X

വീട്ടമ്മയുടെ പശു ചത്ത സംഭവം: കുറ്റക്കാരിയല്ലെന്ന് ഡോ ലക്ഷ്മി; വീശദീകരണം ഇങ്ങനെ…

പുല്‍പ്പള്ളി: പുല്‍പ്പള്ളി പട്ടാണിക്കൂപ്പിലെ വീട്ടമ്മയുടെ പശു പ്രസവത്തെ തുടര്‍ന്ന് ചത്ത സംഭവത്തില്‍ വിശദീകരണവുമായി വെറ്ററിനറി ഡോക്ടര്‍ ലക്ഷ്മി. സംഭവത്തില്‍ താന്‍ കുറ്റക്കാരിയല്ലെന്ന് ഡോക്ടര്‍ പറഞ്ഞു. തനിക്കെതിരെ നടക്കുന്ന ആരോപണം തെറ്റാണെന്നും ഡോക്ടര്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് ഡോക്ടര്‍ പറയുന്നത് ഇങ്ങനെ…

ഈ മാസം ഒമ്പതിനാണ് കാട്ടിക്കുളത്ത് നിന്നും ഫാത്തിമ പശുവിനെ വാങ്ങുന്നത്. 11 നാണ് ഇന്‍ഷൂര്‍ ചെയ്യണമെന്ന ആവശ്യവുമായി തന്നെ വിളിക്കുന്നത്. പനിയായിരുന്നതിനാല്‍ 9 മുതല്‍ 13 വരെ അവധിയായിരുന്നു. അതുകൊണ്ട് സ്റ്റാഫിനെ വിളിച്ച് കമ്മലെടുപ്പിച്ച് ഇയര്‍ടാഗ് ചെയ്യണമെന്ന് പറയുകയും ചെയ്തതായി ഡോക്ടര്‍ പറയുന്നു. പിന്നീട് 16 ന് മൂന്നരയോടെ ഫാത്തിമ വിളിക്കുകയും, പശുവിന് പ്രസവവേദന വന്ന കാര്യം അറിയിക്കുകയും ചെയ്തു. ആ സമയത്ത് താന്‍ തലവേദനയായി ഇരിക്കുകയായിരുന്നു. അതുകൊണ്ട് തൊട്ടടുത്ത് സബ്‌സെന്ററിലെ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടറെ വിളിക്കാന്‍ പറയുകയും, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞാന്‍ തന്നെ വരാമെന്ന് പറയുകയും ചെയ്തു.

എന്നാല്‍ പിന്നീട് വിളിക്കുകയുണ്ടായില്ല. പിന്നീട് പുല്‍പ്പള്ളിയിലെ ഡോക്ടറെ വിളിക്കുകയും, രണ്ട് ജൂനിയേഴ്‌സിനെ അങ്ങോട്ടേക്ക് വിടുകയും ചെയ്തതായാണ് അറിയാന്‍ സാധിച്ചത്. പിന്നീട് 17 ന് രാവിലെ ഏഴരയോടെ അരുണ്‍ ഡോക്ടര്‍ വിളിക്കുകയും, ഇങ്ങനെയൊരു കേസുണ്ടെന്നും, ഉപകരണങ്ങളും മറ്റും വേണമെന്ന് പറയുകയുമായിരുന്നു. സിസേറിയന് ആവശ്യമായ ഉപകരണങ്ങള്‍ക്ക് വേണ്ടിയായിരുന്നു പ്രധാനമായും വിളിച്ചത്. താന്‍ അങ്ങോട്ടേക്ക് വരാമെന്ന് പറയുകയും 11 മണിയോടെ താന്‍ അവിടെയെത്തുകയും ചെയ്തു.

ആ സമയത്ത് പശുവിനെ തൊഴുത്തില്‍ ചാണകത്തില്‍ കിടത്തിയിരിക്കുകയായിരുന്നു. പശുവിനെ സിസേറിയന്‍ നടത്തണമെങ്കില്‍ വൃത്തിയുള്ള സാഹചര്യം ഒരുക്കേണ്ടത് അത്യാവശ്യമാണ്. തന്റെ അറിവ് വെച്ച് തൊഴുത്തിലിട്ട് സിസേറിയന്‍ നടത്താനാവില്ലെന്നും, നടത്തുകയാണെങ്കില്‍ തന്നെ വൈക്കോലിട്ട് ബെഡ് ഒരുക്കണമെന്നും പറഞ്ഞു. മാത്രമല്ല, പശുവിനെ സിസേറിയന്‍ നടത്തുമ്പോള്‍ മൂന്ന് ഡോക്ടര്‍മാര്‍ മതിയാവില്ല, പാരാവെറ്ററിനറി സ്റ്റാഫുകളെ ഉള്‍പ്പെടുത്തണമെന്ന് പറയുകയും ചെയ്തു. എന്നാല്‍ അരുണ്‍ ഡോക്ടര്‍ ഇതിനൊന്നും സമ്മതിച്ചില്ല. കുടുംബത്തിന്റെ ജീവിതമാര്‍ഗമാണ് ഈ പശുവെന്നും സിസേറിയന്‍ നടത്തിയാല്‍ തന്നെ അതിനെകൊണ്ട് പ്രയോജനമുണ്ടാകണമെന്നും പറഞ്ഞു. എന്നാല്‍ അപ്പോള്‍ ഡോക്ടര്‍ ഇവിടെ നില്‍ക്കണ്ടന്നായിരുന്നു മറുപടി. പശുവിന്റെ കിടപ്പ് കണ്ട് പന്തികേട് തോന്നിയപ്പോള്‍ എന്തെങ്കിലും കൊടുത്തോയെന്ന് തിരക്കുകയും സൈനസിന്‍ എന്ന മരുന്ന് നല്‍കിയതായി ഡോക്ടര്‍ പറയുകയും ചെയ്തു.

ഈ സമയത്ത് പശുക്കുട്ടിയുടെ തലയും കാലും പുറത്തുകിടക്കുന്ന അവസ്ഥയായിരുന്നു. സിസേറിയനില്ലാതെ തന്നെ ഒരുപക്ഷേ പുറത്തേക്കെടുക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അതിനൊന്നും ഡോക്ടര്‍ സമ്മതിച്ചില്ല. ഡോക്ടര്‍ ഇവിടെ നില്‍ക്കണ്ടെന്ന് പറഞ്ഞതനുസരിച്ച് മരുന്നും പഞ്ഞിയും, ഗ്ലൗസും മറ്റുപകരണങ്ങളും കൊടുത്ത ശേഷം തിരിച്ചുപോകുകയായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു. പിന്നീടാണ് 19 ന് വാട്ട്‌സ് ആപ്പില്‍ വീഡിയോ പ്രചരിക്കുന്നത്. ഇന്നലെ ഓഫീസ് ഉപരോധിക്കുകയും ചെയ്തു. പശുവിനെ ഇന്‍ഷൂര്‍ ചെയ്തില്ലെന്നുള്ളതാണ് തനിക്കെതിരെയുള്ള പ്രധാന ആരോപണം. എന്നാല്‍ നിറചെനയുള്ള പശുവിനെ ഇന്‍ഷൂര്‍ ചെയ്യാന്‍ കമ്പനികള്‍ അനുവദിക്കാറില്ല. ക്ലയിം കിട്ടണമെങ്കില്‍ തന്നെ ഒരുമാസം കഴിയണം. 20 ദിവസം മുന്‍പ് തന്നെ വിളിച്ചുവെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും ഡോക്ടര്‍ പറയുന്നു.

 

chandrika: