X

ഇനിയും അകത്താക്കരുത് ഈ വിഷങ്ങള്‍-എഡിറ്റോറിയല്‍

കോഴിക്കോട്ട് പഠനയാത്രക്കെത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍നിന്ന് ആസിഡ് കഴിച്ച് പൊള്ളലേറ്റ സംഭവം ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിട്ടുണ്ട്. ഉപ്പിലിടുന്ന പഴങ്ങള്‍ അതിവേഗം പാകമാകുന്നതിന് പല തട്ടുകടകളിലും ബാറ്ററി വാട്ടര്‍ അടക്കമുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന പരാതി വ്യാപകമാണ്. ബിസിനസ് ലാഭകരമാക്കുന്നതിനുള്ള ഇത്തരം തന്ത്രങ്ങള്‍ പെട്ടിക്കടകളിലെ ഭരണികളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഭക്ഷ്യമേഖലയിലെ ‘മായാ’ലോകം വിചിത്രവും ഭീകരമാണ്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ നിത്യോപയോഗ സാധനങ്ങളെല്ലാം വിഷം കലര്‍ന്നതാണെന്ന ആരോപണം പക്ഷെ, ഭക്ഷ്യസാധനങ്ങള്‍ വെട്ടിവിഴുങ്ങുമ്പോള്‍ നാം പരിഗണിക്കാറില്ല. അതിനിടക്കുണ്ടാകുന്ന ചില ദുരന്തങ്ങള്‍ മുന്നറിയിപ്പെന്നോണം വാര്‍ത്തകളാകുന്നുവെന്ന് മാത്രം. ഏതാണ് നല്ലതെന്നോ ചീത്തയെന്നോ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം സങ്കീര്‍ണമാണ് മായങ്ങളുടെ ലോകം. യൂറിയയും സോപ്പും പൊടിയും കലര്‍ന്ന പാലും റെഡ്ഓക്‌സൈഡ് അടങ്ങിയ കുത്തരിയും അമോണിയയും ഫോര്‍മാലിനും ചേര്‍ത്ത മത്സ്യങ്ങളും കുരുമുളകിലെ പപ്പായക്കുരുവും വെളിച്ചെണ്ണയായി വില്‍പനക്കെത്തുന്ന ലിക്വിഡ് പാരഫിനുമെല്ലാം മലയാളിയെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണ്. വിശ്വസിച്ച് ഒന്നും കഴിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

കേരളത്തില്‍ 74 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചിട്ടുണ്ട്. പച്ചത്തേങ്ങയുടെ ചിത്രത്തോടുകൂടിയ പല ബ്രാന്‍ഡുകളുടെയും പായ്ക്കുകളില്‍ കൊപ്ര ആട്ടിയുണ്ടാക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ അല്ലെന്നതാണ് വസ്തുത. തുച്ഛമായ വിലക്ക് തേങ്ങ വിറ്റ് പാചകത്തിന് വിഷം കലര്‍ന്ന എണ്ണകള്‍ വാങ്ങുന്നവരാണ് മലയാളികള്‍. വ്യാജന്മാരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് ഗുണമേന്മയുള്ള ഭക്ഷ്യ ഉല്‍പന്നങ്ങള്‍ തേടി അലയുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. അതിനുവേണ്ടി പണം ചെലവിടാന്‍ തയാറുള്ളവരെ വഞ്ചിക്കാനും വിപണിയില്‍ വിരുതന്മാര്‍ കാത്തിരിക്കുന്നുണ്ട്. ഒറിജിനല്‍ എന്ന് അവകാശപ്പെട്ട വലിയ വിലയാണ് പലതിനും ചിലര്‍ ഈടാക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന പച്ചക്കറിയില്‍ കീടനാശിനികളുണ്ടെന്ന് ഉറപ്പായിട്ടും സ്വന്തം പറമ്പില്‍ തക്കാളിച്ചെടി നട്ടുപിടിപ്പിക്കാന്‍ പോലും നാം തയാറായിട്ടില്ല.

ഭക്ഷ്യവസ്തുകളിലെ മായം കണ്ടെത്താനും തടയാനുമുള്ള ചുമതല നാട്ടുകാരെ ഏല്‍പ്പിച്ച് മാറിയിരിക്കുകയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. ഏറെ ഗൗരവമര്‍ഹിക്കുന്ന വിഷമായിരുന്നിട്ടും ജനങ്ങള്‍ കഴിക്കുന്ന ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം അളക്കാന്‍ അധികൃതര്‍ ശ്രമിക്കാറില്ല. പേരിനൊരു ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമമൊക്കെ നമുക്കുണ്ട്. ശാസ്ത്രീയമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താനും ആ മേഖലയില്‍ പ്രവര്‍ത്തിക്കന്ന വ്യവസായങ്ങളെ നിയന്ത്രിച്ച് ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കാനും ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയും പ്രവര്‍ത്തിച്ചുപോരുന്നു. പക്ഷെ, പ്രായോഗിക രംഗത്തേക്ക് വരുമ്പോള്‍ നിയമം കവാത്ത് മറക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഭക്ഷ്യവസ്തുക്കള്‍ മായം ചേര്‍ന്നതോ ഗുണനിലവാരം കുറഞ്ഞതോ ആണെന്ന് കണ്ടെത്തിയാല്‍ കുറ്റത്തിന്റെ തോതനുസരിച്ച് 10 ലക്ഷം രൂപ വരെ പിഴയും ജീവപര്യന്തം തടവും വരെ ശിക്ഷ ലഭിക്കാം. ഇതൊന്നും ഭക്ഷ്യവ്യവസായ മേഖലയില്‍ വിഷം പുരട്ടുന്നവരെ പേടിപ്പെടുത്താറില്ല. നിയമപാലനം ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയും വന്‍കിടക്കാരുടെ തെറ്റുകള്‍ക്കുനേരെ കണ്ണടക്കുകയും ചെയ്യുന്നത് നിയമത്തെ കൂടുതല്‍ ദുര്‍ബലമാക്കുന്നു.

ഭക്ഷ്യമേഖലയില്‍ ഒറ്റപ്പെട്ട റെയ്ഡുകളും നിരോധനങ്ങളും കൊണ്ട് മാത്രമായില്ല. വന്‍കിട ഹോട്ടലുകളില്‍നിന്ന് പഴകിയ മാംസവും മത്സ്യവും പിടിച്ചെടുക്കുന്നുണ്ടെന്നിരിക്കെ നിരന്തര പരിശോധനകളും ശാസ്ത്രീയ ഗുണനിലവാര നിര്‍ണയവും ആവശ്യമാണ്. ഹോട്ടല്‍ വ്യവസായ മേഖലയില്‍ ഏകീകൃത വിലനിലവാര പട്ടികയില്ലാത്തത് ഉപഭോക്താക്കളെ അനായാസം ചൂഷണം ചെയ്യാന്‍ സൗകര്യമൊരുക്കുന്നുണ്ട്. പൊതുജനാരോഗ്യത്തിന് പ്രഥമപരിഗണന നല്‍കി മായമില്ലാത്തതും ശുദ്ധവുമായ ഭക്ഷ്യവസ്തുക്കളാണ് തീന്‍മേശകളില്‍ എത്തുന്നതെന്ന് സര്‍ക്കാരും അനുബന്ധ ഭരണസംവിധാനങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. തനതു ഭക്ഷണങ്ങള്‍ക്ക് പകരം ഫാസ്റ്റ് ഫുഡുകള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത് പ്രത്യേകിച്ചും ആത്മരക്ഷക്കാവശ്യമായ മുന്‍കരുതല്‍ സ്വയം എടുത്തേതീരൂ.

Test User: