ഒരു വശത്ത് വാനോളം പുകഴ്ത്തുക, മറു വശത്ത് കൈ നീട്ടി അടിക്കുക എന്നതാണ് കാലങ്ങളായി സമൂഹം നമ്മുടെ ഡോക്ടര്‍മാരോട് ചെയ്യുന്നത്. സംസ്ഥാനം ഗുരുതരമായ ആരോഗ്യപ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കാലഘട്ടമാണ്. കൊട്ടിഘോഷിക്കപ്പെട്ട കേരളാമോഡല്‍ ഹെല്‍ത്ത് കെയര്‍ വലിയൊരു സമൂഹം ആരോഗ്യപ്രവര്‍ത്തകരുടെ, പ്രത്യേകിച്ച് ഡോക്ടര്‍മാരുടെ, ചോരയുടെ മുകളില്‍ പടുത്തുയര്‍ത്തിയതാണ്.
36 മണിക്കൂര്‍ തൊട്ട് 60 മണിക്കൂര്‍ വരെ നിര്‍ത്താതെ ജോലി ചെയ്യുന്ന റെസിഡന്റുമാരും, ജൂനിയര്‍ ഡോക്ടര്‍മാരും ഇല്ലാത്ത മെഡിക്കല്‍ കോളേജുകളുണ്ടോ?. പിജി വിദ്യാര്‍ത്ഥികള്‍ എത്ര മണിക്കൂറാണ് നിര്‍ത്താതെ, ഉറക്കമില്ലാത്തെ ജോലി ചെയ്യേണ്ടി വരുന്നത്? സര്‍ക്കാരിന് മാത്രം പരിഹരിക്കാന്‍ കഴിയുന്ന ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കുന്നതിന് പകരം നമ്മളില്‍ നിന്ന് തന്നെ പഠിച്ചു വളര്‍ന്നു വന്ന്, നമുക്കിടയില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാരെ കായികമായി നേരിടുന്നത് എന്തൊരു മര്യാദ കേടാണ്.
കൂടാതെ രോഗി-ഡോക്ടര്‍ അനുപാതവും, ജോലി സമയവും ഒന്നും ഡോക്ടര്‍മാരെ മനുഷ്യരായി പരിഗണിച്ചു കൊണ്ടുള്ളതല്ല. ഇതെല്ലാം പൊതുസമൂഹത്തിന് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ആസ്പത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരെ നടക്കുന്ന കയ്യേറ്റം അതിരു വിടുമ്പോഴും സര്‍ക്കാരിന്റെ അനാസ്ഥ തുടരുകയാണ്.
ഈ സാഹചര്യത്തില്‍, ഡോക്ടര്‍മാര്‍ക്ക് തല്ല് കൊള്ളേണ്ടതുണ്ട് എന്നൊരു പരസ്യപ്രസ്താവനയുമായി ആക്രമണം പ്രോത്സാഹിപ്പിക്കുകയാണ് ഒരു ഭരണകക്ഷി എം.എല്‍.എ. ആരോഗ്യമന്ത്രിക്ക് അതില്‍ പ്രത്യേകിച്ചൊന്നും പറയാനില്ല. കോവിഡ് സമയത്ത് ഇതേ ഡോക്ടര്‍മാരുടെ അദ്ധ്വാനത്തിന്റെ പ്രതിഫലം യാതൊരു മടിയും കൂടാതെ രാഷ്ട്രീയമായി കൈപ്പറ്റിയ ഒരു സര്‍ക്കാരാണ് ഇത്ര ഉദാസീനമായ ഒരു നയം സ്വീകരിക്കുന്നത്! ഡോക്ടര്‍മാരോടൊപ്പം നില്‍ക്കേണ്ട സമയമാണ്. കൂടെ, സൗകര്യങ്ങളും സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുമുണ്ട്. സമരത്തിന് ഐക്യദാര്‍ഢ്യം.