ലഖ്‌നൗ: സര്‍ക്കാര്‍ രൂപീകരണ ശേഷം നടന്ന ആദ്യ ബിജെപി എക്‌സിക്യൂട്ടീവ് മീറ്റിങില്‍ പാര്‍ട്ടി അണികളെ ബോധവല്‍ക്കരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമം കയ്യിലെടുക്കാന്‍ ആരും ശ്രമിക്കരുത്. നമ്മുടെ പാര്‍ട്ടിയാണ് ഇപ്പോള്‍ ഭരിക്കുന്നത്. തെറ്റായ ചിന്താഗതികളെല്ലാം മാറ്റാന്‍ നാം തയാറാവണം. ലഖ്‌നൗവില്‍ തിങ്കളാഴ്ച ആരംഭിച്ച ദ്വിദിന മീറ്റില്‍ അണികളെ അഭിസംബോധന ചെയ്തു സംസാരിച്ച യോഗി പറഞ്ഞു.
നിയമം കയ്യിലെടുക്കരുതെന്ന ആഹ്വാനം ചെയ്യുന്ന നാം തന്നെ നിയമം കയ്യിലെടുത്തു കൂടാ. എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം. അവ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. വികാരപ്രകടനങ്ങള്‍ ആരെയും മുറിവേല്‍പ്പിക്കുന്നതാവരുത്. നമ്മുടെ ചിന്താഗതികള്‍ മാറ്റാന്‍ നാം തയാറാവണം. കാരണം, പഴയ പോലെ ഇപ്പോള്‍ നാം പ്രതിപക്ഷത്തല്ല. ഭരണകക്ഷിയാണ്-യോഗി ആദിത്യനാഥ് പറഞ്ഞു.
ഈയിടെ ആഗ്രയിലും സഹാറന്‍പൂരിലും ബിജെപി-ബംജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടിയത് പ്രതിപക്ഷ കക്ഷികളുടെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ജാതി-വര്‍ണാധിഷ്ഠിത രാഷ്ട്രീയത്തിന് അറുതി വരുത്തി വികസനവും ദേശീയതയും അടിസ്ഥാനമാക്കിയുള്ള രാഷ്ടീയ മുന്നേറ്റത്തിന്റെ തുടക്കമാണ് യുപിയിലെ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.