X

ദിവ്യയെ ഇനിയും തോളിലേറ്റണോ

എ.ഡി.എം കെ. നവീന്‍ബാബു ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തതിനെത്തുടര്‍ന്ന് ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവേ തലാശേരി കോടതിയില്‍ ഇന്നലെ നടന്നത് ശക്തമായ വാദമുഖങ്ങളാണ്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യക്കെതിരെ പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബവും കോടതിയിലുന്നയിച്ചത് വ്യക്തവും ശക്തവുമായ വാദങ്ങളാണ്. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസുത്രിതമായാണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം വളരെ ഗൗരവമര്‍ഹിക്കുന്നതാണ്. പ്രോസിക്യൂഷന്‍ വാദത്തിനിടെ എതിര്‍പ്പുന്നയിച്ച പ്രതിഭാഗത്തെ കോടതി വിമര്‍ശിക്കുകയും ചെയ്തു. സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്ന എ.ഡി.എമ്മിന് താങ്ങാനാവാത്ത പ്രയാസം ദിവ്യ ഉണ്ടാക്കിയെന്നും വ്യക്തിപരമായ ഈഗോയല്ല ഇരുവരും തമ്മിലെ പ്രശ്‌നമെന്നും വാദിച്ച കുടുംബത്തിന്റെ അഭിഭാഷകന്‍, പെട്രോള്‍ പമ്പ് ബിനാമി ഇടപാടാണെന്നും ദിവ്യയുടെ സാമ്പത്തിക താല്‍പര്യവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്.

പി.പി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതലേ പിണറായി സര്‍ക്കാറില്‍ നിന്നുമുണ്ടാകുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നുവെങ്കിലും അറസ്റ്റ് ചെയ്യാന്‍ 5 പൊലീസിനായിട്ടില്ല. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ആത്മഹത്യ പ്രേരണക്കുറ്റം അടക്കമുള്ളവയാണ് ചുമത്തിയിരിക്കുന്നത്. ദിവ്യക്കെതിരെ പ്രതിഷേധം ശക്തമായതിനെതുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് ഇടതു സര്‍ക്കാര്‍ കേസെടുക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെപ്പിക്കാനും തയാറായത്. ഉപതിരഞ്ഞെടുപ്പുകളുടെ സാഹചര്യത്തിലാണ് നടപടിയെന്നതും ശ്രദ്ധേയമാണ്. ലക്ഷക്കണക്കിന് വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിഷേധവും ദിവ്യക്കെതിരെ നടപടിയെടുക്കാന്‍ കാരണമായിട്ടുണ്ട്. പക്ഷേ അപ്പോഴും ദിവ്യയെ അറസ്റ്റ് ചെയ്യാനോ കണ്ടെത്താനോ പൊലീസിനാകുന്നില്ല എന്നത് ഇടതു സര്‍ക്കാറിന്റെ ഒളിച്ചുകളി വ്യക്തമാക്കുന്നതാണ്. കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതുവരെ ദിവ്യയെ സംരക്ഷിക്കുകയായിരിക്കും സര്‍ക്കാര്‍ ചെയ്യുക.

ഇതാദ്യമായല്ല പി.പി ദിവ്യക്കെതിരെ ഇത്തരത്തിലുള്ള ആരോപണമുയരുന്നത്. 2016ലെ കുട്ടിമാക്കൂലില്‍ ദലിത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ അന്നത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും ഇന്നത്തെ സ്പിക്കറുമായ എ.എന്‍ ഷംസീറിനെതിരെയും പി.പി ദിവ്യക്കുമെതിരെ കേസെടുത്തിരുന്നു. ദിവ്യ അന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസ് തലശ്ശേരി ബ്ലോക്ക് സെക്രട്ടറിയായിരുന്ന കുട്ടിമാക്കൂലിലെ എന്‍. രാജന്റെ മകള്‍ അഞ്ജന ഡി.വൈ.എഫ്.ഐ നേതാക്കള്‍ ചാനല്‍ ചര്‍ച്ചക്കിടയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മനംനൊന്ത് ആത്മഹത്യക്കു ശ്രമിച്ചുവെന്നായിരുന്നു കേസ്. ഇതു സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ്
അവസാനിപ്പിക്കുകയായിരുന്നു.

നവീന്‍ ബാബു ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിലും ദിവ്യയുടെ പങ്ക് വ്യക്തമാണ്. സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്ന എ.ഡി.എമ്മിന് താങ്ങാനാവാത്ത പ്രയാസമാണ് ദിവ്യ വരുത്തിവെച്ചത്. സംഭവത്തിന് ശേഷവും എ.ഡി.എ മ്മിന് താറടിച്ചുകാണിക്കുകയാണുണ്ടായത്. നന്നായി പ്രവര്‍ ത്തിച്ച ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം ഉയര്‍ത്തിയത്. ഭരണഘടന ഉത്തരവാദിത്വമുള്ള എ.ഡി.എമ്മിനെയാണ് ഭീഷണിപ്പെടുത്തിയത്. ഇത് ആത്മഹത്യ പ്രേരണ തന്നെയാണ്. മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണ്. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന കലക്ടറുടെ മൊഴി സംഭവം ആസൂത്രിതമാണെന്നതിന്റെ തെളിവാണ്. സ്റ്റാഫ് കൗണ്‍സിലിന്റെ പരിപാടിയില്‍ ദിവ്യക്ക് പങ്കെടുക്കേണ്ട കാര്യമില്ല. ദിവ്യയുടെ പ്രസംഗം വ്യക്തമായ ഭീഷണി സ്വരത്തിലായിരുന്നു രണ്ട് ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിന്റെ അടിസ്ഥാന ചാനലുകള്‍ക്ക് എത്തിച്ചു കൊടുത്തതും ആസൂത്രിതമാണ്. വീഡിയോ നവീന്‍ ബാബു സ്ഥലം മാറി പോകുന്നതും സ്വന്തം നാടുമായ പത്തനംതിട്ടയില്‍ അടക്കം പ്രചരിച്ചു. ഇനി പോകുന്ന ഇടത്തും അപമാനിക്കലായിരുന്നു ലക്ഷ്യം.

അഴിമതിക്കെതിരെ സന്ദേശം നല്‍കാനാണ് യാത്രയയപ്പ് യോഗത്തില്‍ എത്തി പരസ്യ പ്രതികരണം നടത്തിയതെന്ന ദിവ്യയുടെ പ്രതികരണം അവ വിശ്വസനിയമാണ്. അഴിമതി നടന്നെങ്കില്‍ പരാതി നല്‍കേണ്ടത് ഔദ്യോഗിക വഴിയിലാണ്. കലക്ടര്‍ക്ക് ഉള്‍പ്പെടെ ദിവ്യ പരാതി നല്‍കണമായിരുന്നു. എക് സിക്യൂട്ടീവ് മജിസ്‌ട്രേറ്റായ എ.ഡി.എമ്മിനോട് സ്ഥലം സന്ദര്‍ശിക്കാന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ എങ്ങനെയാണ് നിര്‍ദേശിക്കുന്നത്. പെട്രോള്‍ പമ്പ് ബിനാമി ഇടപാടാണ്. ഇതിലെ ദിവ്യയുടെ ബന്ധവും അന്വേഷിക്കണം. പെട്രോള്‍ പമ്പ് അനുമതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരിധിയില്‍ വരുന്നതല്ല. പിന്നെ എങ്ങിനെ ദിവ്യ ഇടപെട്ടു! നിയമവിരുദ്ധമായി അനുമതി നല്‍കാത്തതാണ് എ.ഡി.എമ്മിനോട് ദിവ്യക്ക് വൈരാഗ്യം വരാന്‍ കാരണം. പി.പി ദിവ്യ എന്ന പൊതുപ്രവര്‍ത്തകയുടെ ശരീരഭാഷ, വാക്കുകള്‍, അനൊചിത്യ പ്രതികരണങ്ങള്‍ എന്നിവ പ്രത്യക്ഷ്യത്തില്‍ തന്നെ എല്ലാം വ്യക്തമാക്കുന്നുണ്ട്. എന്നാലിത് ഒരു വ്യക്തിയുടെ അഹന്തയും പകയും പ്രതികാരനടപടികളും മാത്രമായി വിലയിരുത്തിയാല്‍ പോര, അധികാര രാഷ്ട്രീയത്തിന്റെ ഹുങ്കും അഹങ്കാരവും കൂടിയാണത്. ദിവ്യ എന്ന രാഷ്ട്രിയ പ്രവര്‍ത്തക സ്ഥാനമാനങ്ങള്‍ രാജിവെച്ചാലും നിയമനടപടികള്‍ നേരിടേണ്ടി വന്നാലും തീരില്ല യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍. എ.ഡി.എമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി, അത് അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്ത വേദിയും സമയവും അവരുടെ മുന്നില്‍ ഉണ്ടായിരുന്ന നിയമപര ഭരണപരവുമായ മറ്റു വഴികള്‍, അത് ഉന്നയിക്കാന്‍ ഇടയാക്കിയ നിക്ഷിപ്ത താല്‍പര്യങ്ങളൊക്കെ വീണ്ടും വീണ്ടും പരിശോധിക്കപ്പെടേണ്ടതുണ്ട്. ദിവ്യമാര്‍ക്ക് കിട്ടുന്ന അന്ധമായ പൊതു സ്വീകാര്യതയും പാര്‍ട്ടി സംരക്ഷണവും മുന്നും പിന്നും നോക്കാതെ ആരുടെ നേരെയും എന്തും ചെയ്യാന്‍ പ്രേരണ നല്‍കുന്ന സാഹചര്യവും പരിശോധിക്കപ്പെടണം. നമ്മുടെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തിന് ദിശയും ചൈതന്യവും നല്‍കേണ്ട മൂല്യത്തിന് ആശയപരമായും പ്രായോഗികമായും പ്രസക്തി നഷ്ടപ്പെട്ടുകൂടാ.

webdesk17: