കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ക്രമസമാധാന തകര്‍ച്ചയെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിമര്‍ശനത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിനെക്കുറിച്ച് നിങ്ങള്‍ ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും ജഹാംഗിര്‍പുരിയും ഖാര്‍ഗോണും നോക്കിയാല്‍ മതിയെന്നുമായിരുന്നു മമതയുടെ മറുപടി. ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലേയും മധ്യപ്രദേശിലേയും ക്രമസമാധാന തകര്‍ച്ചയെക്കുറിച്ചാണ് നിങ്ങള്‍ ആദ്യം ഉത്കണ്ഠപ്പെടേണ്ടത്. ബി.ജെ.പി സമൂഹത്തില്‍ വിദ്വേഷത്തിന്റെയും വിഭജനത്തിന്റേയും വിത്ത് വിതക്കുകയാണ്. ഈദ് ദിനത്തില്‍ പോലും സംഘര്‍ഷത്തിന് കോപ്പു കൂട്ടുന്നു. രാജ്യത്തിന്റെ ജനാധിപത്യ ഘടനക്കു മേല്‍ ബുള്‍ഡോസര്‍ രാജ് നടപ്പാക്കാന്‍ ശ്രമിക്കരുത്. തീകൊണ്ട് കളിച്ചാല്‍ ജനങ്ങളില്‍ നിന്ന് ചുട്ട മറുപടി ലഭിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. കാലിക്കടത്ത്, നുഴഞ്ഞുകയറ്റം, അതിര്‍ത്തി സുരക്ഷ.., അങ്ങനെ നോക്കാന്‍ ഉത്തരവാദപ്പെടുത്തിയ ജോലികള്‍ നിങ്ങള്‍ക്ക് വേറെ തന്നെയില്ലേയെന്നും മമത പരിഹസിച്ചു.