വര്‍ണാശ്രമധര്‍മത്തെ പ്രധാനമന്ത്രി പിന്തുണക്കുന്നുണ്ടോയെന്ന ചോദ്യങ്ങളുമായി സി.പി.എം പി.ബി അംഗം എം.എ ബേബി.
എം.എ ബേബി പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം
സനാതനധര്‍മത്തെ ദ്രാവിഡപ്രസ്ഥാനത്തിന്റെ ചിന്തയ്ക്കനുസരിച്ച് വിമര്‍ശിച്ച ഉദയനിധി സ്റ്റാലിന് ‘വസ്തുതകള്‍ വച്ച് ഉചിതമായി മറുപടി നല്കണം,’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞതായാണ് ഇന്നത്തെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ക്കുള്ള മറുപടി ഉള്‍പ്പെടുത്തുമോ?
1. സനാതനധര്‍മത്തിന്റെ അവിഭാജ്യ ഭാഗമാണ് വര്‍ണാശ്രമധര്‍മം. വര്‍ണധര്‍മത്തെ, അതായത് ജാതിവ്യവസ്ഥയെ, നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ? മനുഷ്യര്‍ വിവിധ വര്‍ണങ്ങളില്‍ (ജാതികളില്‍) ജനിക്കുന്നു, അവരവരുടെ ജാതികള്‍ക്ക് നിശ്ചയിച്ച ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു എന്നാണോ നിങ്ങളുടെ അഭിപ്രായം? ഗ്രന്ഥങ്ങളില്‍ പറയുന്ന മനുഷ്യത്വവിരുദ്ധമായ ജാതിവിവേചനചിന്തകള്‍ ഇന്നും തുടരണമോ?
2. നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’;’ശൂദ്രമക്ഷരസംയുക്തം ദൂരതഃ പരിവര്‍ജയേല്‍’ തുടങ്ങിയ മനുഷ്യവിരുദ്ധമായ ആശയങ്ങള്‍ സനാതനധര്‍മ്മത്തിന്റെ പേരിലാണ് ഇന്ത്യയില്‍ അടിച്ചേല്പിക്കപ്പെടുന്നത് എന്നകാര്യം
പ്രധാനമന്ത്രിക്ക് അറിയാത്തതാണോ?
ശൂദ്രന്‍ അക്ഷരം പഠിക്കരുത് എന്നും പഞ്ചമജാതികള്‍ക്കും സ്ത്രീകള്‍ക്കും മനുഷ്യാവകാശങ്ങള്‍ ഇല്ല എന്നും പ്രധാനമന്ത്രി ഇന്നും കരുതുന്നുണ്ടോ?
3.നാരായണഗുരു പോലെയുള്ള ഹിന്ദുമതപരിഷ്‌കര്‍ത്താക്കളെ നിങ്ങള്‍ തള്ളിപ്പറയുമോ? ഗുരു സനാതനധര്‍മത്തെ തള്ളിപ്പറഞ്ഞുവല്ലോ.
4 . നവോത്ഥാന പ്രസ്ഥാനങ്ങളുടെ മൂല്യങ്ങളുമായി ഇന്ന് ഒരു ഹിന്ദു മതവിശ്വാസിക്ക് ജീവിക്കാമോ? അതോ, സനാതനികള്‍ എന്ന് അവകാശപ്പെടുന്നവരുടെ ജാതി വിവേചനം, സ്ത്രീ വിരുദ്ധത എന്നിവ ഇല്ലാതെ ഹിന്ദു മതവിശ്വാസി ആകാന്‍ കഴിയില്ല എന്നാണോ നിങ്ങളുടെ വാദം?
5. ഇന്ത്യന്‍ ഭരണഘടന മനുഷ്യതുല്യത അടിസ്ഥാനമാക്കിയുള്ളതാണ്. സനാതനധര്‍മത്തിന്റെ മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടാനാവാത്തവയാണെങ്കില്‍ നിങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്നുണ്ടോ? ഇനി സനാതനധര്‍മത്തിന്റെ ആശയങ്ങള്‍ പരിഷ്‌കരിക്കപ്പെടാവുന്നത് ആണെങ്കില്‍ ഏതൊക്കെ പരിഷ്‌കരിക്കാം? ബ്രാഹ്മണാധിപത്യം പരിഷ്‌കരിക്കപ്പെടാവുന്നതാണോ?