X

കാണാതായ 57കാരനെ 18 വളര്‍ത്തു നായ്ക്കള്‍ ചേര്‍ന്നു തിന്നുവെന്ന് പൊലീസ്

ടെക്‌സാസ്: കാണാതായ 57കാരനെ 18 വളര്‍ത്തു നായ്ക്കള്‍ ചേര്‍ന്നു തിന്നുവെന്ന് പൊലീസ് കണ്ടെത്തല്‍. അമേരിക്കയിലെ ടെക്‌സാസിനു സമീപം വീനസിലെ ഉള്‍പ്രദേശത്തുള്ള വീട്ടില്‍ വളര്‍ത്തുനായ്ക്കള്‍ക്കൊപ്പം ഒറ്റയ്ക്കു താമസിച്ചിരുന്നു ഫ്രെഡി മാക്ക് എന്നയാളെയാണ് 18 വളര്‍ത്തുനായ്ക്കള്‍ ഭക്ഷണമാക്കിയത്. എന്നാല്‍ മാക്കിനെ കൊന്നത് നായ്ക്കളാണോയെന്നു സ്ഥിരീകരച്ചിട്ടില്ല.

മാക്കിനെ കാണാനില്ലെന്നു ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് നടത്തിയ തിരച്ചിലിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. വീടിന്റെ ചുറ്റുവട്ടത്തു നടത്തിയ തിരച്ചിലില്‍ അസ്ഥിക്കഷ്ണങ്ങള്‍ ലഭിച്ചെങ്കിലും അതു മാക്കിന്റെയാണെന്ന് ഒരു ധാരണയും ആദ്യഘട്ടത്തില്‍ പൊലീസിനുണ്ടായിരുന്നില്ല. എന്നാല്‍ നായ്ക്കളുടെ വിസര്‍ജ്യത്തില്‍ മനുഷ്യന്റെ തലമുടിയും തുണിക്കഷ്ണങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആ വഴിക്ക് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ആദ്യഘട്ടത്തില്‍ കണ്ടെത്തലുകള്‍ അവിശ്വസനീയമെന്നാണു ഞങ്ങള്‍ക്കു തന്നെ തോന്നിയത്. കാരണം ഒന്നും അവശേഷിച്ചിരുന്നില്ല അന്വേഷണ ഉദ്യോഗസ്ഥനായ ആദം കിങ് പറഞ്ഞു. മനുഷ്യമാംസം നായ്ക്കള്‍ തിന്നുന്നത് സാധാരണമാണ്. എന്നാല്‍ മുഴുവന്‍ ശരീരവും വസ്ത്രങ്ങളും ഉള്ളിലാക്കുമെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല ആദം പറഞ്ഞു. വളര്‍ത്തുമൃഗങ്ങള്‍ യജമാനനെ മുഴുവനായി തിന്നുവെന്ന നിരീക്ഷണം അംഗീകരിക്കാന്‍ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ആദ്യം കഴിഞ്ഞിരുന്നില്ല.

പൊലീസ് ശേഖരിച്ച അവശിഷ്ടങ്ങള്‍ മാക്കിന്റെ തന്നെയാണെന്നു വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചതോടെ ചൊവ്വാഴ്ചയാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തലും സ്ഥിരീകരിക്കപ്പെട്ടത്. ചിലപ്പോള്‍ മാക്ക് രോഗാവസ്ഥയെ തുടര്‍ന്നു മരിച്ചതാവാം. തുടര്‍ന്നാവും ഇയാളെ വളര്‍ത്തു നായ്ക്കള്‍ ആഹാരമാക്കിയതെന്നാണു പൊലീസ് നിഗമനം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: