X

കൊവിഡ് ഹോമിയോ മരുന്ന്: ‘ആരോഗ്യ മന്ത്രി അശാസ്ത്രീയത പ്രചരിപ്പിക്കുന്നു’-തെറ്റിദ്ധരിപ്പിക്കാനുള്ള സംഘടിത ശ്രമമെന്ന്

കോഴിക്കോട്: ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് ബാധ കുറവെന്നുള്ള ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശവുമായി മെഡിക്കല്‍ ഡോക്ടര്‍മാര്‍. ആരോഗ്യമന്ത്രി ജനങ്ങളെ കരുതിക്കൂട്ടി പറ്റിക്കുകയാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ പ്രൊഫസര്‍ കൂടിയായ ഡോ. കെപി അരവിന്ദന്‍ പറഞ്ഞു.

അതേസമയം, കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ‘ഫലപ്രാപ്തിയെപ്പറ്റി യാതൊരു തെളിവുമില്ലാത്ത’ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് കൊവിഡിനെതിരെയുള്ള ജാഗ്രതക്കുറവ് വരുത്തുമെന്നാണ് ആലോപതി ഡോക്ടര്‍മാര്‍ പറയുന്നത്.

‘കൊവിഡ് പ്രതിരോധത്തില്‍ വളരെയധികം മുന്നിലുള്ള കേരളം ഈ ഒരു കാര്യത്തില്‍ മറ്റുള്ളവരുടെ പരിഹാസത്തിനു വിധേയമാകുന്ന സ്ഥിതി ഉണ്ടാവരുത്. ആര്‍സെനിക്കം ആല്‍ബം എന്ന മരുന്നിന് ഇന്ത്യയില്‍ മാത്രമാണ് ഇത്ര പ്രചാരം ലഭിച്ചത്. ഈ ഒരു സന്ദര്‍ഭം ഉപയോഗിച്ച് ഇത് ഫലപ്രദമായ ചികിത്സാ രീതിയാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും, ശാസ്ത്രസാഹിത്യ പരിഷത് മുന്‍ പ്രസിഡന്റ് കൂടിയായ ഡോ. കെപി അരവിന്ദന്‍ പ്രതികരിച്ചു.

‘ആരോഗ്യ മന്ത്രിയുടെ കീഴിലുള്ള വകുപ്പാണ് ഹോമിയോപ്പതി. അവര്‍ കരുതിക്കൂട്ടി ജനങ്ങളെ പറ്റിക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ല. അവര്‍ ആരോഗ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തെറ്റായ ഒരു പഠനം, ആ പഠനത്തിന്റെ വിശ്വസനീയതയെയാണ് ഞങ്ങള്‍ ചോദ്യംചെയ്യുന്നത്. ആരോഗ്യ മന്ത്രി ഒരു സാങ്കേതിക വിദഗ്ദയല്ല. അപ്പോള്‍ അവരുടെ കീഴിലുള്ള ഒരു വകുപ്പ് അവരെ തെറ്റിദ്ധരിപ്പിക്കുന്നത് ഗുരുതരമായ കാര്യമാണ്. അത് ചെറിയ കാര്യമായി കരുതാനും സാധിക്കില്ല. ഈ പഠനം എവിടെ വെച്ച് എങ്ങനെ ചെയ്തു എന്ന് പഠനത്തില്‍ പറയുന്നില്ല. അതുകൊണ്ടുതന്നെ പഠനത്തിന്റെ വിശ്വസനീയത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പഠനത്തില്‍ പറയുന്ന ആ ലാബില്‍ ഈ പറയുന്ന ടെസ്റ്റ് ചെയ്യുന്നുമില്ല. കൃത്രിമമായി ഉണ്ടാക്കിയ ഡാറ്റ ഉപയോഗിച്ച് ആരോഗ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയെന്നത് ഗുരുതരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

‘ചിലയിടത്ത് ഒരു പഠനം തന്നെ നടത്തിയിട്ടുണ്ട്. പ്രതിരോധ മരുന്ന് കഴിച്ചയാളുകള്‍ക്ക് കുറച്ചു പേര്‍ക്ക് മാത്രമേ വന്നിട്ടുള്ളൂ. അഥവാ വന്നാല്‍ തന്നെ വളരെ പെട്ടെന്ന്, മൂന്നോ നാലോ ദിവസം കൊണ്ട് തന്നെ രോഗം ഭേദമാകുന്ന അവസ്ഥ ഉണ്ടായി.’ എന്നായിരുന്നു ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ പ്രസ്താവന. സംവിധായകനും പത്തനംതിട്ട ഡിഎംഓ ഡോ. ബിജുവാണ് പഠനം നടത്തിയതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

എന്നാല്‍ ഗവേഷണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പഠനം നടത്തിയവര്‍ പാലിച്ചിട്ടില്ലെന്നാണ് ഡോ കെപി അരവിന്ദന്‍, ഡോ വി രാമന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് ‘ലൂക്ക’ സയന്‍സ് പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു. പഠനത്തില്‍ പറയുന്ന ഡാറ്റ വിശ്വസനീയതയുടെ പരിധികള്‍ക്കും അപ്പുറമാണ്. ടെസ്റ്റുകള്‍ ചെയ്ത രീതിയും ലബോറട്ടറിയും ഏതെന്ന് വ്യക്തമാക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. പിഴവുള്ള പഠനങ്ങള്‍ വെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യാന്‍ ഇടവരരുതെന്നും ലേഖനത്തില്‍ പറയുന്നു.

 

chandrika: