ടി. എച്ച് ദാരിമി
വീണ്ടുമൊരു പരീക്ഷക്കാലം. ഒരു അധ്യയന വര്‍ഷം നീണ്ട പഠന പ്രക്രിയകള്‍ വഴി ക്രമാനുഗതമായി ഗ്രഹിച്ച കാര്യങ്ങളെല്ലാം അവതരിപ്പിച്ച് തന്നെത്തന്നെയും, ഗുരുനാഥര്‍, മാതാപിതാക്കള്‍ തുടങ്ങി എല്ലാവരെയും സന്തോഷിപ്പിക്കാനുള്ള അവസരമാണിത് വിദ്യാര്‍ഥിക്ക്. മാതാപിതാക്കള്‍ക്കും തഥൈവ. പരീക്ഷയുടെ ഗോദയില്‍ മകനും മകളും വിജയശ്രീലാളിതരായി കയറിവരുന്ന രംഗം കാണാനും കാണിക്കാനും അങ്ങനെ ആത്മാഭിമാനം അനുഭവിക്കാനുമുള്ള അവസരം. അതിനാല്‍ വിദ്യാര്‍ഥിക്കും രക്ഷാകര്‍ത്താക്കള്‍ക്കും പരീക്ഷ വരുന്നത് സന്തോഷം പകരേണ്ടതാണ്. പക്ഷേ, ഇന്നത്തെ അനുഭവം മറിച്ചാണ്. ടെന്‍ഷനുകളുടെയും ആധിയുടെയും ആശങ്കയുടേയുമെല്ലാം കാലമായി പരീക്ഷാക്കാലം മാറിയിരിക്കുന്നു വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും. ഇതിന് പൊതുവായി പറയാനുള്ള കാരണം ഏതു കാര്യവും അതിന്റെ ലക്ഷ്യത്തില്‍ നിന്നു തെറ്റുകയോ പഥം മാറുകയാ ചെയ്യുമ്പോള്‍ ലക്ഷ്യമെന്ന കേന്ദ്ര ആശയം അപ്രസക്തമാവുകയും പകരം വിരുദ്ധമായ ആശയങ്ങള്‍ ലക്ഷ്യമായിത്തീരുകയും ചെയ്യും എന്നതാണ്. വിദ്യ നേടുക എന്നതില്‍ നിന്ന് അവകാശം സ്ഥാപിക്കുക എന്നതിലേക്ക് വിദ്യാഭ്യാസം മാറിയിരിക്കുന്നു. ഓരോ പരീക്ഷകളും മഹായുദ്ധത്തെ നേരിടുന്നതുപോലെയാണ് വിദ്യാര്‍ഥികള്‍ക്ക്. പാഠ്യപദ്ധതികളും പഠനബോധന രീതികളും മുല്യനിര്‍ണയ സമ്പ്രദായങ്ങളുമൊക്കെ കാലോചിതമായി പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോഴും പഠനവും പരീക്ഷയും കുട്ടികള്‍ക്ക് പരീക്ഷണവും പീഡനവുമാവുകയാണോ എന്ന് ചിന്തിച്ചുപോകുന്ന സ്ഥിതിവിശേഷമാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പരീക്ഷാവിജയവും ഉയര്‍ന്ന സ്‌കോറിങും ഗ്രേഡിങും നേടുക എന്നിടത്തേക്ക് വഴിവിട്ടുപോയിരിക്കുന്നു. ഇതിന്റെ പ്രകടമായ ഭാവം കലോത്സവ വേദികളില്‍ കാണാം. അവിടെയും ട്രാക്ക് മാറ്റമാണ് അനുഭവപ്പെടുന്നത്. ഏറ്റവും മിടുക്കനെ കണ്ടെത്താനും അവനെ ആദരവോടെ ഒന്നാം സ്ഥാനത്തേക്ക് ആനയിച്ച് ഇരുത്താനുമാണ് മത്സരങ്ങള്‍. മുമ്പിലെത്തിയവനെ ആ ആദരത്തിലേക്ക് നയിക്കേണ്ടത് തൊട്ടുപിന്നിലെ സ്ഥാനക്കാരനാവേണ്ടതുണ്ട്. അപ്പോഴാണ് കല അതിന്റെ വിശുദ്ധി നേടുന്നതും. അതിനുപകരം പകയും അസൂയയും പൊങ്ങച്ചവും കോഴയും വാതുവെപ്പും ആരോപണവുമെല്ലാം പരിശീലിക്കുന്ന വേദികളായി മാറിയിരിക്കുന്നു എന്നത് സങ്കടകരമാണ്. കുട്ടികള്‍ പരീക്ഷക്കുവേണ്ടി പഠിക്കുന്നവരും അധ്യാപകര്‍ പരീക്ഷക്കുവേണ്ടി കുട്ടികളെ പരിശീലിപ്പിക്കുന്നവരും രക്ഷിതാക്കള്‍ കുട്ടികളോടൊപ്പം മത്സരിക്കുന്നവരുമായിത്തീര്‍ന്നു. പഠനത്തില്‍ ശരാശരിക്ക് മുകളിലുള്ളവര്‍ മാര്‍ക്ക് കുറഞ്ഞുപോകുമോ എന്ന ഭീതിയിലാണ്. ഇതിന്റെ ഫലമായി കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വരെ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പി.ടി.എ കമ്മിറ്റികള്‍, സ്ഥാപന ഭാരവാഹികള്‍ എല്ലാവരുടെയും കൂട്ടമത്സരമായി മാറി. വിദ്യാഭ്യാസത്തിന്റെ മഹത്വം, ഭാവിയുമായി അതിനുള്ള സ്വാധീനം തുടങ്ങിയവ എല്ലാവരും ഗ്രഹിക്കുകയും അതേ ട്രാക്കില്‍ ഉറച്ചുനിന്ന് ലക്ഷ്യത്തിലേക്ക് നീങ്ങുകയും വേണം. വലിയ വീറും മത്സരവുമൊന്നും താങ്ങാന്‍ മാനസികമായും ശാരീരികമായും ദുര്‍ബലരാണ് വിദ്യാര്‍ഥികള്‍ എന്നതിനാല്‍ അവരെ ആയാസത്തോടും ആശ്വാസത്തോടുംകൂടി പഠിപ്പിക്കണം. പരീക്ഷ എന്നത് ഈ പ്രക്രിയയുടെ ഏറ്റവും ആസ്വാദ്യകരമായ ഘട്ടം മാത്രമാണെന്നും പഠന ഭാഗങ്ങളില്‍നിന്ന് മനസ് മറ്റൊരു വികാരത്തിലേക്കും മാറരുത്, മാറിയാല്‍ നിങ്ങളുടെ അകത്തുള്ളത് പുറത്തെടുക്കാന്‍ കഴിയാതെ വരുമെന്നും കുട്ടികളെ ആത്മാര്‍ഥമായി ബോധിപ്പിക്കണം. എങ്കില്‍ ടെന്‍ഷനില്ലാത്ത പരീക്ഷ നടത്താനും വാശിയും വീറും വിരോധവും ഇല്ലാത്ത നല്ല തലമുറയെ സൃഷ്ടിക്കാനും കഴിയും.
ഇത്രയും പറഞ്ഞത് പരീക്ഷകളെ വിലകുറച്ച് കാണാനോ അതിന്റെ ഗൗരവം നിരാകരിക്കാനോ അല്ല. പഠനമുണ്ടെങ്കില്‍ പരീക്ഷയുമുണ്ടാവും, ഉണ്ടാകണം. പഠനം എന്ന ബൗദ്ധിക പ്രവര്‍ത്തനത്തെ ചിട്ടപ്പെടുത്താനും ശാസ്ത്രീയമാക്കാനും ലക്ഷ്യബോധത്തോടെ അതിനെ സമീപിക്കാനും പരീക്ഷ എന്ന പ്രക്രിയ ആവശ്യമാണ്. പക്ഷേ, അതൊന്നും മൂല്യങ്ങളെ നിരാകരിക്കാന്‍ മതിയായ കാരണങ്ങളല്ല. യഥാര്‍ഥത്തില്‍ വിദ്യാഭ്യാസത്തിന് പഠനത്തിനും പരീക്ഷകള്‍ക്കുമപ്പുറം ഉദാത്ത ലക്ഷ്യങ്ങളുണ്ട്. പഠിതാവിനെ ഭാവിജീവിതത്തിനുവേണ്ടി സജ്ജമാക്കാനുള്ളതാണ് വിദ്യാഭ്യാസം എന്ന നിരീക്ഷണത്തെ മുന്നില്‍വെച്ചുവേണം ഈ ലക്ഷ്യങ്ങളെ വിശകലനം ചെയ്യാന്‍. പുതിയ അറിവുകളും ആശയങ്ങളും നിര്‍മിച്ചെടുക്കാനും ആര്‍ജ്ജിച്ചെടുത്ത അറിവുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ കര്‍മങ്ങളാവിഷ്‌കരിക്കാനും ജീവിച്ചിരിക്കുന്ന സാമൂഹികഘടനക്കകത്ത് ഒരു വ്യക്തി എന്ന നിലയില്‍ ഉത്തരവാദിത്വ ബോധത്തോടും പ്രതിബദ്ധതയോടും അന്തസോടും ആത്മാഭിമാനത്തോടും കൂടി ജീവിക്കാനുള്ള കഴിവ് നേടിയെടുക്കാനും മറ്റുള്ളവരില്‍നിന്ന് തന്റേതായ വ്യക്തിസവിശേഷതകളെയും വ്യതിരിക്തകളെയും തിരിച്ചറിഞ്ഞ് സ്വത്വ സാക്ഷാത്കാരം നേടാനും പഠിതാവിനെ പ്രാപ്തമാക്കാനായിരിക്കണം വിദ്യാഭ്യാസം. ഇത്തരം ലക്ഷ്യങ്ങളില്‍ വളര്‍ന്നുവരുന്ന തലമുറക്കേ കുടുംബത്തിനും സമുദായത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും മഹാദാനങ്ങള്‍ നടത്താന്‍ കഴിയൂ. ഈ നിഷ്‌കളങ്കമായ ചവിട്ടുപടികള്‍ കയറി മാത്രമേ ഉന്നതങ്ങളില്‍ എത്തിയവരെക്കെയും എത്തിയിട്ടുള്ളൂ എന്നത് ഏറെ പഴക്കമുള്ള ഇന്ത്യന്‍ സംസ്‌കാര പാരമ്പര്യം കൊണ്ട് തന്നെ തെളിയിക്കാന്‍ കഴിയും. വിദ്യാര്‍ഥികളുടെ ടെന്‍ഷനും ആധിയും സമ്മര്‍ദ്ദവും പരമാവധി കുറക്കാന്‍ ശ്രമിക്കുക എന്നതാണ് മൊത്തത്തില്‍ വേണ്ടത്. കാരണം അവയാണ് അവരുടെ മുമ്പിലെ ഏക വെല്ലുവിളി.