അഴിമതി ഉള്‍പ്പെടെ 65 വാക്കുകള്‍ക്ക് പാര്‍ലമെന്റില്‍ വിലക്ക്. സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, കൊവിഡ് വ്യാപി തുടങ്ങിയ പദങ്ങളും ഉപയോഗിക്കരുത്. അരാജകവാദി, ശകുനി, ഗുണ്ട, കരിദിനം, നാടകം, കാപട്യം, ചതി, അഹങ്കാരം തുടങ്ങിയ ഒരു കൂട്ടം വാക്കുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. ഇവയൊക്കെ ഉപയോഗിച്ചാല്‍ അത് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യും. ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ ബുക്ക്ലെറ്റിലാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം. വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായാണ് നിര്‍ദ്ദേശങ്ങള്‍.
അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടികയിലാണ് ഇവ ഉള്‍പ്പെടുത്തിയത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് തടസ്സപ്പെടുത്താനാണ് വാക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും ഇനിയും ഈ വാക്കുകള്‍ പറയുമെന്നും പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. ഞാന്‍ ആ വാക്കുകള്‍ ഉപയോഗിക്കും. എന്നെ സസ്പെന്റ് ചെയ്യൂ. ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടമാണിത്. -തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.