X

സത്യവും നീതിയും ധര്‍മവും കൈവിടരുത്

പ്രൊഫ: പി.കെ.കെ തങ്ങള്‍

ലോകചരിത്രത്തില്‍ കാലത്തിന്റെയും സംഭവങ്ങളുടെയും ചാക്രികത മാറ്റമില്ലാത്ത സ്വാഭാവികതയാണ്. അതുകൊണ്ടാണല്ലോ ഏതൊരാളും ‘ചരിത്രം ആവര്‍ത്തിക്കപ്പെടും’ എന്ന ലളിത ശൈലി ഇടക്കിടെ പറയാറുള്ളത്. കറക്കത്തിനിടെ മാറ്റങ്ങളും നൂതന ചെന്നെത്തലുകളും ഉണ്ടായെന്നും വരാം. ആ മാറ്റങ്ങളിലൂടെയാണ് സമൂഹങ്ങള്‍ക്ക് പുതിയ മുഖങ്ങള്‍ രൂപപ്പെടുന്നത്. കാലത്തിന്റെ പ്രയാണത്തില്‍ ഗതിവേഗ വ്യത്യാസങ്ങളും അനുഭവപ്പെടാം. വിശ്വാസ പ്രമാണങ്ങള്‍, ആചാരാനുഷ്ഠാന രീതികള്‍ തുടങ്ങിയവയുടെ കാലദൈര്‍ഘ്യവും സ്വീകാര്യതയും തുടര്‍ന്നു കൊണ്ടിരുന്നാല്‍ തന്നെയും അതോടൊപ്പം അനിവാര്യമായ പ്രവര്‍ത്തനശൈലി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നതായി കാണാം. അതില്‍പെട്ടതാണ് ആവാസ രീതികള്‍, ഭക്ഷണശീലങ്ങള്‍, വസ്ത്രധാരണ സമ്പ്രദായങ്ങള്‍ മുതലായവ. അത്തരം കാര്യങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് അനുഭവസ്ഥന്‍ ഒരു പക്ഷെ അശ്രദ്ധനായിരിക്കാം. എന്നാല്‍ അത് ശരിക്കും വിലയിരുത്തപ്പെടുന്നത് കാലങ്ങള്‍, യുഗങ്ങള്‍ തന്നെ കഴിഞ്ഞ ശേഷമായിരിക്കും. അതിനെയാണ് പൊതുവെ ചരിത്രം എന്ന് വിശേഷിപ്പിക്കുന്നത്. കാലചക്രത്തിന്റെ ഗതിവേഗത്തിലൂടെ പരമാവധി വേഗത്തിലൂടെയാണ് പുതു സമൂഹം കടന്നുപോകുന്നത്. ഇനി മുന്നോട്ട് വേഗത എത്രകണ്ട് വര്‍ദ്ധിക്കുമെന്ന് പ്രവചിക്കാനാവില്ല. യാത്രയുടെ അന്ത്യഘട്ടത്തിലെത്തുമ്പോള്‍ ഗതിവേഗം കൂടുമെന്ന ഒരു പൊതുധാരണ സമൂഹത്തിനുണ്ട്. ഒരു ദീര്‍ഘയാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഏതാണ്ട് ലക്ഷ്യമെത്താറായാല്‍ ഒന്നു കൂടി ഊര്‍ജ്ജസ്വലനായി നടന്നോ വാഹനമോടിച്ചോ അതിവേഗം എത്താനുള്ള ത്വര പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. പ്രപഞ്ചത്തിന്റെ ഒടുക്കത്തിന്റെ അടയാളമായി ഈ പ്രവണത വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. മുന്‍ കാലഘട്ടങ്ങളെ അപേക്ഷിച്ച് മനുഷ്യന്റെ പൊതുവായ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞുകൊണ്ടിരിക്കുന്നത് യാഥാര്‍ത്ഥ്യമാണെന്നതിന് ചരിത്രം സാക്ഷിയാണല്ലോ! സമയദൈര്‍ഘ്യം കുറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ എന്തൊക്കെയോ വാരിവലിച്ചു ചെയ്തുകൂട്ടുകയെന്ന യുക്തിരാഹിത്യവും സമൂഹത്തില്‍, വിശേഷിച്ചും പുതു തലമുറയില്‍ കടന്നു കൂടിയിട്ടുണ്ട്. നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും വഴി മാറി സ്വയം കണ്ടെത്തുന്ന ‘സത്യ’ ങ്ങളെ മാത്രം പുല്‍കുന്ന പ്രവണതയും ഇപ്പോള്‍ ദൃശ്യമാണ്.

പ്രവാചകന്മാരും, വൈജ്ഞാനികരും, പുണ്യപുരുഷന്മാരും മനുഷ്യകുലത്തിന്റെ മാര്‍ഗ ദര്‍ശനത്തിനായി നിയോഗിക്കപ്പെടുകയും അവര്‍ ഓരോരുത്തരും താന്താങ്ങളുടെ കാലഘട്ടത്തിലെ ജനതയെ നേര്‍ ജീവിതം കാണിച്ചുകൊടുക്കാന്‍ പരമാവധി പരിശ്രമിക്കുകയും തല്‍ഫലമയി നന്മയുടെ തുടര്‍ച്ച ലോകത്ത് സാധിതമാവുകയും ചെയ്തിട്ടുണ്ട്. അത്തരം ഒരു രീതിയുടെ പരിസമാപ്തിയെന്ന നിലയിലാണ് ലോകത്തിന് എക്കാലത്തേക്കുമുള്ള വഴികാട്ടിയായി പ്രവാചകന്‍ മുഹമ്മദ് (സ) നിയോഗിക്കപ്പെട്ടത്. ‘അന്ത്യപ്രവാചകന്‍’എന്നാണല്ലോ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. തിരുമേനിയുടെ കാലശേഷം മനുഷ്യരാശി നിലനില്‍ക്കുന്നേടത്തോളമുള്ള മാര്‍ഗദര്‍ശനം മനുഷ്യ സമൂഹത്തിന് നല്‍കി സന്ദേശം പൂര്‍ണ്ണമായും അതീവ സുതാര്യതയോടെ ജനസമൂഹത്തിന്റെ മുന്നില്‍ നിറവേറ്റിയശേഷമാണ് അദ്ദേഹം വിടവാങ്ങിയത്. അതില്‍ പിന്നെ നേര്‍ വഴി തെരഞ്ഞ് പിടിക്കാന്‍ ആരും പണിപ്പെടേണ്ടതായിട്ടില്ല. അത് സ്വീകരിക്കാനുള്ള വിമുഖത മാത്രമാണ് തര്‍ക്കികളായ ജനക്കൂട്ടത്തില്‍ നിലനില്‍ക്കുന്നത്. നേര്‍ മനസോടെ നേര്‍ വഴിയെ ജീവിച്ച് മധുരഫലങ്ങള്‍ ആസ്വദിക്കമണമെന്ന് ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും മതിയായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിശുദ്ധ ഖുര്‍ആനിലും പ്രവാചകന്റെ ജീവിതമാര്‍ഗരേഖയായ സുന്നത്തിലും പ്രകടമാണ്. അവയെല്ലാം നിരാകരിച്ച് തന്നിഷ്ടപ്രകാരം ജീവിക്കുന്ന അഹങ്കാരികളായ ഒരു വിഭാഗം മുന്‍ പ്രവാചകന്മാരുടെ കാലഘട്ടങ്ങളിലെന്നപോലെ അന്ത്യപ്രവാചകന്റെ കാലശേഷവും അവരുടെ കുത്സിത ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.

വര്‍ത്തമാന കാലത്തിലെ വിഷയങ്ങളിലേ ആര്‍ക്കും ഇടപെടാനും മാറ്റത്തിരുത്തലുകള്‍ വരുത്താനും സാധിക്കുകയുള്ളൂ. അതിനാല്‍ ഇന്നിപ്പോള്‍ നാം പറയുന്നതും പ്രവര്‍ത്തിക്കുന്നതും സ്വീകാര്യവും, പ്രായോഗികവും, ഗുണപരവുമായിരിക്കണം. മുന്‍ കഴിഞ്ഞവയുമായി ബന്ധപ്പെടുത്തിയും താരതമ്യം ചെയ്തും ഇന്നത്തെ കാര്യങ്ങള്‍ ക്രമപ്പെടുത്താനേ കഴിയൂ. അഥവാ അതിന് കഴിഞ്ഞിരിക്കണം. അങ്ങിനെ ഒരു വിലയിരുത്തലിനും താരതമ്യത്തിനും മുതിരുമ്പോള്‍ ഒരു പാട് വ്യത്യാസങ്ങള്‍ കണ്ടെത്താനാവും. അതില്‍ അനുകൂലമായതിനെ സ്വീകരിച്ച് പ്രയോഗവല്‍ക്കരിക്കുകയും പ്രതിലൂലമായതിനെ തിരസ്‌കരിക്കുകയും ചെയ്യണം. അപ്പോഴാണ് ചരിത്രത്തോട് നീതി പുലര്‍ത്തുകയെന്ന ആശയം പ്രാവര്‍ത്തികമാവുന്നത്.

സത്യവും, നീതിയും, ധര്‍മ്മവും കൈവിടാത്ത തെളിമയാണ്, ആഡംബരപ്രവണതയില്ലാത്ത ജീവിതം. എന്നാല്‍ ഇന്ന് കാണാനിടയാവുന്നത് എവിടെ നോക്കിയാലും സത്യത്തിനും നീതിക്കും ധര്‍മ്മത്തിനും നേര്‍ വിപരീതമായ ജീവിതശൈലി മനുഷ്യനെ കീഴ്‌പെടുത്തിക്കഴിഞ്ഞതായിട്ടാണ്. അക്കാരണത്താലാണ് പലരും ശങ്കിച്ചു പോകുന്നത്, ഇത് സത്യാനന്തര കാലഘട്ടമോ എന്ന്.

Test User: