X

തര്‍ക്കിക്കരുത്, നേരിനു വേണ്ടിയാണെങ്കില്‍ പോലും- ടി.എച്ച് ദാരിമി

ടി.എച്ച് ദാരിമി

അബൂ ഉമാമ അല്‍ ബാഹിലി(റ)യില്‍ നിന്ന് ഇമാം അബൂദാവൂദ് ഉദ്ധരിക്കുന്ന ഹദീസില്‍ നബി(സ) ഗൗരവ ഭാഷ്യത്തില്‍ മൂന്ന് ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്. ഓരോന്നും പാലിക്കുന്നവര്‍ക്ക് അചിന്തനീയമായ ഓരോ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്താണ് നബി അത് പറയുന്നത്. നബി(സ) പറഞ്ഞു: സത്യത്തിനു വേണ്ടിയാണെങ്കില്‍പോലും തര്‍ക്കത്തെ ഉപേക്ഷിക്കുന്നവര്‍ക്ക് സ്വര്‍ഗത്തിന്റെ താഴ്‌വാരത്ത് ഒരു വീട് തരാം എന്ന് ഞാന്‍ വാക്കുതരുന്നു (അബൂദാവൂദ്). ആവശ്യമില്ലാത്ത തര്‍ക്കവിതര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും അതുവഴി സാമൂഹ്യബന്ധങ്ങളെ വഷളാക്കുകയും ചെയ്യുന്നതിനെയാണ് നബി തിരുമേനി ഇവിടെ താക്കീതു ചെയ്യുന്നത്. പരസ്പര സാഹോദര്യത്തില്‍ സന്തോഷത്തോടെ കഴിയുന്ന ഒരു ജനതയെയാണ് ഇസ്‌ലാം സ്വപ്‌നം കാണുന്നത്. മനുഷ്യര്‍ സാമൂഹ്യ ജീവികള്‍ എന്ന നിലക്ക് പരസ്പരം ബന്ധിതരായി ജീവിക്കുമ്പോള്‍ അത് നിഷ്‌കളങ്കവും ആത്മാര്‍ഥവുമാകാന്‍ അവര്‍ തമ്മില്‍ മാനസികമായി ബന്ധിതരായിരിക്കേണ്ടതുണ്ട്. അതിനുള്ള വഴിയാണ് ഇസ്‌ലാം പഠിപ്പിക്കുന്ന സാമൂഹ്യ പാഠങ്ങളെല്ലാം. ഈ സൗഹൃദത്തിന് വിഘാതമാണ് ആവശ്യമില്ലാത്ത തര്‍ക്കങ്ങള്‍. അത് ഹൃദയങ്ങളെ പരസ്പരം അകറ്റും എന്നു മാത്രമല്ല ശത്രുതയും പകയുമെല്ലാം ഉണ്ടാക്കുകയും ചെയ്യും.

ഈ ഉപദേശത്തിന് പുതിയ കാലത്ത് പ്രസക്തി വര്‍ധിച്ചിരിക്കുന്നു. അതിന് പല കാരണങ്ങളുമുണ്ട്. അവയിലൊന്ന് സ്വന്തം താല്‍പര്യങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍ തുടങ്ങിയവയോടുള്ള സ്വാര്‍ഥ വികാരമാണ്. വികസിക്കുന്ന ലോകത്തില്‍നിന്നും തനിക്കു വേണ്ടത് ഏതുവിധേനയും വെട്ടിപ്പിടിക്കാന്‍ വെമ്പുന്ന മനുഷ്യന്‍ കയ്യില്‍ കിട്ടിയതിനെ സംരക്ഷിക്കാനും ഏറ്റവും ഉദാത്തമായി അവതരിപ്പിക്കാനും ഏതറ്റം വരെയും പോകാന്‍ തയ്യാറാണിന്ന്. അതിന് അവന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇപ്പോള്‍ ബലപ്രയോഗത്തിന്റെ ശൈലിയാണ്. മറ്റൊന്ന് മനുഷ്യര്‍ ചെറിയ വ്യത്യാസത്തില്‍ പക്ഷങ്ങളായി പിരിയുകയും കക്ഷികളായി വേറിട്ടുനില്‍ക്കുകയും ചെയ്യുന്നു എന്നതാണ്. കേന്ദ്ര ആശയത്തിനുള്ളില്‍ തന്നെ പാര്‍ട്ടികളും ഗ്രൂപ്പുകളും ചിന്താധാരകളും രൂപപ്പെടുന്നത് ഇങ്ങനെയാണ്. ചെറിയ വ്യത്യാസത്തില്‍ വേറിട്ടുനില്‍ക്കുമ്പോള്‍ ഓരോ കക്ഷിക്കും തന്റെ പക്ഷത്തെ ന്യായീകരിക്കാന്‍ ഏറെ സംസാരിക്കേണ്ടി വരുന്നു. അവിടെയും ബലപ്രയോഗം വേണ്ടിവരുന്നതിനാല്‍ ആ സംസാരത്തിന്റെ ധ്വനിയും തര്‍ക്കത്തിന്റേതായിരിക്കും. മറ്റൊന്ന് സമൂഹത്തില്‍ നിന്ന് സഹിഷ്ണുത അതിവേഗം മങ്ങുന്നു എന്നതാണ്. മറ്റുള്ളവരുടെ മനസ്സിനെ പരിഗണിക്കുകയാണ് സഹിഷ്ണുത. ഇതിനെല്ലാം ഒപ്പം ചാനല്‍ ചര്‍ച്ചകളും വിശദീകരണ യോഗങ്ങളും എല്ലാം വെറും തര്‍ക്കങ്ങളായി മാറുകകൂടി ചെയ്തതോടെ തര്‍ക്കം ഒരു കലയായിമാറുകയും ചെയ്തിരിക്കുന്നു.

മനുഷ്യന്റെ നാവും മനസും തമ്മില്‍ പരസ്പര ബന്ധിതവും നിയന്ത്രിതവുമായ ഒരു ബന്ധം ഉണ്ടായിരിക്കേണ്ടതുണ്ട്. മനസിന്റെ ആശയത്തെ പ്രഘോഷണം ചെയ്യുകയാണ് നാവിന്റെ കര്‍മം. ഇവിടെ നിയന്ത്രണം, പക്വത, ഔചിത്യം തുടങ്ങിയവ ശ്രദ്ധിക്കേണ്ടത് മനസാണ്. കാരണം മനസാണ് മനുഷ്യന്റെ വാക്കുകളടക്കം ചലനങ്ങളെയും നാവടക്കം അംഗങ്ങളെയും നിയന്ത്രിക്കേണ്ടത്. അതിനാല്‍ ഇസ്‌ലാം ശ്രമിക്കുന്നത് മനസിനെ നിയന്ത്രിക്കാനാണ്. ഖുര്‍ആന്‍ പറയുന്നു: ആത്മാവിനെ ശുദ്ധീകരിച്ചവന്‍ വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നു; അതിനെ മലിനീകരിച്ചവന്‍ നിശ്ചയം പരാജിതനായിരിക്കുന്നു (99: 9,10). മനസ് സാഹചര്യങ്ങളെ നിയന്ത്രിതമാക്കുന്നത് ചിന്ത കൊണ്ടാണ്. എന്ത് ചെയ്യുമ്പോഴും അതിന്റെ വരും വരായ്കകളെ കുറിച്ച് ആലോചിച്ച് തീരുമാനത്തിലെത്തി മാത്രം ചെയ്യുകയാണ് എങ്കില്‍ ഒരു സ്ഖലിതവും സംഭവിക്കില്ല. ഈ പ്രക്രിയ ഇല്ല എന്നതുകൊണ്ടാണ് തര്‍ക്കത്തെ ദുര്‍ഗുണമായി കാണുന്നത്. അതിനാല്‍ മനുഷ്യനിലെ മാന്യത, പ്രബുദ്ധത, സഹിഷ്ണുത തുടങ്ങിയ നന്മകള്‍ നശിപ്പിക്കുന്ന ദുര്‍ഗുണമാണ് തര്‍ക്കവും വാഗ്വാദശീലവും. ‘മിറാഅ്’ അഥവാ തര്‍ക്കത്തിന് ഇമാം ഗസാലി (റ) നല്‍കിയ നിര്‍വചനം: ‘അപരന്റെ വാക്കുകളിലെ അക്ഷരത്തിലെയും ആശയത്തിലെയും വിവക്ഷയിലെയും വൈകല്യങ്ങള്‍ എടുത്തിട്ട് എതിര്‍ക്കുകയും വിയോജിക്കുകയും ചെയ്യുന്ന ശീലം’ എന്നാണ്. ‘അപരന്റെ സംസാരത്തിലെ കുറവുകള്‍ കണ്ടെത്തി, അയാളില്‍ അജ്ഞതയും കഴിവുകേടും ആരോപിച്ച് കൊച്ചാക്കാനും അയാളെ തറപറ്റിക്കാനും മുട്ടുകുത്തിക്കാനും ശ്രമിക്കുന്നതോടെ പ്രതിയോഗിയുടെ സമനില തെറ്റുന്നു. അതോടെ ശത്രുതയും അകല്‍ച്ചയും തുടങ്ങുന്നു.

ഇതേ ആശയം വ്യക്തമാക്കുന്ന ധാരാളം ഹദീസുകള്‍ ഉണ്ട്. നബി(സ) പറയുന്നു: സന്മാര്‍ഗപ്രാപ്തിക്ക് ശേഷവും ദുര്‍മാര്‍ഗത്തിലേക്ക് വ്യതിചലിച്ചുപോകുന്നത് തര്‍ക്കവാഗ്വാദങ്ങളാലാണ് (അഹ്മദ്). മറ്റൊരു തിരുവചനത്തില്‍ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളവരാണ് കുതര്‍ക്കികളും ദുശാഠ്യക്കാരും (അഹ്മദ്) എന്ന് പറയുന്നതു കാണാം. വിശുദ്ധ ഖുര്‍ആന്‍ ഈ തര്‍ക്കത്തിന് ഉപയോഗിക്കുന്ന വാക്ക് ജിദാല്‍ എന്നാണ്. ഇരുപതിലധികം തവണ വിശുദ്ധ ഖുര്‍ആന്‍ തര്‍ക്കത്തെ അനിഷ്ടകരമായി പറയുന്നുണ്ട്. വേദക്കാരോടുള്ള ആശയ തര്‍ക്കത്തെ കുറിച്ച് അല്ലാഹു പറയുന്നു: ‘ഏറ്റവും നല്ല രീതിയിലല്ലാതെ വേദക്കാരോട് സംവദിക്കരുത്’. ‘സത്യത്തെ നിഷേധിച്ചവരല്ലാതെ അല്ലാഹുവിന്റെ സൂക്തങ്ങളില്‍ തര്‍ക്കിക്കുന്നില്ല, ഓരോ ജനവും അവരുടെ ദൈവദൂതനെ ആക്രമിക്കാനൊരുമ്പെട്ടിട്ടുണ്ട്. അവരൊക്കെയും മിഥ്യയുടെ തര്‍ക്കങ്ങള്‍ കൊണ്ട് സത്യത്തെ തോല്‍പിക്കാന്‍ ശ്രമിച്ചു’ (ഗാഫിര്‍ 4,5). ‘ജ്ഞാനമോ മാര്‍ഗദര്‍ശനമോ വെളിച്ചം നല്‍കുന്ന വേദമോ ഇല്ലാതെ, അല്ലാഹുവിനെക്കുറിച്ച് തര്‍ക്കിക്കുന്ന ചിലയാളുകളുണ്ട്’ (അല്‍ ഹജ്ജ് 8), ‘ഹജ്ജ്‌വേളയില്‍ സ്ത്രീസംസര്‍ഗവും പാപവൃത്തികളും വാക്കേറ്റങ്ങളും പാടില്ല’ (അല്‍ബഖറ 197). തുടങ്ങിയ സൂക്തങ്ങള്‍ ഇതിന്റെ ഉദാഹരണങ്ങളാണ്. ഇസ്‌ലാമികാധ്യപനത്തില്‍ ഏറ്റവും ഊന്നല്‍ നല്‍കുന്ന ഒന്നാണ് ഗുണകാംക്ഷ. ഒരാളുടെ സംസാരവും സമീപനവും ഗുണകാംക്ഷയുടെ പരിധി ലംഘിക്കുമ്പോഴാണ് സംസാരം തര്‍ക്കത്തിലേക്ക് കടക്കുന്നത്. അപരനെ അംഗീകരിക്കുകയും വിശ്വാസത്തിലെടുക്കുകയും ചെയ്യാതിരിക്കുമ്പോഴാണ് സാധാരണ സംസാരം പോലും തര്‍ക്കത്തിലേക്ക് വഴിമാറുന്നത്. തോല്‍വി സമ്മതിക്കാനുള്ള വൈമുഖ്യവും തര്‍ക്കത്തിന് ഹേതുവാകാറുണ്ട്.

എന്നാല്‍ ഈ പറഞ്ഞതിന് എല്ലാവരുടെയും വര്‍ത്തമാനങ്ങളെയും സംസാരങ്ങളെയും അതിന്റെ വഴിക്ക്‌വിട്ട് മാറിനില്‍ക്കുക എന്ന് അര്‍ഥമില്ല. അങ്ങനെ വരുമ്പോള്‍ സമൂഹം നിര്‍ജ്ജീവമാകും. ആദര്‍ശം, മതം, കഴ്ചപ്പാടുകള്‍ തുടങ്ങിയവയെല്ലാം നിരര്‍ഥകങ്ങളാകും. സോദ്ദേശപരമല്ലാത്ത തര്‍ക്കങ്ങളെയാണ് പറഞ്ഞതെല്ലാം. അത് എന്ത്‌കൊണ്ട് അപകടകാരിയാകുന്നു എന്നു നാം വിവരിക്കുകയും ചെയ്തു. ഈ അപകടമൊന്നുമില്ലാത്ത സംസാരങ്ങളെ മതം വിലക്കുന്നില്ല. അഥവാ സോദ്ദേശപരവും സഹിഷ്ണുതാപരവുമായ സംസാരങ്ങള്‍ വേണ്ടതാണ്. അത്പക്ഷേ, അപ്പോള്‍ തര്‍ക്കം എന്നല്ല, സംവാദം എന്നാണ് വ്യവഹരിക്കപ്പെടുക. നന്മ ലക്ഷ്യം വെച്ചുള്ള സംവാദങ്ങള്‍ ഖുര്‍ആന്‍ അനുവദിക്കുക മാത്രമല്ല, പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നതു കാണാം. മതപ്രബോധനത്തിനുവേണ്ടി മൂന്നു വഴികള്‍ അല്ലാഹു നിര്‍ദ്ദേശിക്കുന്നതില്‍ ഒന്നു തന്നെ സംവാദമാണ്. അല്ലാഹു പറയുന്നു: നീ നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് യുക്തി, സദുപദേശം എന്നീ രീതികളിലൂടെ പ്രബോധനം ചെയ്യുക. ഏറ്റവും നല്ല ശൈലിയില്‍ അവരുമായി സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്യുക (അന്നഹല്‍: 25). ഈ ആയത്തില്‍ ഏറ്റവും നല്ല ശൈലിയില്‍ എന്നു പറഞ്ഞതോടെ തര്‍ക്കം സംവാദമായിമാറുന്നു. ഇത് സ്വാഭാവിക ക്ഷണമാണ്. എന്നാല്‍ പ്രതിയോഗിയോട് ആശയ സംവാദം നടത്തുമ്പോഴും ഈ ശൈലിയിലായിരിക്കണം എന്നാണ്. അല്ലാഹു പറയുന്നു: ‘വേദഗ്രന്ഥം നല്‍കപ്പെട്ടവരോട് ഏറ്റവും മികച്ച രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്’ (അല്‍അന്‍കബൂത്ത്: 46).അല്ലാഹുവിനെക്കുറിച്ച ബോധത്തിന്റെയും തഖ്‌വയുടെയും അഭാവമാണ് ശരിക്കും മനുഷ്യനെ താര്‍ക്കികനാക്കിത്തീര്‍ക്കുന്നത്. ഇവ ഇല്ലാതാകുന്നതോടെ ഹൃദയത്തില്‍ പിശാച് കുടിയേറുകയും അവന്റെ ലോകത്തേക്ക് അനാവശ്യമായ തര്‍ക്കങ്ങളുടെയും വാഗ്വാദങ്ങളുടെയും മനുഷ്യരെ അവര്‍ പോലും അറിയാതെ തെളിച്ചുകൊണ്ടുപോവുകയും ചെയ്യും.

 

Test User: