X
    Categories: indiaNews

കോവിഡിന് ചാണക ചികില്‍സ അപകടം; മുന്നറിയിപ്പുമായി വിദഗ്ധര്‍

അഹമ്മദാബാദ്: കോവിഡിനെ പ്രതിരോധിക്കുമെന്ന തെറ്റിദ്ധാരണയില്‍ ചാണകം ഉപയോഗിച്ച് ചികിത്സ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് അശാസ്ത്രീയമാണെന്നും ആരോഗ്യ വിദഗ്ധര്‍. ചാണകം കോവിഡിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ഇത് മറ്റ് രോഗങ്ങള്‍ക്ക് ഇടയാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് കോവിഡ് മഹാമാരിയുടെ വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും ആശുപത്രികളില്‍ കിടക്കകളില്ല. ചികിത്സയ്ക്ക് ഓക്‌സിജനോ മരുന്നോ ലഭിക്കാതെ മനുഷ്യര്‍ തെരുവില്‍ മരിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനിടയില്‍ അന്ധവിശ്വാസങ്ങളുടെയും ശാസ്ത്രീയമായ അറിവില്ലായ്മയുടെയും ഫലമായി ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ ചാണകവും പശുമൂത്രവും ഉപയോഗിച്ച് ചികിത്സ നടത്തുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

കോവിഡിനെ പ്രതിരോധിക്കാനാകുമെന്ന ധാരണയില്‍ ഗുജറാത്ത് അടക്കമുള്ള സംസ്ഥനങ്ങളില്‍ ജനങ്ങള്‍ പശുത്തൊഴുത്തുകളില്‍നിന്ന് ചാണകവും ഗോമൂത്രവും ശേഖരിച്ച് ശരീരത്ത് പുരട്ടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിക്കാനും കൊറോണ വൈറസിനെ പ്രതിരോധിക്കാനും ഇതിലൂടെ കഴിയുമെന്ന തെറ്റിദ്ധാരണയിലാണ് ജനങ്ങള്‍ ഇപ്രകാരം ചെയ്യുന്നത്. ‘ആഴ്ചയില്‍ ഒരിക്കലെങ്കിലും ഗോശാലകളില്‍ എത്തി ചാണകവും മൂത്രവും ശേഖരിച്ച്, ഇവ ശരീരത്തില്‍ വാരിത്തേക്കുകയും ഉണങ്ങുംവരെ കാത്തിരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് പശുക്കളെ ആലിംഗനം ചെയ്യുകയും ശാരീരിക ഊര്‍ജ്ജനില വര്‍ധിപ്പിക്കുന്നതിന് യോഗ ചെയ്യുകയും ചെയ്യുന്നു. പിന്നീട് ശരീരത്തില്‍ ഉണങ്ങിപ്പിടിച്ച ചാണകവും മൂത്രവും പാല്‍ ഉപയോഗിച്ച് കഴുകിക്കളയുന്നു’,
ഇവിടങ്ങളില്‍ നടക്കുന്ന ‘കോവിഡ് ചികിത്സ’യേപ്പറ്റി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നു. അശാസ്ത്രീയവും തികച്ചും അന്ധവിശ്വാസജടിലവുമാണ് ഇത്തരം ചികിത്സകളെന്ന് ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡിനെതിരേ മനുഷ്യ ശരീരത്തില്‍ ഏതെങ്കിലും തരത്തില്‍ പ്രതിരോധ ശേഷിയുണ്ടാക്കാന്‍ പശുവിന്റെ ചാണകത്തിനോ മൂത്രത്തിനോ കഴിയുമെന്നതിന് ഒരുവിധത്തിലുള്ള ശാസ്ത്രീയ തെളിവുകളും ഇല്ലെന്നും പൂര്‍ണമായും വിശ്വാസത്തില്‍ അധിഷ്ഠിതമായ കാര്യമാണിതെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി. രണ്ട് വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഇത്തരം അടിസ്ഥാനമില്ലാത്ത പ്രവൃത്തികള്‍ക്കൊണ്ട് ഉണ്ടാവുന്നത്.

ഒന്നാമതായി, ഇത്തരം പ്രവൃത്തികളിലൂടെ രോഗശാന്തിയും പ്രതിരോധശേഷിയും ഉണ്ടാകുമെന്ന തെറ്റിദ്ധാരണ ജങ്ങളില്‍ ഉടലെടുക്കുകയും അവര്‍ ശാസ്ത്രീയമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യും. ഇത് രോഗവ്യാപനത്തിന് ഇടയാക്കും. രണ്ടാമതായി, ചാണകവും പശുമൂത്രവും ശരീരത്തില്‍ തേച്ചുപിടിപ്പിക്കുന്നതിലൂടെ അണുബാധകള്‍ ഉണ്ടാവുകയും മറ്റു രോഗങ്ങള്‍ പിടിപെടുന്നതിന് വഴിയൊരുങ്ങുകയും ചെയ്യും. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന തരം രോഗങ്ങളും ഇതുമൂലം ഉണ്ടാവാം. കൂടാതെ, ചാണകം ശേഖരിക്കുന്നതിനായി ഗോശാലകളില്‍ ആളുകള്‍ തിരക്കുകൂട്ടുന്നത് കോവിഡ് പകരുന്നതിന് ഇടയാക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

Test User: