കാസര്‍കോട്: പെരുന്നാള്‍ ആഘോഷിക്കാനായി ഉമ്മയുടെ വീട്ടിലെത്തിയ പിഞ്ചു കുഞ്ഞിന് നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് ഇക്ബാല്‍ ജംഗ്ഷനിലെ അബ്ദുല്ലയുടെ മകളും ആറുവയസ്സുകാരിയുമായ ഷിദക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉമ്മ ഫഫീനയുടെ പപ്പ എടത്തോട്ടെ വീട്ടിലെത്തിയതായിരുന്നു കുട്ടി. ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ നായ ആക്രമിക്കുകയായിരുന്നു. അയല്‍വാസിയുടെ വളര്‍ത്തുനായയാണ് കുട്ടിയെ ആക്രമിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
കുട്ടിയുടെ മുഖം നായ കടിച്ചു വികൃതമാക്കി. നെറ്റിയിലും മുഖത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. കരച്ചില്‍ കേട്ടെത്തിയ മാതാവും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കുട്ടിയെ പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിനിയാണ് ഷിദ. വിദേശത്തായിരുന്ന പിതാവ് അബ്ദുല്ല നാട്ടിലെത്തിയപ്പോഴാണ് ഷിദയെയും കൂട്ടി മാതാപിതാക്കള്‍ എടത്തോട്ടിലെ വീട്ടിലെത്തിയത്.
വേട്ടയാടാന്‍ പരിശീലിപ്പിച്ച നായയെ അഴിച്ചുവിട്ട് ആളുകള്‍ക്കു നേരെ ആക്രമണം നടത്തുന്ന സൂപ്പി മാധവന്‍ എന്നയാള്‍ക്കെതിരെ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി വെള്ളരിക്കുണ്ട് പൊലീസിലും പരാതി നല്‍കി.