ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നത് സുപ്രീം കോടതി തടഞ്ഞു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൊളിച്ചുനീക്കല്‍ നടപടി ഉണ്ടാവരുതെന്ന് ജസ്റ്റിസ് എല്‍ നാഗശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. കഴിഞ്ഞദിവസം എന്‍ വി രമണയുടെ അടിയന്തര ഇടപെടലിലൂടെ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുന്നത് തടഞ്ഞിരുന്നു.
വിവിധ സംഘടനകള്‍ നല്‍കിയ മൂന്നോളം ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പൊളിച്ച് നടപടികളുമായി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മുന്നോട്ടു പോയതെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ ദുഷ്യന്ധ് ദവെ ചൂണ്ടിക്കാട്ടി. മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടാണ് പൊളിക്കല്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
നോട്ടീസ് നല്‍കിയിരുന്നെന്നും ചെറിയ കടകള്‍ മാത്രമാണ് പൊളിച്ചുനീക്കിയത് എന്നുമായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്. എന്നാല്‍ ചെറിയ കടകള്‍ പൊളിക്കുന്നതിന് എന്തിനാണ് ബുള്‍ഡോസര്‍ എന്ന് കോടതി തിരിച്ച്‌ചോദിച്ചു. കോടതിയില്‍നിന്ന് സ്റ്റേ നടപടി വന്നിട്ടും പൊളിക്കല്‍ നടപടി തുടര്‍ന്നത് ഗൗരവത്തോടെ കാണുന്നുവെന്നും കോടതി വ്യക്തമാക്കി.
കേസ് രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കുമെന്നും കോടതി പറഞ്ഞു.