X

ആര്‍.എസ്.എസ്സിനെ വിമര്‍ശിക്കരുത്; 15 മാസത്തിനിടെ 13 ഭീഷണിക്കത്തുകള്‍ ലഭിച്ചതായി കന്നട എഴുത്തുകാരന്‍

ബെംഗളൂരു: കഴിഞ്ഞ 15മാസം കൊണ്ട് 13 വധഭീഷണിക്കത്തുകളാണ് തന്റെ പേരില്‍ വന്നതെന്ന് പ്രമുഖ കന്നഡ എഴുത്തുകാരന്‍ കുംവീ എന്ന് അറിയപ്പെടുന്ന കും വീരഭദ്രപ്പ. തനിക്ക് മാത്രമല്ല, ഇടതുചിന്താഗതിക്കാരായിട്ടുള്ള കന്നഡ എഴുത്തുകാരില്‍ പലര്‍ക്കും ഇത്തരത്തില്‍ ഭീഷണിക്കത്തുകള്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഓരോ കത്തിലും പ്രധാനമായും എഴുതിയിട്ടുള്ളത് ആര്‍.എസ്.എസ്സിനെ വിമര്‍ശിക്കരുതെന്നും സവര്‍ക്കറെ എതിര്‍ക്കരുതെന്നുമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷക്കാരെ ന്യായീകരിക്കരുത് എന്നും കത്തിലുണ്ടായിരുന്നു. ഈ ഭീഷണികള്‍ വായിച്ച് കുലുങ്ങുന്നയാളല്ല താനെന്നും അജ്ഞാതനായ ഈ കത്തെഴുത്ത് കൊലയാളി പ്രണയലേഖനങ്ങള്‍ എഴുതുന്നയാളാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്ത് നമുക്കുള്ളത് ഇന്തുത്വമാണ്. ഹിന്ദുത്വം എന്നൊരു സംജ്ഞയില്ല. ഹിന്ദു എന്ന പദം മുന്നോട്ടുവരുന്നത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അര്‍ഥത്തിലും താനൊരു ഹിന്ദുവല്ലെന്നും ദക്ഷിണേന്ത്യയിലെ ദ്രാവിഡന്മാരാരും തന്നെ ഹിന്ദുവല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വധഭീഷണിക്കത്തുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കുംവീക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹിജാബ് നിരോധനം ഉള്‍പ്പെടെയുള്ള മുന്‍സര്‍ക്കാരിന്റെ നയങ്ങളെ ശക്തമായി വിമര്‍ശിച്ചിരുന്ന എഴുത്തുകാരനാണ് കുംവീ. മതേതരത്വത്തിനും ഭരണഘടനയ്ക്കും ഭീഷണിയുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സാഹിത്യ അക്കാദമി പ്രതികരിക്കുന്നില്ലെന്നാരോപിച്ച് അക്കാദമി പുരസ്‌കാരവും അദ്ദേഹം തിരിച്ചുനല്‍കിയിരുന്നു.

webdesk11: