതിനെതിരെ ആശുപത്രി അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ നിങ്ങള്‍ ആട്ടിയോടിച്ചാല്‍ നായ്ക്കള്‍ താനെ പൊയ്‌ക്കൊള്ളും എന്നായിരുന്നു മറുപടി- ഒരു രോഗിയുടെ ബന്ധു പറഞ്ഞു.
വെള്ളിയാഴ്ച വാര്‍ഡില്‍ നായ്ക്കള്‍ നടക്കുന്നതും ഉറങ്ങുന്നതുമായ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതോടെ സംഭവം വിവാദമായി. തുടര്‍ന്ന് സംഭവത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവ് നല്‍കുകയും നായ്ക്കളെ എത്രയും പെട്ടെന്ന് വാര്‍ഡില്‍ നിന്നും ആശുപത്രി പരിസരങ്ങളില്‍ നിന്നും നീക്കം ചെയ്ത് രോഗികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശിച്ചു. ഗുരുതരമായ വീഴ്ചയാണ് ആശുപത്രി അധികൃതകരില്‍ നിന്നുമുണ്ടായത്, ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മേലില്‍ ഉത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.