X

‘ പേടിപ്പിക്കേണ്ട’; ലാലീഗ അധികാരികളോട് ഫ്രഞ്ച് ഫസ്റ്റ് ഡിവിഷന്‍ അധികാരികള്‍

പാരീസ്: കിലിയന്‍ എംബാപ്പേയുടെ പേര് പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ലാലീഗ അധികാരികളോട് ഫ്രഞ്ച് ഫസ്റ്റ് ഡിവിഷന്‍ അധികാരികള്‍. എംബാപ്പേയെ നിലനിര്‍ത്താന്‍ വന്‍ പണം മുടക്കിയത് വഴി യൂറോപ്പിലെ ഫുട്‌ബോള്‍ ചട്ടങ്ങള്‍ പി.എസ്.ജി കാറ്റില്‍ പറത്തിയെന്നും ഇതിനെതിരെ കോടതിയില്‍ പോവുമെന്നുമാണ് ദിവസങ്ങള്‍ക്ക് മുമ്പ് ലാലീഗ അധികാരികള്‍ പറഞ്ഞത്. സ്പാനിഷ് സൂപ്പര്‍ ക്ലബായ റയല്‍ മാഡ്രിഡ് നോട്ടമിട്ട താരമായിരുന്നു എംബാപ്പേ. ഏതൊരു സാഹചര്യത്തിലും എംബാപ്പേ റയലില്‍ എത്തുമെന്നായിരുന്നു ഫ്‌ളോറന്റീനോ പെരസും സംഘവും വിശ്വസിച്ചിരുന്നത്.

എന്നാല്‍ വന്‍ പ്രതിഫലം വാഗ്ദാനം ചെയ്ത് പി.എസ്.ജി അടുത്ത മൂന്ന് വര്‍ഷത്തേക്ക് താരത്തെ നിലനിര്‍ത്തുകയായിരുന്നു. ഇതാണ് റയലിനെയും ലാലീഗയെയും ചൊടിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ക്ലബിന്റെ വരുമാനത്തില്‍ 32 ശതമാനത്തിലധികം താരങ്ങള്‍ക്കായി ചെലവഴിച്ചവരാണ് ലാലീഗയെന്ന് ഫ്രഞ്ച് ഡിവിഷന്‍ വണ്‍ മേധാവി വിന്‍സെന്റ്് ലബ്രുനെ പറഞ്ഞു. ഇന്നലെ ലാലീഗ പ്രസിഡണ്ട് ജാവിയര്‍ ടെബസിന് അയച്ച കത്തില്‍ സ്വന്തം വീഴ്ച്ചകള്‍ക്ക് ഫ്രഞ്ച് ലീഗിനെയും പി.എസ്.ജിയെയും എംബാപ്പേയെയും കുറ്റപ്പെടുത്തരുതെന്ന് വിന്‍സെന്റ് പറഞ്ഞു. ലാലീഗയുടെ വീഴ്ച്ചക്ക് ഫ്രഞ്ച് ലീഗിനെ കുറ്റപ്പെടുത്തരുത്. നിങ്ങളുടെ സാമ്പത്തിക വീഴ്ച്ചകള്‍ നിങ്ങള്‍ തന്നെ പരിഹരിക്കുക-വിന്‍സെന്റ് പറഞ്ഞു.

Test User: