X

‘പട്ടി’ പരാമര്‍ശം; എന്‍ എന്‍ കൃഷ്ണദാസിന് സിപിഎമ്മിന്റെ രൂക്ഷ വിമര്‍ശനം

മാധ്യമങ്ങള്‍ക്കെതിരെ നടത്തിയ ‘പട്ടി’ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം എന്‍ എന്‍ കൃഷ്ണദാസിനെതിരെ സിപിഎമ്മിന്റെ അതി രൂക്ഷവിമര്‍ശനം. ഇറച്ചിക്കടയുടെ മുന്നില്‍ നില്‍ക്കുന്ന പട്ടികളെന്ന പരാമര്‍ശം മുഴുവന്‍ മാധ്യമങ്ങളെയും പാര്‍ട്ടിക്കെതിരാക്കിയെന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ നേതാക്കള്‍ വിമര്‍ശിച്ചു. പാര്‍ട്ടി ഇടപെട്ടിട്ടും പ്രതികരണം തിരുത്താന്‍ കൃഷ്ണദാസ് തയാറായില്ലെന്നും വിമര്‍ശനമുണ്ടായി. യോഗത്തില്‍ പെട്ടി വിഷയവും ചര്‍ച്ചയായി.

പാര്‍ട്ടിയുമായി ഇടഞ്ഞുനിന്ന സിപിഎം നേതാവ് അബ്ദുല്‍ ഷുക്കൂറിനെ അനുനയിപ്പിച്ച ശേഷമായിരുന്നു എന്‍ എന്‍ കൃഷ്ണദാസിന്റെ ‘പട്ടി’ പരാമര്‍ശം. ‘സിപിഎമ്മില്‍ പൊട്ടിത്തെറിയെന്ന് കൊടുത്തവര്‍ ലജ്ജിച്ച് തലതാഴ്ത്തുക. രാവിലെ മുതല്‍ ഇപ്പോള്‍ വരെ ഇറച്ചിക്കടയുടെ മുന്നില്‍ പട്ടി നില്‍ക്കുന്നതുപോലെ ഷുക്കൂറിന്റെ വീടിന് മുന്നില്‍ നിന്നവര്‍ തലതാഴ്ത്തുക. ഞാന്‍ ഇഷ്ടമുള്ളിടത്തോക്കെ പോകും. നിങ്ങളോട് പറയേണ്ടതില്ല. നിങ്ങള്‍ ആരാണ്. പാലക്കാടെ ഏത് വീട്ടിലും എനിക്ക് പോകാം”, എന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്.

അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടതില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് നേരത്തെയും എന്‍ എന്‍ കൃഷ്ണദാസ് ആക്രോശിച്ചിരുന്നു. ഒരിക്കല്‍ ചോദ്യങ്ങളോട് രോഷത്തോടെ പ്രതികരിച്ചശേഷം മാധ്യമങ്ങളോട് കടന്നുപോകാന്‍ പറഞ്ഞിരുന്നു. നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയന്നും നിങ്ങള്‍ കഴുകന്‍മാരെ പോലെ നടക്കുകയല്ലേയെന്നും തങ്ങളുടെ പാര്‍ട്ടിയിലെ കാര്യം തങ്ങള്‍ തീര്‍ത്തോളാമെന്നും കൃഷ്ണദാസ് അധിക്ഷേപിച്ചിരുന്നു.

webdesk13: