കെ.എന്‍.എ ഖാദര്‍
ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ പ്രോവിന്‍സുകളില്‍ അവര്‍ ഗവര്‍ണര്‍മാരെ നിയമിച്ചിരുന്നു. സ്വതന്ത്ര ഭാരതത്തില്‍ അതിന്റെ ആവശ്യം ഉണ്ടോ എന്ന തര്‍ക്കം ഭരണഘടനാനിര്‍മ്മാണ സഭയില്‍ ഉയര്‍ന്നിരുന്നു. അറുനൂറോളം നാട്ടുരാജ്യങ്ങളായി നിലനിന്നിരുന്ന ഇന്ത്യയെ ഒറ്റ രാഷ്ട്രമാക്കി മാറ്റുക എന്ന വെല്ലുവിളി അന്നത്തെ ദേശീയ നേതാക്കള്‍ അഭിമുഖീകരിച്ചിരുന്നു. അതുകൊണ്ട്തന്നെ യൂണിയന്‍ ഗവണ്‍മെ ന്റിന് എല്ലാ സംസ്ഥാനങ്ങളെയും നിയന്ത്രണത്തിലാക്കാന്‍ ഗവര്‍ണര്‍ പദവി തുടരുന്നതാണ് നല്ലതെന്ന ചിന്തയാണ് ഈ പദവി തുടരാന്‍ കാരണമായിതീര്‍ന്നത്. സാഹചര്യങ്ങളില്‍ ഏറെ മാറ്റം വന്നതിനാല്‍ ഇനിയും ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങളില്‍ വേണമോ എന്ന് ചിന്തിക്കാന്‍ സമയമായിരിക്കുന്നു. സംസ്ഥാനങ്ങളും ഗവര്‍ണര്‍മാരും തമ്മില്‍ ധാരാളം ഏറ്റുമുട്ടലുകള്‍ ഇന്ന് സര്‍വസാധാരണമാണ്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന സി.എന്‍ അണ്ണദൂരൈ പ്രസിദ്ധമായ ഒരു വാചകം പണ്ട് പറഞ്ഞിരുന്നു. ആട്ക്ക് താടിയും നട്ടുക്ക് ഗവര്‍ണറും തേവയില്ലൈ എന്നായിരുന്നു അത്. അജഗളസ്തനം പോലെ ഗവര്‍ണര്‍ പദവിയും അനാവശ്യമാണെന്ന ആ വാക്കുകള്‍ ഇന്ന് കൂടുതല്‍ പ്രസക്തമാണ്. ആദ്യകാലത്ത് വളരെ പ്രഗത്ഭരായ പലരും ഈ പദവി അലങ്കരിക്കുകയും ദേശീയ ലക്ഷ്യങ്ങളുടെ സാക്ഷാത്കരണത്തിനുവേണ്ടി മാതൃകാപരമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് സംഘട്ടനങ്ങള്‍ക്ക് ഇടയാകാതെ അവര്‍ ശ്രദ്ധിച്ചിരുന്നു.
പിന്നീട് ഇന്ത്യന്‍ പ്രസിഡന്റായിതീര്‍ന്ന വി.വി ഗിരി കേരള ഗവര്‍ണര്‍ ആയിരുന്നു. നാട്ടുരാജ്യങ്ങളെ സ്വതന്ത്ര ഇന്ത്യയില്‍ ലയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വി.പി മേനോന്‍ ആദ്യ മലയാളി ഗവര്‍ണര്‍ ആയിരുന്നു. ഒറീസയിലായിരുന്നു നിയമനം. മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള പഞ്ചാബിലും വി വിശ്വനാഥന്‍ കേരളത്തിലും ജസ്റ്റിസ് ഫാത്തിമ ബീവി തമിഴ്‌നാട്ടിലും ഗവര്‍ണര്‍മാരായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും കവിയിത്രിയുമായിരുന്ന സരോജിനി നായിഡുവും അവരുടെ മകള്‍ പത്മജാനായിഡുവും ഈ പദവി അലങ്കരിച്ച മഹതികളാണ്. കേരളപ്പിറവിക്ക്‌ശേഷം ആദ്യ ഗവര്‍ണറായി കേരളത്തില്‍ സേവനമനുഷ്ഠിച്ചത് ബി. രാമകൃഷ്ണറാവു ആയിരുന്നു. ഇന്നത്തെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ഇനിയും ഗവര്‍ണര്‍ എന്ന പദവി സംസ്ഥാനങ്ങളില്‍ ആവശ്യമുണ്ടോ എന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും ആലോചിക്കണം. സുഗമമായ സംസ്ഥാന ഭരണത്തിന് ആ പദവി ഇന്നൊരു തടസമാണെന്ന വിമര്‍ശനം നിലനില്‍ക്കുന്നു. കേന്ദ്രം ഭരിക്കുന്ന കക്ഷികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്നും ഗവര്‍ണര്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് ചില ഗവര്‍ണര്‍മാര്‍ പദവിയുടെ മഹത്വം മറന്ന് പെരുമാറുന്നു. അതുവഴി സംസ്ഥാനങ്ങളില്‍ അധികാര കേന്ദ്രങ്ങള്‍ രണ്ടുള്ളപോലെ അനുഭവപ്പെടുന്നു.
ഭരണഘടനയുടെ ആറാം ഭാഗത്തിലാണ് സംസ്ഥാന ഭരണ സംവിധാനത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. 153ാം അനുച്ഛേദം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഓരോ ഗവര്‍ണര്‍മാര്‍ ഉണ്ടാകുമെന്ന് പറയുന്നു. 1956 ലെ ഏഴാം ഭരണഘടനാഭേദഗതി വഴി ഒരേ ആളിന് ഒന്നിലധികം സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവി വഹിക്കാവുന്നതാണ്. ഭരണഘടനയുടെ 152 മുതല്‍ 237 വരെ വകുപ്പുകള്‍ സംസ്ഥാന ഗവണ്‍മെ ന്റുകളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇന്ത്യന്‍ പൗരനായിരിക്കണമെന്നതും ചുരുങ്ങിയത് 35 വയസ് പ്രായമുണ്ടായിരിക്കണം എന്നതും മാത്രമാണ് ഗവര്‍ണറുടെ യോഗ്യതയായി പറയുന്നത്. ലോക്‌സഭ, രാജ്യസഭ, നിയമസഭ തുടങ്ങിയ ഒന്നിലും അംഗമായിരിക്കരുതെന്നും ആനുകൂല്യം പറ്റുന്ന മറ്റു സര്‍ക്കാര്‍ പദവികള്‍ ഉണ്ടായിരിക്കരുതെന്നും നിബന്ധനയുണ്ട്. അഥവാ അപ്രകാരമുള്ള അയോഗ്യതകള്‍ തീര്‍ക്കാന്‍ ചുമതലയേല്‍ക്കുംമുമ്പ് അവയെല്ലാം ഉപേക്ഷിച്ചാല്‍ മതിയാകും. ഗവര്‍ണര്‍ ഭരണത്തലവനായിരിക്കുമെന്ന് പറയുന്നുവെങ്കിലും എക്‌സിക്യൂട്ടീവ് ഹെഡ് എന്ന നിലയില്‍ അധികാരം പരിമിതമാണ്. അതത് സംസ്ഥാന മന്ത്രിസഭകളുടെ ഉപദേശമനുസരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കേണ്ടത്. അദ്ദേഹമാണ് അഡ്വക്കേറ്റ് ജനറല്‍, പി.എസ്.സി ചെയര്‍മാന്‍ അംഗങ്ങള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയവരെ നിയമിക്കുന്നത്. 154ാം വകുപ്പ് നല്‍കുന്ന ഭരണ നിര്‍വഹണ അധികാരങ്ങളില്‍ അവയെല്ലാം ഉള്‍പ്പെടുന്നു. 213ാം വകുപ്പ് അനുസരിച്ച് ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാന്‍ അംഗീകാരം ലഭിക്കുന്നു. അതെല്ലാം സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് അനുസരിച്ചാണ് ചെയ്യേണ്ടതും.
സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണറാണ് ശിപാര്‍ശ ചെയ്യേണ്ടത്. 161ാം വകുപ്പ് അനുസരിച്ച് ശിക്ഷ ഇളവ് ചെയ്യാനധികാരം ഗവര്‍ണര്‍ക്കുണ്ട്. അതും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത് അനുസരിച്ചാണ്. നിയമസഭ വിളിച്ചുകൂട്ടാനുള്ള അധികാരവും മന്ത്രിസഭ ശുപാര്‍ശ ചെയ്യുമ്പോള്‍ മാത്രമാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും നിയമിക്കുന്നതും ഗവര്‍ണറാണ്. സഭയില്‍ ഭൂരിപക്ഷം സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ച് അദ്ദേഹത്തിന് ഇഷ്ടമുള്ളവരെ മുഖ്യമന്ത്രിയാക്കാം. ഈ അധികാരം ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ദുര്‍വിനിയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതിയുടെ പ്രതിപുരുഷനായ ഗവര്‍ണറാണ് എല്ലാവര്‍ഷവും നിയമസഭയില്‍ ആദ്യം അഭിസംബോധന ചെയ്യുന്നത്. അതുപോലും ഭരിക്കുന്ന കക്ഷിയും മന്ത്രിസഭയും എഴുതി തയ്യാറാക്കിയത് വായിക്കല്‍ മാത്രമാണ്. മന്ത്രിസഭയും നിയമസഭയും പിരിച്ചുവിടാനും നിര്‍ത്തിവെപ്പിക്കാനും ഗവര്‍ണര്‍മാര്‍ക്ക് അധികാരമുണ്ട്. എങ്കിലും അവയെല്ലാം വിവിധ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ഗവര്‍ണര്‍മാര്‍ക്ക് സുമാര്‍ മൂന്നര ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം, ആയതും സംസ്ഥാനമാണ് വഹിക്കേണ്ടത്. ഒന്നിലധികം സംസ്ഥാനങ്ങളില്‍ ചുമതലയുള്ള ആളാണെങ്കിലും രണ്ടു സംസ്ഥാനങ്ങളും തുല്യമായാണ് വഹിക്കേണ്ടത്. ഗവര്‍ണര്‍മാരുടെ പെന്‍ഷന്‍ നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാറാണ്. നിയമസഭ പാസാക്കുന്ന ബില്‍ രണ്ടു തവണയിലധികം മടക്കി അയക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. മൂന്നാം തവണ അതേ ബില്‍ വീണ്ടും വന്നാല്‍ ഒപ്പിടല്‍ നിര്‍ബന്ധമാണ്. ഇന്നത്തെ ഇന്ത്യയില്‍ ഗവര്‍ണര്‍മാര്‍ പൂര്‍ണമായും കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രസിഡന്റാണ് ഗവര്‍ണര്‍മാരെ നിയമിക്കുന്നതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പേരുകള്‍ മാത്രമാണ് പ്രസിഡന്റുമാര്‍ പരിഗണിക്കാറുള്ളത്. ഭരിക്കുന്ന പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാക്കളെയും അവരോട് അനുഭാവമുള്ള ഉന്നതരായ ഉദ്യോഗസ്ഥന്മാരേയും ഒക്കെയാണ് സാധാരണ ഈ തസ്തികയില്‍ നിയമിച്ചു കാണാറുള്ളത്. ദേശീയ തലത്തില്‍ ശക്തരായ കേന്ദ്രവും ഏറെ സംസ്ഥാനങ്ങളും ഭരിക്കുന്ന പാര്‍ട്ടി ഏതായാലും അവര്‍ക്ക് പ്രമുഖരായ പലര്‍ക്കും ലാവണം കണ്ടെത്തേണ്ടി വരിക പതിവാണ്. അതുകൊണ്ട്തന്നെ ഗവര്‍ണര്‍ പദവി നിലനിര്‍ത്തുന്നതില്‍ അത്തരം പാര്‍ട്ടികള്‍ക്ക് താല്‍പര്യം കാണുമല്ലോ. അമേരിക്കയില്‍ ഗവര്‍ണര്‍മാരെ ജനം വോട്ട് ചെയ്ത് തിരഞ്ഞെടുക്കുകയാണ്. അങ്ങിനെ വരുമ്പോള്‍ അവര്‍ക്ക് ജനാധിപത്യബോധവും ജനങ്ങളോട് പ്രതിബന്ധതയും കാണും. നമ്മുടെ ഗവര്‍ണര്‍മാര്‍ക്ക് അതിന്റെയൊന്നും ആവശ്യം വരുന്നില്ല. അവര്‍ക്ക് പ്രീതിപ്പെടുത്താനുള്ളത് അവരെ ആ പദവിയില്‍ എത്തിച്ചവരെ മാത്രമാണല്ലോ.
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുകയാണെന്ന പരാതി ശക്തിപ്പെട്ടു വരികയാണ്. ആരോഗ്യം, വിദ്യാഭ്യാസം, ധനകാര്യം, കൃഷി, സഹകരണം തുടങ്ങിയ മേഖലകളിലെല്ലാം കേന്ദ്രം പുതിയ നിയമം ഉണ്ടാക്കി അധികാരം സംസ്ഥാനങ്ങളുടെ പട്ടികയില്‍നിന്ന് നേരിട്ട് ഏറ്റെടുത്ത് വരികയാണ്. ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവം അങ്ങിനെ നഷ്ടപ്പെടുകയാണ്. ചില മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചതുപോലെ ഇന്ത്യയെ മൊത്തം ഒരു കേന്ദ്ര ഭരണപ്രദേശമായി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ വിജയകരമായി നടന്നു വരികയാണ്. ഗവര്‍ണര്‍മാരാകട്ടെ സംസ്ഥാനങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും തടസം സൃഷ്ടിക്കുകയാണ്. മിക്കവാറും രാഷ്ട്രീയ നേതാക്കളെപോലെ സംസ്ഥാനത്തെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നതും അഭിപ്രായം പറയുന്നതും ഈ പദവി കൊണ്ട് വിഭാവനം ചെയ്തിട്ടില്ലാത്തതാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടക്ക് നല്ല ബന്ധങ്ങള്‍ വളര്‍ത്തുകയും സന്തുലിതത്വം കാത്ത്‌സൂക്ഷിക്കുകയും ചെയ്യേണ്ടത് ഗവര്‍ണര്‍മാരാണ്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ കാരണം അവ വിസ്മരിക്കപ്പെടുന്നു. ഭരിക്കുന്നത് ഏത് കക്ഷി ആയാലും ഭരണ ഘടന വിഭാവനം ചെയ്ത ഫെഡറലിസവും ജനാധിപത്യവും സംരക്ഷിക്കാന്‍ ഈ പദവി ഇന്ന് പ്രയോജനപ്പെടുത്തുന്നില്ല. തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍ ഏത് പാര്‍ട്ടിയായാലും ജനാഭിലാഷം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാന്‍ അവരെ അനുവദിക്കുകയാണ് അഭികാമ്യം. കാലാവധി തീരുന്നതുവരെ അവര്‍ ഭരിക്കട്ടെ. അവരുടെ തലക്ക് മീതെ മറ്റൊരു രാജാവ് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സംസ്ഥാന സര്‍ക്കാറുകള്‍ ഉള്‍പ്പെടെ അധികാരമുള്ളവരാരും അതിരുവിട്ട് പെരുമാറിക്കൂടാ. തികച്ചും ഭരണഘടന വിധേയത്വവും ജനങ്ങളോടുള്ള പ്രതിബന്ധതയും പ്രധാനമാണ്. സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ നിയമിക്കണമെന്ന ഭരണഘടനയുടെ 153ാം അനുച്ഛേദം ഭേദഗതി ചെയ്ത് ഗവര്‍ണര്‍ പദവികള്‍ എടുത്തുകളയലാണ് സംസ്ഥാനങ്ങള്‍ക്ക് നല്ലതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ വിഷയം രാഷ്ട്രീയ കക്ഷികളുടെയും ജനപ്രതിനിധികളുടെയും ചര്‍ച്ചക്ക് വിധേയമാക്കട്ടെ.