ന്യൂഡല്‍ഹി: ബിനാമി പേരില്‍ അനധികൃതമായി സ്വത്തുസമ്പാദിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്ന കേസില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഡല്‍ഹിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ശിവകുമാറിന് ഇ.ഡി സമന്‍സ് അയച്ചിരുന്നെങ്കിലും ഇതിനെ ചോദ്യം ചെയ്ത് ശിവകുമാര്‍ കോടതിയെ സമീപിച്ചു. എന്നാല്‍ കോടതി ശിവകുമാറിന്റെ ഹര്‍ജി തള്ളിയതോടെ അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാവുകയായിരുന്നു.
അതേസമയം, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്നെ ബി.ജെ.പി ഭയക്കുന്നത് കൊണ്ടാണ് ഇത്തരം കേസുകള്‍ ഉണ്ടാകുന്നതെന്നും ശിവകുമാര്‍ പ്രതികരിച്ചു. ഞാന്‍ ആരെയെങ്കിലും പീഡിപ്പിക്കുകയോ പണം തട്ടിയെടുക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ എനിക്ക് ആരെയും ഭയവുമില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണം. ബിനാമി പേരിലെ സ്വത്തുക്കളെന്ന പേരില്‍ എന്റെ 84 വയസുള്ള അമ്മയുടെ ഉടമസ്ഥതയിലുള്ളതെല്ലാം വിവിധ അന്വേഷണ ഏജന്‍സികള്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ഇ.ഡിയുടെ ഡല്‍ഹി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ഇന്നലെ രാത്രി 9.40നാണ് എനിക്ക് ലഭിക്കുന്നത്.
ഇത്രയും തിടുക്കത്തിലുള്ള ഇ.ഡിയുടെ നീക്കം സംശയാസ്പദമാണ്. എന്നാല്‍ നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണെന്ന് വിശ്വസിക്കുന്ന താന്‍ കേസിലെ നടപടിക്രമങ്ങളുമായി സഹകരിക്കുമെന്നും ശിവകുമാര്‍ വ്യക്തമാക്കി. ഇ.ഡിയുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.2017ല്‍ ശിവകുമാറിന്റെ കര്‍ണാടകയിലെ വസതിയില്‍ റെയ്ഡ് നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണക്കില്‍ പെടാത്ത സ്വത്തുക്കള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നികുതി വെട്ടിപ്പ് നടത്തി, ബിനാമി പേരില്‍ സ്വത്ത് സമ്പാദിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ സെപ്തംബറില്‍ ശിവകുമാറിനെതിരെ ഇ.ഡി കേസെടുത്തു.