X
    Categories: NewsViews

ശ്രീറാം വെങ്കട്ടരാമനെ രക്ഷപ്പെടുത്താന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഒത്തുകളിച്ചെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷപ്പെടുത്താന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഒത്തുകളിച്ചെന്ന് റിപ്പോര്‍ട്ട്. ശ്രീറാമിനെ ആദ്യം ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്‍കിയ വിവരങ്ങളില്‍ നിന്നാണ് അന്വേഷണ സംഘടം ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ശ്രീറാമിനെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴിയാണു നിര്‍ണായകമായത്. മൂന്നിനു പുലര്‍ച്ചെ ഒരു മണിയോടെ നടന്ന അപകടത്തിനു ശേഷം പൊലീസ് ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്നു മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്‌തെങ്കിലും ശ്രീറാം കുമാരപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്. അവിടെ ശ്രീറാമിനെ പരിശോധിച്ച പ്രധാന ഡോക്ടറിന്റെയും അസിസ്റ്റന്റിന്റെയും മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

ആശുപത്രിയില്‍ വന്ന സമയത്തു ശ്രീറാമിനു ഗുരുതര പരുക്കുകളൊന്നും ഇല്ലായിരുന്നെന്നും അതിനാല്‍ അത്യാഹിത വിഭാഗത്തില്‍ സാധാരണ ചികിത്സ മാത്രമാണു നല്‍കിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കയ്യിലും മുതുകിലും നിസ്സാര പരുക്കുണ്ടായിരുന്നെന്നും ഇവര്‍ മൊഴി നല്‍കി.

സ്വകാര്യാശുപത്രിയില്‍ സുഖചികിത്സയെന്ന വാര്‍ത്തകളെത്തുടര്‍ന്നു ശ്രീറാമിനെ വൈകിട്ടു തന്നെ ഇവിടെ നിന്നു ഡിസ്ചാര്‍ജ് ചെയ്തു മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നു ജയിലിലേക്കു കൊണ്ടുപോയെങ്കിലും സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം നേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു വിട്ടു. അവിടെ പൊലീസ് സെല്ലിനു പകരം മള്‍ട്ടി സ്‌പെഷ്യല്‍റ്റി ട്രോമ കെയറിലെ തീവ്രപരിചരണ വിഭാഗത്തിലാണു ശ്രീറാമിനെ പ്രവേശിപ്പിച്ചത്. ഗുരുതര പരുക്കുണ്ടെന്ന പ്രതീതി പരത്തിയായിരുന്നു ഈ നീക്കങ്ങള്‍. മെഡിക്കല്‍ കോളജിലെ പൂര്‍വവിദ്യാര്‍ഥിയായ ശ്രീറാമിന്റെ അധ്യാപകരും സഹപാഠികളായിരുന്ന ഡോക്ടര്‍മാരുമാണ് ഇതിനു പിന്നിലെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഗുരുതര പരുക്കേറ്റതായി മെഡിക്കല്‍ ബോര്‍ഡ് പ്രസ്താവനയുമിറക്കി. അപകടവും അതിനു തൊട്ടുമുമ്പുള്ള മണിക്കൂറുകളിലെ കാര്യങ്ങളും മറന്നു പോകുന്ന റിട്രോഗ്രേഡ് അംനീസ്യ ശ്രീറാമിന് ഉണ്ടെന്നും അവിടത്തെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.

നിസ്സാര പരുക്കോടെ സ്വകാര്യ ആശുപത്രി വിട്ട ശ്രീറാം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോള്‍ എങ്ങനെ ‘ഗുരുതര രോഗി’യായെന്ന് അന്വേഷണ സംഘം പരിശോധിക്കും. അവിടെ നല്‍കിയ എല്ലാ ചികിത്സകളുടെയും രേഖകള്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കത്തു നല്‍കി. ശ്രീറാമിന്റെ എക്‌സ്‌റേ, സ്‌കാന്‍ റിപ്പോര്‍ട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ വിലയിരുത്തും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: