സമ്പൂര്‍ണ സാക്ഷരത പോലെതന്നെ നൂറു ശതമാനം ഡിജിറ്റല്‍ സാങ്കേതിക വിദ്യ കൈവരിച്ച സംസ്ഥാനമെന്ന ഖ്യാതികൂടി പേറുകയാണ് കേരളം. അക്ഷയകേന്ദ്രങ്ങളാണ് ഇതിന് മുഖ്യ പങ്കു വഹിച്ചത്. വ്യവസായ-ഐ.ടി വകുപ്പുമന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രത്യേകമുന്‍കൈയില്‍ മലപ്പുറം ജില്ലയില്‍ 1990കളില്‍ നടപ്പാക്കിയ അക്ഷയ പ്രസ്ഥാനം സാധാരണക്കാരുടെ സര്‍ക്കാരനുബന്ധിച്ചതും സ്വകാര്യമായതുമായ ആവശ്യങ്ങളെല്ലാം നിറവേറ്റുന്നതിനാണ് സംവിധാനം ചെയ്യപ്പെട്ടത്. 2002ല്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാം ഉദ്ഘാടനം ചെയ്ത അക്ഷയപദ്ധതി ഇന്ന് അനവധി പരാധീനതകള്‍ നേരിടുന്നതായാണ് നേരനുഭവം. സാധാരണക്കാര്‍ സര്‍ക്കാരുമായ ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി ചെല്ലുന്ന ഘട്ടത്തില്‍ നിരവധി നൂലാമാലകള്‍ സഹിക്കേണ്ടിവരുന്നുവെന്ന പരാതി വ്യാപകമാണ്. വില്ലേജ് ഓഫീസുകളും അതിനുമുകളിലുള്ളതുമായ റവന്യൂവകുപ്പു സംബന്ധിയായ ആവശ്യങ്ങള്‍ക്കാണ് പ്രധാനമായും ജനങ്ങള്‍ അക്ഷയകേന്ദ്രങ്ങളിലെത്തുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരാല്‍ ചെയ്തുകൊണ്ടിരുന്ന സേവനങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ സ്വീകരിക്കേണ്ടതായ മുന്‍കരുതലുകള്‍ ഒരുക്കുന്നതില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതാണ് നേര്. എത്രനേരം കാത്തുകിടന്നാലും തങ്ങളുടെ സേവനം പൂര്‍ത്തിയാക്കാന്‍ ഇന്നുള്ള സംവിധാനത്തിന് കഴിയുന്നില്ല. തൊഴിലില്‍നിന്ന് അവധിയെടുത്ത് വന്നാലും നൂറുകൂട്ടം പേപ്പറുകളും അനുബന്ധ രേഖകളും വേണം ഏതെങ്കിലുമൊരു സേവനം ശരിയാക്കിക്കിട്ടാന്‍. ആളുകള്‍ക്ക് രാവിലെ മുതല്‍ വൈകീട്ടുവരെ തിക്കിത്തിരക്കി വരിനില്‍ക്കേണ്ട അവസ്ഥ വേറെ. റവന്യൂവുമായി ബന്ധപ്പെട്ട ജോലികളും സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണവും കുറയ്ക്കുന്നതിനായാണ് അക്ഷയകേന്ദ്രങ്ങള്‍ ആരംഭിച്ചതെങ്കിലും ഇന്നത് മറ്റൊരു സര്‍ക്കാര്‍ ഓഫീസിന് സമാനമായിരിക്കുകയാണ്. ചില രേഖകള്‍ക്ക് ആദ്യം റവന്യൂ ഓഫീസുകളില്‍ചെന്ന ശേഷമേ അക്ഷയകേന്ദ്രങ്ങളില്‍ ചെല്ലാവൂ എന്നും അക്ഷയയില്‍ അപേക്ഷ ഓണ്‍ലൈനായി നല്‍കിയശേഷവും ഓഫീസുകളില്‍ കയറിയിറങ്ങേണ്ട നിര്‍ബന്ധിത സാഹചര്യവും ഒഴിവാക്കിയേ മതിയാകൂ.
‘കേരള സര്‍ക്കാര്‍ സംരംഭം’ എന്ന ബോര്‍ഡ്‌വെച്ച് പ്രവര്‍ത്തിക്കുന്ന ഇവയില്‍നിന്ന് സാധാരണക്കാര്‍ക്ക് സേവനം ലഭിക്കാന്‍ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ ഔദാര്യമുണ്ടാകേണ്ട അവസ്ഥയും വേദനാജനകമാണ്. മിക്ക ജീവനക്കാരും ഉപഭോക്താക്കളോട് മാന്യമല്ലാത്ത രീതിയില്‍ പെരുമാറുന്നതായ പരാതി വ്യാപകമാണ്. ഇല്ലാത്ത നിരക്ക്് ഈടാക്കുന്നുവെന്ന പരാതിയുമുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകളുടെയും മറ്റും രൂപത്തിലാണവരത് പ്രകടിപ്പിക്കുന്നത്. സമയം നീണ്ടുപോകുമ്പോള്‍ ഒന്ന് നടുനിവര്‍ക്കാന്‍ പോലുമുള്ള സൗകര്യങ്ങളോ പ്രാഥമിക സൗര്യമോ അക്ഷയ കേന്ദ്രങ്ങളില്‍ സജ്ജീകരിച്ചിട്ടില്ല. ഇവിടെ ബുദ്ധിമുട്ടുന്നവരിലധികവും വയോധികരും സ്്ത്രീകളും കുട്ടികളുമാണ്. റവന്യൂസംബന്ധിയായ രേഖകള്‍ക്കുപുറമെ ആധാറുമായി ബന്ധപ്പെട്ട സേവനങ്ങളാണ് മറ്റൊരു അഴിയാക്കുരുക്ക്. ഏതാനും ചില അക്ഷയകേന്ദ്രങ്ങളെ മാത്രമാണ്ആധാര്‍ സേവനങ്ങള്‍ക്ക് നിലവില്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. അതാകട്ടെ എല്ലാദിവസവും ലഭിക്കുന്നുമില്ല. അക്ഷയക്ക്പുറമെ ഹെഡ്‌പോസ്റ്റോഫീസുകളിലും തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളിലുമാണ് ആധാര്‍ അനുബന്ധസേവനങ്ങള്‍ നിലവില്‍ ലഭിക്കുന്നത്. അവിടെയും തിരക്കും അനവധാനതയും ഒട്ടും കുറവല്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. ജില്ലാകലക്ടര്‍മാരാണ് അക്ഷയകേന്ദ്രങ്ങളുടെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍മാരെങ്കിലും അക്ഷയകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് സമയബന്ധിതമായി തീര്‍പ്പുകല്‍പിക്കാന്‍ നിലവില്‍ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. നിലവിലെ അക്ഷയകേന്ദ്രങ്ങളുടെ തോത് വര്‍ധിപ്പിക്കുകയും കൂടുതല്‍ സുതാര്യവും ലളിതവും സമയബന്ധിതമായും സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുമുള്ള നടപടികള്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചേ മതിയാകൂ.
ലോകം സാങ്കേതിവിദ്യയിലും ഡിജിറ്റല്‍ രംഗത്തും കുതിപ്പുനടത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഏതൊരാള്‍ക്കും കൈവിരല്‍ തുമ്പില്‍ സേവനങ്ങള്‍ ലഭ്യമാകുന്ന ഘട്ടം. അതിനിടെയാണ് വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന് പറയുന്നത് പോലെ സര്‍ക്കാര്‍ സേവനങ്ങള്‍ വീണ്ടും വീണ്ടും അഴിയാക്കുരുക്കായി മാറുന്ന അവസ്ഥ. ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ ഇതിനകംതന്നെ സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലും മൊബൈലിലും എത്തിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. അപ്പോഴാണ് സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനത്തിന്റെ ഈ പരിതാപാവസ്ഥകള്‍. ഐ.ടി മിഷനുകീഴില്‍ ഓരോ പഞ്ചായത്തിലും ഓരോ അക്ഷയകേന്ദ്രങ്ങളെന്ന രീതി മാറ്റി പരമാവധി കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണം. ഇതുവഴി കൂടുതല്‍ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്കും പുതുസംരംഭകര്‍ക്കും തൊഴില്‍ ലഭിക്കുന്ന സാഹചര്യമുണ്ടാകും. ഇതിന്റെ അഭാവത്തിലാണ് കൂണുകള്‍പോലെ അക്ഷയകേന്ദ്രങ്ങളെന്ന പോലെ വേഷപ്രച്ഛന്നരായി നീലനിറത്തിലുള്ള ബോര്‍ഡും സ്ഥാപിച്ച് ജനസേവനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയിലൂടെ ചെയ്യുന്ന സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് മതിയായ സുരക്ഷിതത്വമില്ലെന്നറിയാത്തവരാണേറെയും. അതുകൊണ്ട് ഇക്കാര്യത്തില്‍ സമഗ്രമായ പരിഷ്‌കരണ നടപടികള്‍ക്ക് സംസ്ഥാന ഐ.ടി വകുപ്പ് മുന്‍കൈയെടുക്കണം. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് വെറുതെ പറഞ്ഞാല്‍പോരാ.