അഹ്മദാബാദ്: ഡോക്ടറുടെ ആത്മഹത്യയില്‍ ബി.ജെ.പി എം.പിക്കും പിതാവിനുമെതിരെ പ്രേരണാക്കുറ്റം ചുമത്തി. ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയില്‍ വെരാവല്‍ ടൗണില്‍ മൂന്ന് മാസം മുമ്പ് അതുല്‍ ചാഗ് എന്ന ഡോക്ടര്‍ ആത്മഹത്യ ചെയ്ത കേസിലാണ് പൊലീസ് നടപടി. ബി.ജെ.പിയുടെ ജുനാഗഡ് എം.പി രാജേഷ് ചുദാസമക്കെതിരെയും അദ്ദേഹത്തിന്റെ പിതാവ് നരന്‍ഭായിക്കെതിരെയുമാണ് വെരാവല്‍ സിറ്റി പൊലീസ് കേസെടുത്തത്.
ഫെബ്രുവരി 12ന് വെരാവല്‍ ടൗണിലെ വീട്ടില്‍ സീലിങ് ഫാനില്‍ ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡോക്ടറുടെ മകന്‍ ഹിതര്‍ത്തിന്റെ പരാതിയിലാണ് പൊലീസ് നടപടി. വെരാവല്‍ മേഖലയിലെ അറിയപ്പെടുന്ന ഡോക്ടറായിരുന്നു അതുല്‍. എം.പിയെയും പിതാവിനെയും കുറ്റപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പ് വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ആത്മഹത്യ കുറിപ്പുണ്ടായിട്ടും കേസെടുക്കാന്‍ പൊലീസ് വിസ്സമതിച്ചതിനെ തുടര്‍ന്ന് മകന്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എം.പിക്കും പിതാവിനും 20 വര്‍ഷമായി ഡോക്ടറുമായി അടുത്ത ബന്ധമാണ്. ഈ വിശ്വാസത്തിന്റെ പേരില്‍ 2008 മുതല്‍ പലതവണകളായി 1.75 കോടിയോളം രൂപ വായ്പയായി ഇരുവരും ഡോക്ടറുടെ കൈയില്‍ നിന്ന് വാങ്ങിയിരുന്നു. എന്നാല്‍ നല്‍കിയ ചെക്കുകളെല്ലാം മടങ്ങിയതോടെ പണം തിരികെ ആവശ്യപ്പെട്ട് പലതവണ അതുല്‍ ഇരുവരെയും കണ്ടിരുന്നു. പിന്നാലെ എം.പിയും പിതാവും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതില്‍ മനംനൊന്താണ് ഡോക്ടര്‍ ആത്മഹത്യ ചെയ്തതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.