X
    Categories: keralaNews

സ്വന്തക്കാര്‍ പേടിക്കേണ്ട

ഫൈസല്‍ മാടായി
കണ്ണൂര്‍

പ്രതിഷേധിക്കുന്നവരുടെ നാവടക്കാന്‍, ഭരണപക്ഷ അനുകൂലികളെയും സ്ഥലം മാറ്റുന്നു. ഇഷ്ടക്കാര്‍ക്ക് സെക്ഷനും ഓഫീസും മാറേണ്ട. മാറ്റം ഇരിപ്പിടങ്ങളില്‍ മാത്രം. സര്‍ക്കാറിനെ പ്രീതിപ്പെടുത്താന്‍ പേരിനൊരു സ്ഥലം മാറ്റം സൃഷ്ടിച്ച് സ്വന്തക്കാരെ ചേര്‍ത്ത് നിര്‍ത്തും വിചിത്ര നടപടിയുമായി കണ്ണൂര്‍ ജില്ലാ ഭരണകൂടം. പൊതുസ്ഥലം മാറ്റം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പാലിക്കാനെന്നോണം ഒരു സെക്ഷനില്‍ തന്നെ അപ്പുറത്തും ഇപ്പുറത്തുമായി മാറ്റിയാണ് ഉത്തരവ് നടപ്പാക്കിയിരിക്കുന്നത്. ഈ രീതിയിലാണ് കണ്ണൂരില്‍ നടപ്പാക്കിയ സ്ഥലംമാറ്റ നടപടികള്‍.

തങ്ങള്‍ക്ക് വിധേയരല്ലാത്തവരെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി പീഡിപ്പിക്കുന്നുവെന്ന പ്രതിഷേധം നിലനില്‍ക്കെയാണ് സ്വന്തക്കാരും ഭരണാനുകൂല യൂണിയനിലെ ജീവനക്കാരെ അതാതിടത്ത് സെക്ഷന്‍ തിരിച്ച് മാറ്റി ഉത്തരവിറങ്ങിയിരിക്കുന്നത്. റവന്യു വിഭാഗത്തില്‍ ജില്ലയിലെ ജീവനക്കാരുടെ സ്ഥലം മാറ്റം ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്ന കലക്ടറേറ്റില്‍ നിന്നുള്ളതാണ് ഈ നടപടി. പൊതു സ്ഥലംമാറ്റം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരു ജീവനക്കാരന്‍ ഒരു സെക്ഷനില്‍ മൂന്ന് വര്‍ഷത്തിലധികവും ഒരേ ഓഫീസില്‍ അഞ്ച് വര്‍ഷത്തിലധികവും തുടരാന്‍ പാടില്ലെന്നാണ് നിയമം. ഈ ഉത്തരവ് നടപ്പാക്കുന്ന് ബോധ്യപ്പെടുത്താന്‍ സെക്ഷനിലും ഓഫീസിലും മാറ്റങ്ങള്‍ വരുത്തുക മാത്രമാണ് കണ്ണൂരില്‍ നടപ്പാക്കിയത്. ഇതുസംബന്ധിച്ച് ഒരു ജീവനക്കാരന്‍ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ ഈ മാസം 10ന് ജില്ലാ കലക്ടര്‍ ഇറക്കിയ ഉത്തരവിലെ വിശദാംശങ്ങളുണ്ട്. 51 പേരുടെ സ്ഥലം മാറ്റം ഉള്‍പ്പെട്ട പട്ടികയുമായാണ് മറുപടി. 10 വര്‍ഷത്തിലധികം ഒരേ ഓഫീസില്‍ ജോലിചെയ്തിട്ടും മറ്റ് ജീവനക്കാരുടെ കണ്ണില്‍ പൊടിയിടുന്ന രീതിയിലാണ് സ്ഥലം മാറ്റം.

ഭരണാനുകൂല യൂണിയനില്‍ പെട്ടവരെയും സ്വന്തക്കാരെയും ജില്ലാ ആസ്ഥാനത്ത് തന്നെ നിലനിര്‍ത്തുന്ന രീതിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എ 3 സെക്ഷനിലെ സീനിയര്‍ ക്ലര്‍ക്കിനെ എഫ് 4 സെക്ഷനിലേക്കും പി 1 ഇലക്ഷന്‍ സെക്ഷനിലുള്ളയാളെ എ 3 സെക്ഷനിലേക്കുമാണ് ഇതുപ്രകാരം മാറ്റിയത്. 35ഓളം പേരെ കലക്ടറേറ്റിലെ വിവിധ സെക്ഷനുകളില്‍ നിലനിര്‍ത്തിയാണ് സ്ഥലംമാറ്റം. പയ്യന്നൂര്‍, തൃപ്പങ്ങോട്ടൂര്‍, കൂത്തുപറമ്പ്, ഇരിട്ടി, തലശ്ശേരി എന്നിവയാണ് പട്ടികയില്‍ ഇടംനേടിയ മറ്റ് സ്ഥലം മാറ്റങ്ങള്‍. ഇതില്‍ ‘ഭരണാകൂല താല്‍പര്യങ്ങളാണ് നടപ്പാക്കിയതെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. ഭരണതാല്‍പര്യത്തിന് വിധേയമാകാത്തവരെ ദൂരസ്ഥലങ്ങളിലേക്ക് പീഡിപ്പിക്കുന്നതിനിടെയാണ് സ്വന്തക്കാരെ സംരക്ഷിച്ച് സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കിയത്. ഇടത് ഭരണത്തില്‍ മറ്റ് ജില്ലകളിലും സ്വന്തക്കാര്‍ക്ക് അനുകൂലമായ നിയമനങ്ങളും നിര്‍ത്തലും സ്ഥലം മാറ്റവും നടക്കുന്നതെന്ന് തെളിയിക്കുന്നതാണ് കണ്ണൂരില്‍ നടപ്പാക്കിയിരിക്കുന്നത്.

Chandrika Web: