X
    Categories: Newsworld

ഖത്തര്‍ അല്‍ഖോറില്‍ വാഹനാപകടം: മലയാളികള്‍ ഉള്‍പ്പെടെ 5 ഇന്ത്യക്കാര്‍ മരിച്ചു; കുട്ടി ഗുരുതരാവസ്ഥയില്‍

അശ്റഫ് തൂണേരി/ദോഹ:

ദോഹ-അല്‍ഖോര്‍ എക്‌സ്പ്രസ്സ് ഹൈവേയിലെ പാലത്തിനു മുകളില്‍ നിന്ന് വാഹനം താഴേക്കു പതിച്ച് 3 മലയാളികള്‍ ഉള്‍പ്പെടെ 5 ഇന്ത്യക്കാര്‍ മരിച്ചു.
കരുനാഗപ്പള്ളി സ്വദേശികളായ റോഷിന്‍ ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30), ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസ് (34), ഇവരുടെ സുഹൃത്തുക്കളായ തമിഴ്നാട് സ്വദേശികളായ നാഗലക്ഷ്മി ചന്ദ്രശേഖരന്‍ (32), പ്രവീണ്‍കുമാര്‍ ശങ്കര്‍ (37) എന്നിവരാണ് മരിച്ചത്. റോഷിന്റെയും ആന്‍സിയുടേയും മകന്‍ ഏദന്‍ (3) ഗുരുതര പരുക്കുകളോടെ ദോഹ സിദ്ര മെഡിസിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച 5 പേരുടെയും മൃതദേഹങ്ങള്‍ അല്‍ഖോര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.സിദ്ര ആശുപത്രിയില്‍ രണ്ടു ശസ്ത്രക്രിയകള്‍ക്ക് വിധേയയായ കുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.
ദോഹ-അല്‍ഖോര്‍ എക്‌സ്പ്രസ്സ് ഹൈവേ എക്‌സിറ്റ് 35-ലെ പാലത്തിനു മുകളില്‍ നിന്നാണ് വാഹനം താഴേക്കു വീണതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രി വൈകിയായിരുന്നു അപകടം. അല്‍ഖോറിലെ ഫ്ളൈ ഓവറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്ക് മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വാഹനം പാലത്തില്‍ നിന്ന് താഴെ വീഴുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന കുട്ടി ഒഴികെയുള്ള 5 പേരും തല്‍ക്ഷണം മരണമടഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് ഉള്‍പ്പെടെ അനന്തര നടപടികള്‍ക്ക് ഖത്തര്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റി രംഗത്തുണ്ട്.

 

Chandrika Web: