X

ദയാബായിയെ വഞ്ചിക്കരുത്; ഇരകളെയും-എഡിറ്റോറിയല്‍

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിത ദുരിതങ്ങളിലേക്ക് ഭരണകൂടം കണ്ണുതുറക്കണമെന്ന് ആവശ്യപ്പെട്ട് ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ദയാബായി സെക്രട്ടറിയേറ്റ് നടയില്‍ ആരംഭിച്ച നിരാഹാരസമരം അനിശ്ചിതമായി തുടരുകയാണ്. 82കാരിയായ അവരെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സമരവീര്യത്തിന് ഒട്ടും തളര്‍ച്ച ബാധിച്ചിട്ടില്ല. ആദ്യം മുഖം തിരിച്ചുനിന്നിരുന്ന സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ ചര്‍ച്ചയുമായി മുന്നോട്ടുവന്നെങ്കിലും പതിവ് വഞ്ചനയുടെ മറ്റൊരു പകര്‍പ്പാണെന്ന് അതെന്ന് ദയാബായിക്കും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും അറിയാം. മന്ത്രിമാരായ ആര്‍. ബിന്ദുവും വീണാ ജോര്‍ജും മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളില്‍ തരിമ്പും ആത്മാര്‍ഥയില്ലെന്നാണ് നാളിതുവരെയുള്ള അനുഭവങ്ങള്‍ തെളിയിക്കുന്നത്.

സര്‍ക്കാര്‍ ഇടപെടല്‍ സ്വാഗതാര്‍ഹമാണെങ്കിലും രേഖാമൂലമുള്ള ഉറപ്പുകള്‍ ലഭിക്കാതെ സമരം അവസാനിപ്പിക്കാന്‍ തയാറല്ലെന്നാണ് ദയാബായി അറിയിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരാനാണ് അവരുടെ തീരുമാനം.
വാഗ്ദാനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങുന്ന ദുര്‍ബലയല്ല താനെന്ന് ദയാബായി നേരത്തെ പലവട്ടം തെളിയിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍നിന്ന് ബി.ജെ.പി സര്‍ക്കാര്‍ വെച്ചുനീട്ടിയ പത്മശ്രീ പോലും തട്ടിത്തെറിപ്പിച്ച് ആദര്‍ശത്തില്‍നിന്ന് ഉറച്ചുനിന്ന് അവര്‍ കരുത്തുതെളിയിച്ചിട്ടുണ്ട്. രാജ്യത്തെ പിടിച്ചുകുലുക്കിയ കര്‍ഷക സമരഭൂമിയില്‍ പോലും പോരാട്ടത്തിന്റെ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച ദയാബായി ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ ഇതുവരെയും തളര്‍ച്ച അറിഞ്ഞിട്ടില്ല. രണ്ട് മന്ത്രിമാര്‍ മുന്നില്‍ വന്ന് എല്ലാം അംഗീകരിക്കുമെന്ന് പറഞ്ഞുതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കുന്ന ആളല്ല ദയാബായി. ഇതിന് മുമ്പും സര്‍ക്കാര്‍ വാഗ്ദാനങ്ങളെ വിശ്വാസത്തിലെടുത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നിരാശരാകേണ്ടിവന്നിട്ടുണ്ട്. സമരങ്ങളുണ്ടായപ്പോഴൊക്കെ സര്‍ക്കാര്‍ അവരെ പറഞ്ഞു പറ്റിക്കുകയായിരുന്നു.

2006ല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ചികിത്സയും ഭക്ഷ്യസഹായവും മറ്റും ഉറപ്പുനല്‍കിയിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. കാസര്‍കോട് ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളില്‍ രോഗബാധിതരുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് മുന്‍ ആരോഗ്യമന്ത്രി പി.കെ ശ്രീമതി പ്രഖ്യാപിക്കുകയുണ്ടായി. പറഞ്ഞതുപോലെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇന്ന് ദയാബായിക്ക് സെക്രട്ടറിയേറ്റിന് മുന്നില്‍ പട്ടിണി കിടക്കേണ്ടിവരുമായിരുന്നില്ല. സമരങ്ങളും അധികാരവര്‍ഗത്തിന്റെ കുടിലതയും എത്രയോ കണ്ടും കേട്ടും ദയാബായിക്ക് ശീലമുണ്ട്. ജനരോഷം അടക്കാന്‍ സര്‍ക്കാര്‍ പുറത്തെടുക്കുന്ന തന്ത്രങ്ങളാണ് ചര്‍ച്ചയും നിര്‍ദേശങ്ങളുമെല്ലാം. ഇപ്പോള്‍ മന്ത്രിമാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കും അശേഷം ആത്മാര്‍ഥതയില്ലെന്ന് അവര്‍ക്ക് അറിയാം.

കാസര്‍കോട്ടെ കശുവണ്ടി തോട്ടങ്ങളില്‍ തളിച്ച എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിശബ്ദ അണുവായുധം പോലെ പതിറ്റാണ്ടുകളായി ഒരു ജനതയെ ഒന്നടങ്കം വേട്ടയാടുകയാണ്. അടുത്ത 150 വര്‍ഷമെങ്കിലും എന്‍ഡോസള്‍ഫാന്റെ പ്രഹരം തീരാശാപമായി ദുരിതബാധിത മേഖലയിലുണ്ടാകുമെന്നാണ് പഠന റിപ്പോര്‍ട്ട്. ഓട്ടയടക്കുന്ന താല്‍ക്കാലിക നടപടികളൂടെ മാത്രം പ്രശ്‌നപരിഹാരം സാധ്യമല്ലെന്ന് വ്യക്തം. ജനിതക വ്യതിയാനങ്ങളും അര്‍ബുദമുള്‍പ്പെടെയുള്ള രോഗങ്ങളും ദുരിതബാധിതരെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. എത്രയോ പേര്‍ മരണത്തിന് കീഴടങ്ങിക്കഴിഞ്ഞു. താലൂക്ക് ആശുപത്രികളില്‍ പരിഹരിക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളല്ല അവര്‍ക്കുള്ളത്.

ഗാന്ധിജയന്തി ദിനത്തില്‍ ദയാബായി തുടങ്ങിയ സമരത്തിന്റെ ആവശ്യങ്ങളിലൊന്ന് കാസര്‍കോടിന് എയിംസ് അനുവദിക്കണമെന്നാണ്. കേന്ദ്ര സര്‍ക്കാറിന്റേതാണ് എയിംസ്. പക്ഷെ, എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനത്തിനാണ്. പേരിനൊരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി പോലും ജില്ലക്കില്ല. വിദഗ്ധ ചികിത്സ ലഭിക്കണമെങ്കില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുള്‍പ്പെടെയുള്ളവര്‍ക്ക് മംഗളൂരുവിലേക്ക് പോകണം. കോവിഡ് കാലത്തെ അതിര്‍ത്തി നിയന്ത്രണങ്ങളെത്തുടര്‍ന്ന് 24 കുട്ടികളാണ് മരിച്ചത്. ദയാബായി ആവശ്യപ്പെടുന്നതുപോലെ എയിംസ് സ്ഥാപിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിക്കഴിഞ്ഞു. അപ്പോള്‍ വിദഗ്ധ ചികിത്സയെന്ന കാസര്‍കോടിന്റെ സ്വപ്‌നം യഥാര്‍ഥ്യമാകാതെ ഇനിയും ഏറെക്കാലം അവശേഷിക്കുമെന്ന് ചുരുക്കം.

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ദിനപരിചരണ കേന്ദ്രങ്ങളും പാലിയേറ്റീവ് കെയര്‍ യൂണിറ്റും ആരംഭിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് ആരംഭിക്കുക എന്നിവയാണ് സമരത്തിന്റെ പ്രധാന ആവശ്യങ്ങള്‍. 2017ന് ശേഷം മെഡിക്കല്‍ ക്യാമ്പുകളൊന്നും നടന്നിട്ടില്ല. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ദയാബായിയുടെ ആവശ്യങ്ങള്‍ അവരുടെ പ്രായവും ആരോഗ്യവും പരിഗണിച്ചെങ്കിലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ദുരിതക്കടലില്‍ നീന്തുന്ന ഒരു ജനതയുടെ ശബ്ദമായാണ് അവര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തിയിരിക്കുന്നത്. അവഗണനയുടെ ഇരുമ്പുവാതില്‍ കൊട്ടിയടച്ച് ഇനിയും ആ പാവങ്ങളെ ദ്രോഹിക്കരുത്.

Test User: