X

സര്‍ക്കാറിന് തുടരാന്‍ ധാര്‍മിക അവകാശമുണ്ടോ?-എഡിറ്റോറിയല്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാറിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അതീവ ഗൗരവതരമാണ്. കണ്ണൂര്‍ വി.സി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി രാജ്ഭവനില്‍ നേരിട്ടെത്തി ആവശ്യപ്പെട്ടു എന്ന ഗുരുതര ആരോപണമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. മുഖ്യമന്ത്രി പലപ്പോഴായി അയച്ച മൂന്നു കത്തുകളും ഗവര്‍ണര്‍ പുറത്തുവിട്ടു. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ തനിക്കെതിരെ നടന്ന ആക്രമണത്തില്‍ പൊലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ രാഗേഷാണെന്നും വേദിയില്‍നിന്ന് ഇറങ്ങിവന്നാണ് രാഗേഷ് പൊലീസിനെ തടഞ്ഞതെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഇതിനുള്ള പ്രതിഫലമാണോ എന്നും ഗവര്‍ണര്‍ ചോദിക്കുകയുണ്ടായി. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തികച്ചും അസാധാരണ നീക്കങ്ങളാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ഗവര്‍ണര്‍മാര്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടുന്ന നടപടി കേരളത്തില്‍ മാത്രമല്ല, രാജ്യത്തുതന്നെ അസാധാരണമാണ്. ഇതുവരെ പൊതുചടങ്ങുകളിലോ വിമാനത്താവളങ്ങളിലോ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്ന രീതിയാണു ഗവര്‍ണര്‍ തുടര്‍ന്നുവന്നത്.

കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തില്‍ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടുവെന്ന ഗവര്‍ണറുടെ തുറന്നുപറച്ചില്‍ പ്രതിപക്ഷ ആക്ഷേപം ശരിവെക്കുന്നതാണ്. വി.സി നിയമനത്തില്‍ നിയമവിരുദ്ധമായും ക്രമവിരുദ്ധമായും വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും ഇടപെടുകയും അവരുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് ഗവര്‍ണര്‍ നിയമവിരുദ്ധമായി വൈസ്ചാന്‍സലര്‍ക്ക് പുനര്‍നിയമനം കൊടുക്കുകയും ചെയ്തതായി പ്രതിപക്ഷം നേരത്തെതന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. ഗവര്‍ണറും ഇക്കാര്യം ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. കേരള ചരിത്രത്തില്‍ ഇതുവരെ ഒരു മുഖ്യമന്ത്രിയും ഇതുപോലെ ചെയ്തിട്ടുണ്ടാവില്ല. ഗവര്‍ണറുടെ ആരോപണത്തിന് മറുപടി പറയേണ്ടത് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രിയാണ്. ഭരിക്കുന്നവര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കുവേണ്ടി സ്വാധീനം ചെലുത്തിയ ആദ്യ സംഭവമാണിത്. കേരള ചരിത്രത്തില്‍ ഇതുവരെ ഇഷ്ടക്കാരനെ നിയമിക്കാന്‍ ഒരു മുഖ്യമന്ത്രിയും ഗവര്‍ണറുടെ അടുത്തുപോയി സ്വാധീനം ചെലുത്തിയിട്ടില്ല. ഇവിടെ ഇരുവരും ഒത്തുചേര്‍ന്നതായാണ് ഗവര്‍ണറുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. നിയമപ്രകാരം ഗവര്‍ണര്‍ ഉണ്ടാക്കിയ സെര്‍ച്ച് കമ്മിറ്റി ഈ ശുപാര്‍ശയും സ്വാധീനത്തെയും തുടര്‍ന്ന് പിരിച്ചുവിടുകയും പ്രായം കൂടിയതിനാല്‍ അപേക്ഷിക്കാന്‍പോലും കഴിയാതിരുന്ന നിലവിലെ വി.സിക്ക് പുനര്‍നിയമനം നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് ഗവര്‍ണര്‍ ആര്‍.എസ്.എസ്സിന്റെ ആളായി സര്‍ക്കാരിനെ ഉപദ്രവിക്കുന്നു എന്നാണ്. അന്ന് ഈ ആര്‍.എസ്.എസിനെ പിന്തുണയ്ക്കുന്ന ആരിഫ് മുഹമ്മദ് ഖാനുമായി സന്ധിയുണ്ടാക്കി നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന് തടസ്സമുണ്ടായിരുന്നില്ല.

ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ തനിക്കെതിരെ നടന്ന ആക്രമണത്തിലും ഗവര്‍ണര്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നുണ്ട്. ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെയും പൊതുപരിപാടിയില്‍ കറുത്ത ഷര്‍ട്ടിട്ടതിന്റെയും പേരില്‍ ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടുന്ന സംസ്ഥാനത്ത് തനിക്കെതിരായ ഗൂഢാലോചനയില്‍ നടപടിയില്ലെന്നാണ് ഗവര്‍ണറുടെ ആരോപണം. ആക്രമണത്തെക്കുറിച്ച് രാജ്ഭവന്‍ രണ്ടുവട്ടം റിപ്പോര്‍ട്ട് തേടിയതായും താന്‍ സെക്യൂരിറ്റി വിദഗ്ധനല്ലെന്നാണ് വി.സി മറുപടി നല്‍കിയതെന്നും ഗവര്‍ണര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് തെറ്റ് ചെയ്തതെന്നാണ് ഗവര്‍ണര്‍ ഇപ്പോള്‍ ഏറ്റുപറഞ്ഞിരിക്കുന്നത്. ഏറ്റുപറഞ്ഞതുകൊണ്ട് തെറ്റിനെ ന്യായീകരിക്കാനാവില്ല, തെറ്റ് തെറ്റല്ലാതാകുന്നുമില്ല. ഈ കളിയില്‍ രണ്ടു പേര്‍ക്കും പങ്കാളിത്തമുണ്ട്. സംഘ്പരിവാര്‍ പ്രതിനിധിയായ ഗവര്‍ണറും ഭരണകക്ഷിയായ സി.പി.എമ്മും തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കി എന്തെങ്കിലും നേടിയെടുക്കുക എന്നത് ഗവര്‍ണറുടെ സ്ഥിരം പരിപാടിയാണ്. നേരത്തെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. നാളെയും മുഖ്യമന്ത്രി ഇടനിലക്കാര്‍ വഴി ഗവര്‍ണറെ കണ്ട് ഒത്തുതീര്‍പ്പിലെത്തും. പക്ഷേ ഭരണഘടനാസ്ഥാനത്തിരിക്കുന്നവരാണ് ഇരുവരും. സ്വജനപക്ഷപാതം കാണിക്കില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് ലംഘിച്ചതായി ഗവര്‍ണര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ധാര്‍മികത ലവലേശം ഉണ്ടെങ്കില്‍ ആ സ്ഥാനത്ത് തുടരാന്‍ താന്‍ അര്‍ഹനാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചിന്തിക്കണം. മറ്റുള്ളവരെ ധാര്‍മികത പഠിപ്പിച്ചാല്‍ മാത്രം പോരാ, സ്വന്തം അനുഭവത്തിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ഈ ധാര്‍മികത വേണമെന്നേ ഇപ്പോള്‍ പറയുന്നുള്ളു.

Test User: