ന്യൂഡല്‍ഹി: ഇ.വി.എമ്മുകളില്‍നിന്ന് ഡേറ്റ നീക്കം ചെയ്യുകയോ പുതിയ ഡേറ്റ ചേര്‍ക്കുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി. വോട്ടെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രങ്ങളുടെ കൈകാര്യം സംബന്ധിച്ച ചട്ടപ്രകാരമുള്ള കാര്യങ്ങള്‍ എന്താണെന്ന് സുപ്രീംകോടതി കമീഷന്റെ പ്രതികരണം തേടി. വോട്ടെണ്ണല്‍ കഴിഞ്ഞാലും യന്ത്രങ്ങളില്‍നിന്ന് ഡേറ്റ മായ്ക്കരുതെന്ന ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടങ്ങിയ ബെഞ്ച് ഉത്തരവിറക്കിയത്.
ഇ.വി.എം മെമ്മറി ഒഴിവാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ കമീഷന്‍ കോടതിയെ അറിയിച്ചിരിക്കണം. ഇത് വിദ്വേഷത്തോടെ പറയുന്നതല്ലെന്നും തോറ്റയാള്‍ക്ക് കൂടുതല്‍ വ്യക്തത വേണമെങ്കില്‍, ഇതു കൈകാര്യം ചെയ്യുന്ന എന്‍ജിനീയര്‍ക്ക് നിയമവിരുദ്ധമായതൊന്നും നടന്നിട്ടില്ലെന്ന് പറയാനാകണം. -ചീഫ് ജസ്റ്റിസ് പറഞ്ഞു.
എഡിആറിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും ഹരജി കേള്‍ക്കുമ്പോഴാണ് കോടതിയുടെ സുപ്രധാന പരാമര്‍ശങ്ങളുണ്ടായത്. ഇ.വി.എമ്മില്‍ നീക്കിയ ഡേറ്റ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നയം രൂപവത്കരിക്കുന്നതിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജികളിലെ ആവശ്യം. ഇ.വി.എമ്മുകളില്‍ ‘ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്’ എന്‍ജിനീയര്‍മാര്‍ ഡമ്മി ചിഹ്നങ്ങള്‍ അപ് ലോഡ് ചെയ്തതായി സുപ്രീംകോടതിയെ അറിയിച്ചു. ഇ.വി.എമ്മിലെ ഡേറ്റ മായ്ച്ചതായും വ്യക്തമാക്കി. ഇത് ചീഫ് ജസ്റ്റിസ് ചോദ്യം ചെയ്തു. മാര്‍ച്ച് 3ന് കേസ് വീണ്ടും കോടതി പരിഗണിക്കും.