കെെക്കൂലി ആരോപണത്തിൽ ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യു നൽകിയ പരാതിയിൽ മലപ്പുറം സ്വദേശിയായ അധ്യാപകൻ ഹരിദാസന്റെ മൊഴിയെടുത്തു. തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് മലപ്പുറത്ത് എത്തിയാണ് മൊഴിയെടുത്തത്. ആയുഷ് വകുപ്പിൽ ഡോക്ടർ നിയമനത്തിന് അഖിൽ മാത്യു കോഴ വാങ്ങിയെന്ന് ഹരിദാസൻ പരാതി നൽകിയിരുന്നു ആയുഷ് മിഷനിൽ മലപ്പുറം ജില്ലയിൽ ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനം നൽകാമെന്ന വാഗ്ദനത്തിൽ ഡോക്ടറുടെ പക്കൽ നിന്ന് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് പണം വാങ്ങിയെന്നാണ് ആരോപണം. പണം നൽകിയ ഡോക്ടറുടെ ഭർതൃപിതാവായ ഹരിദാസാണ് തപാൽ മുഖേന പരാതി നൽകിയത്.
അതേസമയം മലപ്പുറം സ്വദേശി ഹരിദാസൻ കുമ്മാളി ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പേഴ്സണൽ അസിസ്റ്റൻറ് അഖിൽമാത്യുവിനെതിരെ നൽകിയ കോഴ പരാതി പൂഴ്ത്തി വച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്. ആരോഗ്യമന്ത്രിക്ക് കഴിഞ്ഞ 13നാണ് ഹരിദാസ് പരാതി നൽകിയത്. എന്നാൽ 23ന് അഖിൽ മാത്യുവിന്റെ പരാതി പോലീസിന് കൈമാറുകയായിരുന്നു .26നാണ് തങ്ങൾക്ക് പരാതി ലഭിച്ചത് എന്നാണ് പോലീസ് പറയുന്നത്. മുൻ തീയതി വെച്ച് പരാതി നൽകുകയായിരുന്നു എന്നാണ് വ്യക്തമാവുന്നത് .ഹരിദാസൻ്റെ പരാതി ചർച്ചയായതോടെയാണ് തിരിച്ച് പരാതി നൽകിയത് .ചീഫ് സെക്രട്ടറിയുടെ പരാതിയും ഇതോടൊപ്പം പോലീസിന് നൽകിയിട്ടുണ്ട്. സംഭവം നടന്നിട്ടില്ല എന്നാണ് ഇപ്പോൾ സിപിഎം കേന്ദ്രങ്ങൾ തിരിച്ച് പ്രതിരോധിക്കുന്നത് . എന്നാൽ സത്യമില്ലാതെ ഹരിദാസൻ പരാതി നൽകുമോ എന്നാണ് ചോദ്യം .എന്ത് താൽപര്യത്തിലാണ് ഹരിദാസിന്റെ പരാതി എന്ന് സിപിഎം സഖാക്കൾ വ്യക്തമാക്കുന്നുമില്ല .അഖിലിനെയും മന്ത്രിയെയും സർക്കാരിനെയും രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോൾ ഫലത്തിൽ നടക്കുന്നത്.