X

‘അമിത് ഷാക്കെതിരെ പറയാൻ അസം മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ’; ഹിമന്തിനെ വീണ്ടും വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ഭാരത് ജോഡോ ന്യായ് യാത്രയുടെ പതിനൊന്നാം ദിവസത്തെ പര്യടനത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത് ബിശ്വ ശര്‍മ എന്ന ആരോപണം ഇന്ന് രാഹുല്‍ ആവര്‍ത്തിച്ചു.

അസം മുഖ്യമന്ത്രിയുടെ നിയന്ത്രണം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൈയിലാണ്. അമിത് ഷാക്കെതിരെ എന്തെങ്കിലും പറയാന്‍ അസം മുഖ്യമന്ത്രിക്ക് ധൈര്യപ്പെട്ടാല്‍ ഹിമന്ത ബിശ്വ ശര്‍മയെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്താന്‍ സാധിക്കുമെന്നാണ് ഹിമന്തയുടെ മനസ്സിലിരുപ്പ് എവിടെ നിന്ന് വന്നതെന്ന് എനിക്കറിയില്ല. എത്ര കേസുകള്‍ എടുത്താലും എനിക്ക് ഭയമില്ല. നിലവില്‍ 25 കേസുകള്‍ എടുത്തിട്ടുണ്ട്. 25 കേസുകള്‍ കൂടി എടുത്തോളൂരാഹുല്‍ വ്യക്തമാക്കി.

അതേസമയം, ഭാരത് ജോഡോ ന്യായ് യാത്രയുടെ പതിനൊന്നാം ദിവസത്തെ പര്യടനത്തിന് അസമിലെ ബാര്‍പേട്ടയില്‍ രാഹുല്‍ ഗാന്ധി തുടക്കം കുറിച്ചു. വന്‍ വരവേല്‍പ്പാണ് യാത്രക്ക് ലഭിക്കുന്നത്. നാളെ രാഹുലും സംഘവും അസമിലെ പര്യടനം പൂര്‍ത്തിയാക്കും.

അസമിലെ 17 ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര 833 കിലോമീറ്ററാണ് സഞ്ചരിക്കുക. അസം പര്യടനം പൂര്‍ത്തിയാക്കുന്ന ന്യായ് യാത്ര തുടര്‍ന്ന് പശ്ചിമ ബംഗാളിലേക്ക് കടക്കും. ബംഗാളില്‍ അഞ്ച് ദിവസം 7 ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര 523 കിലോമീറ്റര്‍ സഞ്ചരിക്കും.

തൊ​ഴി​ലി​ല്ലാ​യ്മ​യും വി​ല​ക്ക​യ​റ്റ​വും സാ​മൂ​ഹ്യ നീ​തി​യും വി​ഷ​യ​ങ്ങ​ളാ​ക്കി ജനുവരി 14ന് മണിപ്പൂരിലെ തൗ​ബാ​ൽ ജി​ല്ല​യി​ൽ​ നിന്നും യാത്ര തുടങ്ങിയത്. ക​ന്യാ​കു​മാ​രി മു​ത​ല്‍ ക​ശ്മീ​ര്‍ വ​രെ ഭാ​ര​ത് ജോ​ഡോ യാ​ത്രയുടെ വൻ വിജയത്തിന് പിന്നാലെ രാ​ഹു​ല്‍ ഗാ​ന്ധി കി​ഴ​ക്കു നി​ന്ന് പ​ടി​ഞ്ഞാ​റേ​ക്ക് ന​ട​ത്തു​ന്ന യാ​ത്ര​യാ​ണിത്.

67 ദിവസത്തിനുള്ളിൽ 6,713 കിലോമീറ്റർ ദൂരം വാ​ഹ​ന​ത്തി​ലും കാ​ൽ​ന​ട​യാ​യും രാഹുൽ സഞ്ചരിക്കും. 15 സംസ്ഥാനങ്ങളിലായി 110 ജില്ലകളിലൂടെ യാത്ര കടന്നു പോകും. മാർച്ച് 20ന് മുംബൈയിൽ അവസാനിക്കും.

webdesk13: