ടി.കെ.എ അസീസ്
സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ബസ് ഉടമകള്‍ ഉന്നയിച്ച കാര്യങ്ങളില്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് ഒഴികെ ബാക്കി അവര്‍ ഉദ്ദേശിച്ച പോലെയായിട്ടുണ്ട്. 12 രൂപ മിനിമം നിരക്ക് ആവശ്യപ്പെടുമ്പോള്‍ അത് 10 രൂപയാക്കി അംഗീകരിക്കുമെന്ന് അവര്‍ക്കറിയാം. 1.10 പൈസ കിലോമീറ്റര്‍ നിരക്കില്‍ മിനിമം ദൂരം കഴിച്ച്‌വേണമെന്ന് ആവശ്യപ്പെടുമ്പോഴും അത്ഒരു രൂപയാക്കുമെന്നും അവര്‍ക്കറിയാം. നേരത്തെ തന്നെ കോവിഡ് പ്രശ്‌നം പറഞ്ഞ് മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററില്‍നിന്ന് രണ്ടര കിലോമീറ്ററാക്കി കുറക്കാന്‍ അവര്‍ക്ക് സാധിച്ചു. ബസ് വ്യവസായത്തെ രക്ഷിക്കുന്നതിന് ആരും എതിരല്ല. പൊതുഗതാഗത സംവിധാനം നിലനില്‍ക്കുകതന്നെ വേണം. എന്നാല്‍ പൊതുഗതാഗതം നിലനില്‍ക്കുന്നത് ജനങ്ങള്‍ വാഹനത്തില്‍ കയറുന്നതുകൊണ്ടാണെന്നും ബസ് ഗതാഗത സംവിധാനം വ്യവസായം എന്നതിലുപരി സര്‍വീസാണെന്നും മറന്നുപോകുന്നു. അഥവാസര്‍ക്കാറിന്റെ തീരുമാനങ്ങളില്‍ പൊതുജനങ്ങളുടെ താല്‍പര്യം ഒരു ഘട്ടത്തിലും പരിഗണനക്ക് വരുന്നില്ല. 2020 ജൂലൈ മാസമാണ് അവസാനം കേരളത്തില്‍ ബസ് നിരക്ക് വര്‍ധനവ് നിലവില്‍ വന്നത്. കോവിഡ് കാരണം ജനങ്ങള്‍ പുറത്തിറങ്ങാത്ത സാഹചര്യത്തില്‍ ബസ് ഉടമകള്‍ക്കും പ്രയാസം ഉണ്ടായി. ഇത് പരിഹരിക്കാന്‍ താല്‍ക്കാലിക പരിഗണനയിലാണ് മിനിമം ചാര്‍ജ്ജിന്റെ യാത്രാദൂരം വെട്ടിക്കുറയ്ക്കുന്നത് എന്നാണ്അന്ന് ഗതാഗത മന്ത്രിയായിരുന്ന എ.കെശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. കോവിഡ് പ്രയാസം അവസാനിച്ച് വാഹനങ്ങളില്‍ പഴയപോലെ ജനങ്ങള്‍ കയറാന്‍ തുടങ്ങിയ പരിതസ്ഥിതിയിലാണ് പുതിയ വര്‍ധനവ്. കഴിഞ്ഞ സര്‍ക്കാറിന്റെതുടര്‍ച്ചയായ ഇന്നത്തെ സര്‍ക്കാര്‍ ആ ഭാഗം മിണ്ടാതെ സമര്‍ത്ഥമായ മൗനം പാലിക്കുകയാണ്.
ഇന്ത്യയില്‍ ഏറ്റവും നിരക്ക് വര്‍ധനവ് ഉള്ള സംസ്ഥാനമാണ് കേരളം. തമിഴ്‌നാട്ടില്‍ മിനിമം ചാര്‍ജ്ജ് 5 രൂപയാണ്. സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാണ്. കര്‍ണാടകയിലും ആന്ധ്രയിലും കുറഞ്ഞ നിരക്കാണ്. കര്‍ണാടകയില്‍ പ്ലസ്ടു വരെയുള്ളവിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയാണ്. കേരളത്തെപോലെ കുത്തിനിറച്ച് യാത്രക്കാരെ കൊണ്ടുപോകുന്ന പതിവ് മറ്റ് പല സംസ്ഥാനങ്ങളിലുമില്ല. ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് നല്‍കുന്നില്ല. മലിനീകരണ നിയന്ത്രണ നിയമം കര്‍ശനമായി പാലിക്കുന്നുണ്ട്. ഈ കാര്യത്തിലെല്ലാം കേരളം ഇളവ് നല്‍കിയിട്ടും സമരതന്ത്രങ്ങളുടെ മറവില്‍ സര്‍ക്കാറിനേയും ജനങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തുകയാണ് ബസ് ഉടമകളുടെ സംഘടനകള്‍ ചെയ്യുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബസ് യാത്രാനിരക്ക് പരിഷ്‌കരണ കമ്മീഷനായി ജസ്റ്റിസ് രാമചന്ദ്രനെയാണ് നിയമിക്കുന്നത്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നവര്‍ക്കറിയാം പൂര്‍ണമായും ബസ് ഉടമകളുടെ ഇംഗീതം മാത്രമാണ് അദ്ദേഹം പരിഗണിക്കുന്നത് എന്ന്. ഒരു ഘട്ടത്തിലുംയാത്രക്കാര്‍ക്ക് നീതികിട്ടേണ്ട ഒരുകാര്യവും ഉന്നയിച്ചതായി അറിയില്ല. നിലവിലെഫെയര്‍സ്റ്റേജ് സംവിധാനം അപാകതകള്‍ നിറഞ്ഞതാണെന്നും അത് പരിഹരിക്കാന്‍ ശുപാര്‍ശ ചെയ്യണമെന്നും ഉപഭോക്തൃസംഘടനകള്‍ കമ്മീഷന്‍ മുമ്പാകെ പലതവണ ആവശ്യപ്പെട്ടിരുന്നു. സഞ്ചരിക്കാത്ത ദൂരത്തിന് യാത്രക്കാരോട് തുക ഈടാക്കുന്ന അപാകത പരിഹരിക്കാന്‍ ഒരു നിര്‍ദ്ദേശവും ഇന്നേവരെ വെച്ചിട്ടില്ല.
ജനഹിതവുംകൂടി പരിഗണിച്ച് വേണംയാത്രാനിരക്ക് കൂട്ടാന്‍. ജനപക്ഷത്ത് നിന്ന്ചില നിര്‍ദ്ദേശങ്ങള്‍ ഇനിയെങ്കിലും പരിഗണിക്കാന്‍ വേണ്ടി ഗവണ്‍മെന്റ് മുമ്പാകെ സമര്‍പ്പിക്കുന്നു. 1. കേരളത്തിലെ അപാകത നിറഞ്ഞ ഇപ്പോഴത്തെ ഫെയര്‍സ്റ്റേജ് പുന:പരിശോധിക്കണം. ഇതിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനെ വെക്കണം. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് പരിഗണിക്കാന്‍ വേണ്ടിവെക്കുന്ന കമ്മീഷന് തന്നെ യുക്തമെന്ന് തോന്നുന്നുവെങ്കില്‍ ഇതിന്റെ ചുമതലയും നല്‍കാവുന്നതാണ്. 2. മിനിമം നിരക്കിന് യാത്ര ചെയ്യാവുന്ന ദൂരം ചുരുങ്ങിയത് 5 കിലോമീറ്ററെങ്കിലും ആക്കി നിജപ്പെടുത്തണം. 3. മിനിമം ചാര്‍ജ്ജ് കഴിച്ച് പിന്നീട് സഞ്ചരിക്കുന്ന ദൂരം കിലോമീറ്റര്‍കൊണ്ട് ഗുണിച്ച് കൃത്യമായി ടിക്കറ്റ് നിരക്ക് പുന:ക്രമീകരിക്കണം. 4. സമരം ചെയ്ത് വിദ്യാര്‍ഥികള്‍ നേടിയ അവകാശമായ യാത്രാസൗജന്യം ഇല്ലായ്മ ചെയ്യരുത്. 5. ബസ് ഉടമകള്‍ക്ക് ആശ്വാസം കിട്ടാന്‍ നികുതി ഇളവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളടങ്ങിയ പാക്കേജ് കൊണ്ടുവരണം. 6. യാത്രക്കാര്‍ക്കും ബസ് ഉടമകള്‍ക്കും ഒരുപോലെ ആശ്വാസം ലഭിക്കുന്ന നടപടികളാണല്ലോ സര്‍ക്കാറില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ബസ് ഉടകളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതോടൊപ്പം നിര്‍ധനരും നിരാലംബരുമായ സാധാരണക്കാരന്റെ വികാരംകൂടി സര്‍ക്കാര്‍ പരിഗണിക്കണം.