മഡ്ഗാവ്:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് ക്ലാസ് പോരാട്ടം. ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്.സിക്കെതിരെ നാലാം സ്ഥാനക്കാരായ കേരളാ ബ്ലാസ്‌റ്റേഴ്‌സ്. സെമി ഫൈനല്‍ ചിത്രം തെളിഞ്ഞ് വരവെ വിജയം നിര്‍ബന്ധം ബ്ലാസ്‌റ്റേഴ്‌സിനാണ്.
16 കളികളില്‍ 27 പോയന്റുമായി നാലാമത് നില്‍ക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന് തൊട്ട് പിറകില്‍ അഞ്ചാം സ്ഥാനക്കാരായ ബെംഗളൂരു എഫ്.സിയും (26), ആറാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്.സിയും (25) ഉണ്ട്. ഇവര്‍ രണ്ട് പേരും ശക്തരായതിനാല്‍ തോല്‍വി ബ്ലാസ്‌റ്റേഴ്‌സിന് വന്‍ ആഘാതമാവും. അവസാന മല്‍സരത്തില്‍ ശക്തരായ ഏ.ടി.കെ മോഹന്‍ ബഗാനെതിരെ വിജയത്തിന് അരികില്‍ നിന്നും ബ്ലാസ്‌റ്റേഴ്‌സ് സമനില സമ്മതിക്കുകയായിരുന്നു. ഇത് വഴി നഷ്ടമായ രണ്ട് പോയിന്റ് ടീമിന് ആഘാതമാവുകയും ചെയ്തു.
അഡ്രിയാന്‍ ലുന നേടിയ മനോഹരമായ രണ്ട് ഗോളുകള്‍ക്ക് ലീഡ് നേടിയ ബ്ലാസ്റ്റേഴ്‌സ് ഇഞ്ച്വറി സമയത്തിന്റെ ആറാം മിനുട്ടിലാണ് സമനില വഴങ്ങിയത്. ഇന്ന് മഞ്ഞപ്പടക്ക് വെല്ലുവിളി ബര്‍ത്തലോമിയോ ഓഗ്ബജേ എന്ന നൈജീരിയക്കാരനാണ്. അപാര ഫോമിലാണ് ഈ മുന്‍നിരക്കാരന്‍. ഹൈദരാബാദിന്റെ വിജയങ്ങളില്ലെല്ലാം നിര്‍ണായക സ്വാധീനം ചെലുത്തുന്ന അനുഭവസമ്പന്നനായ താരത്തിന് ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്തും നന്നായി അറിയാം. 16 ഗോളുകളാണ് സീസണില്‍ അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഇത് റെക്കോര്‍ഡാണ്. ഒരു സീസണിലെ ഓഗ്ബജേയുടെ ഉയര്‍ന്ന ഗോള്‍ വേട്ട 15 ഗോളുകളായിരുന്നു. സീസണില്‍ നാല് മല്‍സരങ്ങളിലാണ് അദ്ദേഹം ഇരട്ട ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തത്. അവസാന മല്‍സരത്തിലും ഡബിളുണ്ടായിരുന്നു. ഗോവക്കെതിരെ നേടിയ ഇരട്ട ഗോളോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ടോപ് സ്‌ക്കോറര്‍ സ്ഥാനവും അദ്ദേഹം തിരിച്ചുപിടിച്ചിരുന്നു. 50 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത് ബെംഗളൂരു എഫ്.സി നായകന്‍ സുനില്‍ ഛേത്രിയില്‍ നിന്നാണ് 51 ലെത്തി ഓഗ്ബജേ ചരിത്രമായത്.
അഡ്രിയാന്‍ ലുനയെയാണ് ഹൈദരാബാദ് നോട്ടമിടുക. അപാര ഫോമില്‍ നില്‍ക്കുന്ന ലൂനയെ നിയന്ത്രിക്കാതിരുന്നാല്‍ അത് അപകടമാവുമെന്ന് ഹൈദരാബാദ് കോച്ച് മനോലോ മാര്‍ക്കസ് പറഞ്ഞു. അതിവേഗതയില്‍ കളിക്കുന്ന സ്പാനിഷ് താരത്തിന്റെ അവസാന മല്‍സരത്തിലെ പ്രകടനം അപാരമായിരുന്നുവെന്നും കോച്ച് പറഞ്ഞു. നാല് ഗോളുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇത് വരെ ലൂനയുടെ സമ്പാദ്യം. ആറ് അസിസ്റ്റുകളുമുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ ഗോളുകളുടെ കാര്യത്തിലും അസിസ്റ്റുകളുടെ കാര്യത്തിലും മികവ് പ്രകടിപ്പിക്കുന്ന ലൂനക്ക് പിന്തുണയുമായി അല്‍വാരോ വാസ്‌ക്കസ്, പെരേര എന്നിവരുണ്ട്. 17 മല്‍സരങ്ങള്‍ ഇതിനകം കളിച്ച ഹൈദരാബാദ് 32 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. ഏറെക്കുറെ സെമി ഫൈനല്‍ ഉറപ്പിച്ചുവെങ്കിലും കാര്യങ്ങള്‍ അവസാന നിമിഷം കൈവിട്ടു പോവാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നാണ് കോച്ചിന്റെ നിര്‍ദ്ദേശം. നിലവില്‍ ടേബിളിലെ ആദ്യ ആറ് സ്ഥാനക്കാര്‍ക്കും സെമി പ്രതീക്ഷിക്കാം.
അതിനാല്‍ തന്നെ അവസാന ഘട്ടത്തിലെ ഓരോ മല്‍സരവും പ്രസക്തമാണ്. മല്‍സരത്തില്‍ സമ്മര്‍ദ്ദമില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകുമനോവിച്ച് പറഞ്ഞു. ഇത് മറ്റൊരു മല്‍സരം മാത്രം. ഇന്ന് ഇന്ത്യയിലെ മികച്ച ടീമാണ് ഹൈദരാബാദ്. അവര്‍ നന്നായി കളിക്കുന്നു. ജയിക്കണമെങ്കില്‍ കനത്ത ജാഗ്രതയില്‍ കളിക്കണം. എന്തെങ്കിലും വിത്യസ്തമായി ചെയ്യണം. ടീമില്‍ കരുത്തരായ ധാരാളം താരങ്ങള്‍ ഉള്ളതിനാല്‍ ഭയമില്ല- കോച്ച് വ്യക്തമാക്കി. ഇരു ടീമുകളും ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ മുഖാമുഖം വന്നപ്പോള്‍ വിജയം കേരളത്തിനായിരുന്നു-ഏക ഗോളിന്. ഇന്നത്തെ മല്‍സരം രാത്രി 7-30ന്.